മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ പങ്കെടുത്ത 3.78 ലക്ഷം പേരിൽ 1.80 ലക്ഷം പേർക്കും രോഗസാദ്ധ്യത കണ്ടെത്തി. ഇതിൽ കാൻസർ സാദ്ധ്യതയുള്ളത് 12,469 പേർക്കാണ്. ഇതിൽതന്നെ സ്തനാർബുദ സാദ്ധ്യതയുള്ളവരാണ് കൂടുതൽ – 6,262 പേർ. വായിലെ കാൻസറിന് 2,734, ഗർഭാശയ കാൻസറിന് 3,473 പേർക്കും സാദ്ധ്യത കണ്ടെത്തി. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 17,331 പേരിലാണ്. 41,776 പേരിൽ രക്തസമ്മർദവും 36,311 പേരിൽ പ്രമേഹ സാദ്ധ്യതയും കണ്ടെത്തി. 15,589 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതലുള്ള കണക്കാണിത്. പരിശോധനയ്ക്ക് വിധേയമായവരിൽ 94,136 പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 6,694 പേർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും 4,048 പേർ കിടപ്പിലായവരുമാണ്.

രോഗ സാദ്ധ്യതയുള്ളവർക്ക് പാപ്സ്മിയർ, ബയോപ്സി പരിശോധനകളടക്കമുള്ളവ നടത്തി സാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.ഡിസംബറിൽ പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇതിനിടെ ആശാവർക്കർമാരുടെ സമരമടക്കം നടന്നതിനാൽ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവരും.

ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ ക്യാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ആരോഗ്യ നിലവാരം സൂചിപ്പിച്ച് വ്യക്തിഗത സ്‌കോറും നൽകും. സർവേയിൽ ഹൈറിസ്‌ക് കാറ്റഗറിയിൽപ്പെടുന്നവരെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ വച്ച് സ്‌ക്രീൻ ചെയ്യും. പ്രഷർ, ഷുഗർ എന്നിവയാണ് ഇവിടെ വെച്ച് സ്‌ക്രീൻ ചെയ്യുന്നത്. ക്യാൻസർ, ക്ഷയം, കുഷ്ഠം തുടങ്ങിയവയുടെ സ്‌ക്രീനിംഗ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. പാപ്സ്മിയർ പരിശോധന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചെയ്യും.

Author

Comments are closed.