മലപ്പുറം: കനത്ത മഴയിൽ കർണാടകയിലും തമിഴ്‌നാട്ടിലും വ്യാപകമായി കൃഷി നശിച്ചതോടെ ജില്ലയിൽ പച്ചക്കറി വില ഉയരുന്നു. ഒരാഴ്ചക്കിടെ ചില പച്ചക്കറികൾക്ക് വില ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. നാടൻ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതിനാൽ വില വർദ്ധനവ് പിടിച്ചുനിറുത്താനാവുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം തക്കാളി വിലയിൽ കാര്യമായ വർദ്ധനവുണ്ടായി. കിലോയ്ക്ക് 50- 55 രൂപ നൽകണം. ഗുണ്ടൽപേട്ട, മൈസൂരു, ബംഗളൂരു, ഒട്ടംഛത്രം, മേട്ടുപാളയം, ഊട്ടി, വേലത്താവളം എന്നീ മൊത്ത വിതരണ മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്.

ഇതിൽ തന്നെ ഗുണ്ടൽപ്പേട്ട മാർക്കറ്റിൽ നിന്നാണ് കൂടുതലും. തക്കാളിയുടെ വരവും ഗുണ്ടൽപ്പേട്ടിൽ നിന്നാണ്. തുടർച്ചയായി പെയ്ത മഴയിൽ വിളവിന് പാകമായ തക്കാളി നശിച്ചതാണ് വില വർദ്ധനവിന് കാരണം. നാടുകാണി ചുരം വഴി ദിനംപ്രതിയുള്ള പച്ചക്കറി വരവിൽ 50ൽ അധികം ലോഡിന്റെ കുറവ് ഉണ്ടെന്ന് പച്ചക്കറി മൊത്തക്കച്ചടക്കാർ പറയുന്നു. വെളുത്തുള്ളി വില വീണ്ടും 300 കടന്നിട്ടുണ്ട്. ഗുണമേന്മ അനുസരിച്ച് കിലോയ്ക്ക് 340 മുതൽ 380 രൂപ വരെയാണ് വില.

Author

Comments are closed.