മലപ്പുറം : മലപ്പുറമെന്ന് പറയുമ്പോൾ ഇസ്ലാമിനെതിരെ പറഞ്ഞെന്ന് ലീഗ് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ കേസ് മലപ്പുറത്തെന്ന് പ്രചരിക്കുന്നതിൽ വസ്‌തുതയില്ല. മുസ്ലിം ലീഗ് അസത്യം പ്രചരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ടാണ് പിണറായിയുടെ പരാമർശം.
മുസ്ലിം ലീഗ് രാഷ്ട്രീയ ദുരുദ്ദേശത്തോടെ അസത്യം പ്രചരിപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേതൂവൽ പക്ഷികൾ. ജമാഅത്തെ ഇസ്ലാമി പിന്തിരിപ്പന്മാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസ്ലാം മത രാഷ്ട്രം ജമാ അത്തെ ഇസ്ലാമികളുടെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം ബ്രദർ ഹുഡുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പിണറായി കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. ഏറെ പഠന ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed.