Author

admin

Browsing

റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. നേരത്തെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില കുറയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഈ വന്‍ വിലക്കയറ്റത്തോടെ പവന്‍ വില 59000 കടന്നും മുന്നേറുമെന്ന പ്രതീക്ഷയാണ് കാണിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

കുനിയിൽ: കുനിയിൽ അൽ അൻവാർ സ്കൂളിൽ2025 ൽ യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ അഷ്റഫ് മോളയിൽ ക്ലാസ്സ് എടുത്തു. പിടിഎ പ്രസിഡണ്ട് അസൈൻ വി.പി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ കെ. മുഹമ്മദലി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. യൂസുഫ്, കൺവീനർമാരായ ഫഹ്‌മിന, നഫ്ലത്ത് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ മുസ്തഫ കെ.കെ, ഷബീർ പി.ടി, ഹമീദലി എൻ.ടി, ഹനീൻ കെ, ഷിഫ കെ.ടി, ഹസനത്ത് സി.ടി, എന്നിവർ നേതൃത്വം നൽകി.

മലപ്പുറം: കനത്ത മഴയിൽ കർണാടകയിലും തമിഴ്‌നാട്ടിലും വ്യാപകമായി കൃഷി നശിച്ചതോടെ ജില്ലയിൽ പച്ചക്കറി വില ഉയരുന്നു. ഒരാഴ്ചക്കിടെ ചില പച്ചക്കറികൾക്ക് വില ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. നാടൻ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതിനാൽ വില വർദ്ധനവ് പിടിച്ചുനിറുത്താനാവുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം തക്കാളി വിലയിൽ കാര്യമായ വർദ്ധനവുണ്ടായി. കിലോയ്ക്ക് 50- 55 രൂപ നൽകണം. ഗുണ്ടൽപേട്ട, മൈസൂരു, ബംഗളൂരു, ഒട്ടംഛത്രം, മേട്ടുപാളയം, ഊട്ടി, വേലത്താവളം എന്നീ മൊത്ത വിതരണ മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്.

ഇതിൽ തന്നെ ഗുണ്ടൽപ്പേട്ട മാർക്കറ്റിൽ നിന്നാണ് കൂടുതലും. തക്കാളിയുടെ വരവും ഗുണ്ടൽപ്പേട്ടിൽ നിന്നാണ്. തുടർച്ചയായി പെയ്ത മഴയിൽ വിളവിന് പാകമായ തക്കാളി നശിച്ചതാണ് വില വർദ്ധനവിന് കാരണം. നാടുകാണി ചുരം വഴി ദിനംപ്രതിയുള്ള പച്ചക്കറി വരവിൽ 50ൽ അധികം ലോഡിന്റെ കുറവ് ഉണ്ടെന്ന് പച്ചക്കറി മൊത്തക്കച്ചടക്കാർ പറയുന്നു. വെളുത്തുള്ളി വില വീണ്ടും 300 കടന്നിട്ടുണ്ട്. ഗുണമേന്മ അനുസരിച്ച് കിലോയ്ക്ക് 340 മുതൽ 380 രൂപ വരെയാണ് വില.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളില്‍ മഴ കനത്തേക്കും.

മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള , ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.

ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് നാളെ വരെ തെക്കന്‍ കേരളത്തില്‍ അനുകൂലമായി തുടരാന്‍ സാധ്യതയുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയും തെക്കു പടിഞ്ഞാറന്‍ അറബിക്കടലിനും തെക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചക്രവാത ചുഴിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.

ടഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ബോംബ് വർഷം നടത്തി ഇസ്രായേൽ. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം നാലുമണിയോടെയാണ് വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ യുദ്ധവിമാനങ്ങളെത്തി ബോംബ് വർഷം നടത്തിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുള്ള ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ടെഹ്റാൻ ഇസ്രായേൽ തലസ്ഥാനമായ ടെൽഅവീവിലേക്ക് മിസൈലുകൾ അയച്ച് പ്രതികരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് ഇറാനിൽ ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. സംഭവത്തിൽ ഇറാൻ ഭരണകൂടമോ ഇസ്ലാമിക് റവലൂഷനറി ഗാർഡോ പ്രതികരിച്ചിട്ടില്ല.

 

പാലക്കാട് ഡിഎംകെയിലും പിളർപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു. പി വി അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്നാണ് നടപടി. പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ബി ഷമീർ മത്സരിക്കും. തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി ഷമീര്‍ പറഞ്ഞു.

അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു. തന്നെ അറിയില്ലെന്ന് അൻവറിന് പറയാൻ കഴിയില്ല. അൻവറിന്‍റെ കൺവെൻഷനിൽ നന്ദി പറഞ്ഞത് താനാണ്. പാർട്ടി രൂപീകരിച്ചത് മുതൽ ജില്ലാ ഭാരവാഹിയാണ്.

അതേസമയം, ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അൻവര്‍ പറഞ്ഞു.പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ പി വി അൻവര്‍, മുൻ ഇടത് എം എൽ എ കാരാട്ടും റസാഖുമായി കൂടിക്കാഴ്ച നടത്തി.

മലപ്പുറം: ഗതാഗത നിയമലംഘനത്തിന് ഒരു വർഷത്തിനിടെ ജില്ലയില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴയിട്ടത് 44 കോടി കോടി രൂപ. 2023 ഒക്ടോബർ മുതല്‍ 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 5,13,464 കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നാലാമത് മലപ്പുറം ജില്ലയാണ്.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസും പിഴകളുമുള്ളത്. 11.21 ലക്ഷം കേസുകളിലായി 88.69 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 6.28 ലക്ഷം കേസുകളുണ്ട്. 56.54 കോടി രൂപയാണ് പിഴ. കോഴിക്കോടാണ് മൂന്നാമത്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, അമിത വേഗത എന്നീ കേസുകളാണ് മലപ്പുറത്ത് കൂടുതലും. നല്ലൊരു പങ്കും ക്യാമറകളില്‍ പതിഞ്ഞ നിയമ ലംഘനങ്ങളാണ്. പിഴ തുക സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ വഴിയാണ് ലഭിക്കുക.

മരണം കുറയുന്നു

പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധന ശക്തമാക്കിയത് റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കാനായിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് വരെ 1,761 അപകടങ്ങള്‍ ഉണ്ടായപ്പോള്‍ 152 പേരാണ് മരിച്ചത്. 1,966 പേർക്കാണ് പരിക്കേറ്റത്. അപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്നവരില്‍ നല്ലൊരു പങ്കും യുവാക്കളാണ്. വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വേണം കൂടുതല്‍ ജീവനക്കാർ

നിരത്തുകളിലെ പരിശോധന വർദ്ധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഏഴ് താലൂക്കുകളിലേക്കായി ആറ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ അനുവദിച്ചിട്ടുണ്ടെങ്കിലും ആകെയുള്ളത് നാല് വാഹനങ്ങളാണ്. ഒരു സ്ക്വാഡില്‍ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐമാരും വേണം. ജീവനക്കാരുടെ കുറവ് മൂലം ഒരു എം.വി.ഐയും എ.എം.വി.ഐയുമുള്ള സ്ക്വാഡുകളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്.

കീഴുപറമ്പ് : കീഴുപറമ്പ് പഞ്ചായത്ത് പത്തനാപുരം പള്ളിപ്പടി 16ാ വാർഡ് യുഡിഎഫ് കൺവെൻഷൻ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചെയർമാൻ കെ.സി.എ ശുക്കൂർ ഉദ്ഘാടനം ചെയ്തു. വാർഡ് യുഡിഎഫ് ചെയർമാൻ എംപി അബ്ദുറഹിമാൻ അധ്യക്ഷനായി
കാവനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുജീബ് ഇ.പി, ഇകെ മായൻമാസ്റ്റർ, വിടി ഉസ്മാൻഹാജി, അമൻ കെ, ടി.മുഹമ്മദലി മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വാർഡ് യുഡിഎഫ് കൺവീനർ എംപി ശരീഫ് സ്വാഗതവും മുസ്ലിം ലീഗ് വാർഡ് സെക്രട്ടറി എൻവി ഷഫിക്കലി മാസ്റ്റർ നന്ദിയും പറഞ്ഞു.

അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. മദനിയിലൂടെ യുവാക്കൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകർച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതിൽ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജൻ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും പരിശീലനവും നൽകിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.

മുസ്ലിം-ക്രിസ്ത്യൻ വിശ്വാസികൾക്കിടയിൽ ഇടതുപക്ഷത്തിന് സ്വാധീനം കുറവാണ്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനക്കുറവിൽ ഗൗരവമുളള പരിശോധന വേണം. ഇടപെടൽ നടത്തുമ്പോൾ ന്യൂനപക്ഷ പ്രീണനമെന്ന വിമർശനമാണ് കേൾക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാൻ പ്രധാന പ്രതിബന്ധം ഇതാണെന്നും പി. ജയരാജൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റിനെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

വിരലിലെണ്ണാവുന്നവർ ഐഎസിൽ ആകൃഷ്ടരായി എന്നത് യാഥാർത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജൻ വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളിൽ തീവ്രവാദ ആശയക്കാരുടെ ഒത്തുചേരൽ നടക്കുന്നുവെന്ന അതീവ ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.2009ലെ മദനി – സിപിഐഎം സഹകരണത്തെ കുറിച്ച് പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മുസ്ലിം സമുദായത്തിനിടയിൽ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജൻ പറയുന്നു.

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനങ്ങള്‍ക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. 25 ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നേരെയാണ് ഇന്ന് ഭീഷണി ഉണ്ടായത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ഭീഷണി. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏഴ് വീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത്.

ഇന്‍ഡിഗോയുടെ കോഴിക്കോട്-ദമ്മാം, ഉദയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി-ഇസ്താംബൂള്‍, ജിദ്ദാ-മുംബൈ, മുംബൈ-ഇസ്താംബൂള്‍, ഹൈദരാബാദ്-ഛണ്ഡീഗഡ്, പൂനെ-ജോദ്പൂര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു.

12 ദിവസത്തിനുള്ളില്‍ 275ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. സമൂഹമാധ്യമം വഴിയാണ് ഇതിലെ കൂടുതല്‍ ബോംബ് ഭീഷണിയും നടന്നത്. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് സമൂഹമാധ്യമങ്ങളായ മെറ്റയോടും എക്‌സിനോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ഭീഷണികള്‍ക്ക് പിന്നിലുള്ളവരെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം ബോംബ് ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എക്‌സ് പ്ലാറ്റ്‌ഫോം എ ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. മാത്രമല്ല, യാത്രക്കാരെ ഇത് വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു.