മലപ്പുറം: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപക തസ്തികാ നിർണ്ണയ നടപടികൾ ഈ മാസം പൂർത്തിയാവും. പി.എസ്.സി ലിസ്റ്റിലുള്ളവർക്ക് ലഭിക്കുന്ന ഒഴിവുകളിൽ ഭൂരിഭാഗവും തസ്തികാ നിർണ്ണയം മുഖേന ലഭിക്കുന്നതാണ്. ഈ വർഷം ഡിവിഷൽ ഫാൾ മൂലം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അദ്ധ്യാപക തസ്തിക നഷ്ടപ്പെട്ടത് മലപ്പുറത്തായതിനാൽ എൽ.പി.എസ്.എ, യു.പി.എസ്.എ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. 2024- 25 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക്പ്രകാരം കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് എൽ.പി വിഭാഗത്തിൽ 66ഉം യു.പി വിഭാഗത്തിൽ 37ഉം അടക്കം ആകെ 103 തസ്തികകൾ നഷ്ടമായിട്ടുണ്ട്. ഇതോടെ വിരമിക്കൽ വഴിയുള്ള ഒഴിവുകളിൽ തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ നിയമിച്ച ശേഷമാവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. ഫലത്തിൽ പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളുടെ എണ്ണം തീർത്തും കുറയും.
കകുട്ടികളുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടി തസ്തികകൾ അതിവേഗത്തിൽ വെട്ടിച്ചുരുക്കുന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതർ കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക തസ്തികകൾ അനുവദിക്കാൻ തയ്യാറാവാത്തത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാണ്. 35 കുട്ടികളാണ് ഓരോ ക്ലാസിലും ഉണ്ടാവേണ്ടത് എന്നാണ് നിയമം. അതേസമയം ജില്ലയിലെ പല സ്‌കൂളുകളിലും ഒരു ക്ലാസിൽ തന്നെ 60ന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ജോലിഭാരത്തിനൊപ്പം കുട്ടികളുടെ പഠന നിലവാരം വേണ്ടത്ര ശ്രദ്ധിക്കാനും കഴിയില്ല. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക തസ്തിക അനുവദിച്ചാൽ മാത്രമേ ഡിവിഷൻ ഫാൾ മൂലം നഷ്ടപ്പെടുന്ന തസ്തികകൾ നിലനിറുത്താൻ സാധിക്കൂ. സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി സർക്കാർ ഇതിനോട് മുഖം തിരിച്ചുനിൽക്കാറാണ് പതിവ്. അധിക തസ്തികകളുടെ പ്രപ്പോസൽ ഡി.ഡി.ഇയ്ക്ക് പരിശോധനയക്കായി കൈമാറിയിട്ടുണ്ട് എന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
Comments are closed.