അരീക്കോട് : എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കൊഴക്കോട്ടൂർ എ.യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കുന്ന എഴുപത്തിയഞ്ച് കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. മുഴുവൻ രക്ഷിതാക്കൾക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക, സ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും മൾട്ടിമീഡിയ സംവിധാനത്തിലേക്ക് മാറ്റുക, കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ, ഗണിത ലാബുകൾ സജ്ജമാക്കുക തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളാണ് ഈ അധ്യയന വർഷം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
സ്കൂളിൽ നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിൽ വെച്ച് പി.ടി.എ പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.ടി. അഷ്റഫ് ഈ പ്രവർത്തന പദ്ധതികളുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ എ.ഡബ്ല്യു. അബ്ദുറഹ്മാൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം.ടി.എ പ്രസിഡൻ്റ് ലത, സ്കൂൾ പ്രധാന അധ്യാപിക എ.കെ. സന്ധ്യ, സ്റ്റാഫ് സെക്രട്ടറി എ. ശ്രീകല തുടങ്ങിയവരും പ്രസ്തുത യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
