മലപ്പുറം: വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്‍മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവരുടെ യോഗം ജൂണ്‍ 13 ന് മുമ്പ് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. യൂസര്‍ഫീ ശേഖരണം 25 ശതമാനത്തില്‍ കുറവുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കുക.

വാതില്‍പ്പടി മാലിന്യശേഖരണം, തരംതിരിക്കല്‍, സംസ്‌കരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം തേടുക എന്നതാണ് ലക്ഷ്യം. തിരൂരങ്ങാടി നഗരസഭയും ചീക്കോട്, കാളികാവ്, മാറാക്കര, തേഞ്ഞിപ്പലം, പുഴക്കാട്ടിരി, കണ്ണമംഗലം, മൂന്നിയൂര്‍, ആതവനാട്, പാണ്ടിക്കാട്, നന്നംമുക്ക്, അരീക്കോട്, പോരൂര്‍, പുലാമന്തോള്‍, വേങ്ങര, മൂര്‍ക്കനാട്, ആലിപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ഏപ്രില്‍ മാസത്തില്‍ 25 ശതമാനത്തില്‍ താഴെ യൂസര്‍ഫീ പിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. പെരിന്തല്‍മണ്ണ, വളാഞ്ചേരി, പരപ്പനങ്ങാടി നഗരസഭകളും കീഴാറ്റൂര്‍, മൂത്തേടം, കാലടി, പുറത്തൂര്‍, വളവന്നൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് വാതില്‍പ്പടി ശേഖരണത്തില്‍ മുന്നില്‍.

ജൂണ്‍ ആറിന് രാവിലെ 10ന് ശുചിത്വമിഷന്‍ യങ് പ്രൊഫണല്‍സ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാര്‍, തീമാറ്റിക് വിദഗ്ധര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ശില്പശാല സംഘടിപ്പിക്കും. സ്കൂള്‍ പ്രവേശനോത്സവം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്താന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വഴി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കില ഫെസിലിറ്റേറ്റര്‍ എ.ശ്രീധരന്‍, മാലിന്യമുക്ത നവകേരളം കോ-കോഡിനേറ്റര്‍ ബീന സണ്ണി, സോഷ്യല്‍ കമ്യൂണിക്കേഷന്‍ എക്‌പേര്‍ട്ട് ഇ. വിനോദ് കുമാര്‍, ഹരിതകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Comments are closed.