മലപ്പുറം: വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വരവും വ്യാപകം. വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാതെ വരുന്നു. പാം കർനൽ ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവേ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.
ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വില്പന തടയുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ നാളികേര’യുടെ ഭാഗമായി 27 സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളുടെ ഫലം ഒരാഴ്ചയ്ക്കകം എത്തും. കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നത്. അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് നിലവിൽ 270 രൂപയാണ് ചില്ലറ വില. സെപ്തംബർ, നവംബർ ആദ്യവാരങ്ങളിൽ വില യഥാക്രമം 180, 223 എന്നിങ്ങനെയായിരുന്നു. നിലവിൽ ഒരു കിലോ കൊപ്രയുടെ വില 163 ആണ്. രാജാപ്പൂർ, ഉണ്ട വിഭാഗത്തിൽപ്പെടുന്ന കൊപ്രയുടെ വില യഥാക്രമം 140, 145 എന്നിങ്ങനെയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിച്ചതോടെ കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാലും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്.
വ്യാജന്മാരെ കണ്ടെത്താൻ
ചില്ല് ഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറ വ്യത്യാസവും ഉണ്ടാവുകയുമില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും. വ്യാജ വെളിച്ചെണ്ണയാണെന്ന് ഫലം വന്നാൽ തിരൂർ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യാം.