മലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ നാല് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനായി ജില്ലയിൽ അരക്കോടിയോളം രൂപ ചെലവിട്ട് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നു. ഒരു ചാർജിംഗ് സ്റ്റേഷന് 10 ലക്ഷം രൂപയോളമാണ് ചെലവ്. മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിനോട് ചേർന്നും തിരൂർ മിനി സിവിൽ സ്‌റ്റേഷനിലുമായി രണ്ട് ചാർജിംഗ് സ്‌റ്റേഷനുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കി. വൈദ്യുത കണക്ഷൻ കൂടി ലഭ്യമാക്കി അടുത്ത മാസത്തോടെ പ്രവർത്തനമാരംഭിക്കും.
പൊന്നാനി, നിലമ്പൂർ ആർ.ടി.ഒ ഓഫീസുകൾക്ക് സമീപത്തും ചാർജിംഗ് സ്റ്റേഷൻ നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികളിലാണ്. സ്ഥലസൗകര്യം ലഭ്യമാകുന്ന പക്ഷം ജില്ലയിലെ മറ്റ് ആർ.ടി.ഒ ഓഫീസുകൾക്ക് സമീപവും ചാർജിംഗ് സ്റ്റേഷൻ ഒരുക്കാൻ ലക്ഷ്യമിടുന്നുണ്ട്.
കൂടുതൽ ദൂരം ഓടേണ്ടി വരുന്നതിനാൽ എൻഫോഴ്സ്‌മെന്റ് വിംഗിന് പ്രയാസരഹിതമായി ചാർജ് ചെയ്യുന്നതിനാണ് പ്രത്യേകം ചാർജിംഗ് സ്റ്റേഷൻ ഒരുക്കുന്നതെന്നാണ് വാദം. ഒരേ സമയം ഒരു ഇലക്ട്രിക്ക് വാഹനം മാത്രം ചാർജ് ചെയ്യാൻ സാധിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 10 ലക്ഷത്തോളം രൂപ മോട്ടോർ വാഹന വകുപ്പിന്റെ ഫണ്ടിൽ നിന്നും വകയിരുത്തിയാണ് 30 കിലോവാട്ടിലുള്ള ചാർജിംഗ് സ്‌റ്റേഷനുകൾ ജില്ലയിൽ നിർമ്മിക്കുന്നത്. പൊതുജനങ്ങൾക്ക് ചാർജിംഗിന് അനുവാദമില്ല.
ജില്ലയിൽ കെ.എസ്.ഇ.ബിക്കും അനെർട്ടിനും പുറമേ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളും പലയിടങ്ങളിലും ഉണ്ടെന്നിരിക്കെയാണ് വൻതുക ചിലവഴിച്ച് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതെന്നാണ് ആക്ഷേപം. ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കാനാണ് അനെർട്ടിന്റെ നീക്കം. ചാർജിംഗ് സ്റ്റേഷനുകൾക്ക് അനുയോജ്യമായ സർക്കാർ ഭൂമികൾ ലഭ്യമാണോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രധാന റോഡുകൾക്ക് സമീപമുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്.
Comments are closed.