തേഞ്ഞിപ്പലം : വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിലെത്തിയ ആൾ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് 2 ലക്ഷം രൂപയുടെ വയറിങ്, പ്ലമിങ് സാമഗ്രികൾ കവർന്നു. മേലേ ചേളാരിയിലെ ഡിഎംഎസ് ആശുപത്രി വളപ്പിലെ പണിനടക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് ആണ് സംഭവം. സ്കൂട്ടറിലെ നമ്പർ ഒരു കാറിന്റേതാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതേ പ്രതി മറ്റൊരിടത്തെ ക്ലിനിക്കിൽനിന്ന് വയറിങ് സാധനങ്ങൾ കവർന്ന് മടങ്ങുന്ന ദൃശ്യവും പൊലീസിനു ലഭിച്ചു.കോപ്പർ എർത്ത് സ്ട്രിപ് ആണ് പ്രധാനമായും കൊണ്ടുപോയത്. കേബിൾ, ടാപ്, പൈപ്പ് എന്നിവയും കവർന്നു. കെട്ടിടത്തിലെ വയറിങ്, പ്ലമിങ് കരാർ എടുത്ത നെഫ്‌സാൻ എൻജിനീയറിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടേതാണ് മോഷണം പോയ വസ്തുക്കൾ. മോഷ്ടാവ് എത്തുമ്പോൾ സ്ഥലത്ത് 2 തൊഴിലാളികൾ ഉണ്ടായിരുന്നു. കമ്പനി ജീവനക്കാരനാണെന്ന രീതിയിൽ സംസാരിച്ച മോഷ്ടാവ് തൊട്ടടുത്ത പണിസ്ഥലത്തേക്ക് സാധനങ്ങൾ വേണമെന്ന് അറിയിച്ചാണ് സാധനങ്ങൾ ചാക്കിൽ നിറച്ചത്. ചാക്കുകെട്ട് കെട്ടിടത്തിനു താഴെ എത്തിച്ച് സ്കൂട്ടറിൽ കയറ്റുന്നതു കണ്ടപ്പോൾ തൊഴിലാളികൾക്ക് സംശയം തോന്നി ചോദ്യംചെയ്തെങ്കിലും മോഷ്ടാവ് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. ആശുപത്രി പിആർ‍ഒ എം.കെ.അബ്ദുൽ ഖാദറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 6 മാസത്തിനിടെ ആശുപത്രി വളപ്പിൽനിന്ന് മൂന്നിലേറെ തവണ വയറിങ് സാമഗ്രികളും മറ്റും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരാറുകാർ പറ‍ഞ്ഞു.

Author

Comments are closed.