മലപ്പുറം: ഗതാഗത നിയമലംഘനത്തിന് ഒരു വർഷത്തിനിടെ ജില്ലയില്‍ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴയിട്ടത് 44 കോടി കോടി രൂപ. 2023 ഒക്ടോബർ മുതല്‍ 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 5,13,464 കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് നാലാമത് മലപ്പുറം ജില്ലയാണ്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസും പിഴകളുമുള്ളത്. 11.21 ലക്ഷം കേസുകളിലായി 88.69 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 6.28 ലക്ഷം കേസുകളുണ്ട്. 56.54 കോടി രൂപയാണ് പിഴ. കോഴിക്കോടാണ് മൂന്നാമത്. ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, അമിത വേഗത എന്നീ കേസുകളാണ് മലപ്പുറത്ത് കൂടുതലും. നല്ലൊരു പങ്കും ക്യാമറകളില്‍ പതിഞ്ഞ നിയമ ലംഘനങ്ങളാണ്. പിഴ തുക സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ വഴിയാണ് ലഭിക്കുക.
മരണം കുറയുന്നു
പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ പരിശോധന ശക്തമാക്കിയത് റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കാനായിട്ടുണ്ട്. ഈ വർഷം ആഗസ്റ്റ് വരെ 1,761 അപകടങ്ങള്‍ ഉണ്ടായപ്പോള്‍ 152 പേരാണ് മരിച്ചത്. 1,966 പേർക്കാണ് പരിക്കേറ്റത്. അപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്നവരില്‍ നല്ലൊരു പങ്കും യുവാക്കളാണ്. വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വേണം കൂടുതല്‍ ജീവനക്കാർ
നിരത്തുകളിലെ പരിശോധന വർദ്ധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഏഴ് താലൂക്കുകളിലേക്കായി ആറ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ അനുവദിച്ചിട്ടുണ്ടെങ്കിലും ആകെയുള്ളത് നാല് വാഹനങ്ങളാണ്. ഒരു സ്ക്വാഡില്‍ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐമാരും വേണം. ജീവനക്കാരുടെ കുറവ് മൂലം ഒരു എം.വി.ഐയും എ.എം.വി.ഐയുമുള്ള സ്ക്വാഡുകളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്.
Comments are closed.