Author

admin

Browsing

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഡിഎംകെ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം.

സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും വിജയ് പ്രസംഗത്തിൽ പരാമര്‍ശിച്ചുകൊണ്ട് വന്നത് താൻ തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും സൂചിപ്പിച്ചു. എന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്നും അധികാരത്തിന്‍റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നൽകുമെന്നും വിജയ് പറഞ്ഞു. ഡിഎകെയുടെയും എഐഎഡിഎംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ഇടം വേണമെന്ന് ഡിഎംകെ സഖ്യ കക്ഷികൾ വാദിക്കുന്നതിനിടെയാണ് വിജയുടെ പ്രഖ്യാപനം. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.

രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. 2026ലെ തെരഞ്ഞെടുപ്പിൽ ടിവികെ ചിന്ഹനത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടും പ്രസംഗത്തിൽ വിജയ് പരാമര്‍ശിച്ചു.

ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്.. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടാണ് വിജയ് സംസ്ഥാന സമ്മേളനത്തിൽ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു. ഉയിര്‍ വണക്കം ചൊല്ലിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം. ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു.

സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ ജില്ലയിലെ നെയ്യാര്‍ ഡാം, അരുവിക്കര, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം പത്തിരിയാലിൽ അനധികൃതമായി പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പലചരക്ക് കടക്കാൻ പിടിയിൽ. തൃക്കലങ്ങോട് സ്വദേശി ജാഫറാണ് പിടിയിലായത്. കടയിൽനിന്ന് ഇരുന്നോറോളം പായ്ക്കറ്റുകളിലായി നിരോധിത പുകയില ഉൽപ്പന്നങ്ങളും പോലിസ് പിടിച്ചെടുത്തു. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു വിൽപ്പന.

നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എടവണ്ണ പോലിസ് പരിശോധന നടത്തിയത്. എസ് ഐ സുഭാഷ്, സിപിഒമാരായ സിയാദ്, വിനീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തിരൂർ : നേത്രാവതിയും മംഗള ലക്ഷദ്വീപ് എക്സ്പ്രസും ഉൾപ്പെടെ കൊങ്കൺ വഴിയുള്ള ട്രെയിനുകൾ നോൺ മൺസൂൺ ടൈം ടേബിളിലേക്കു മാറുന്നു. നവംബർ 1 മുതലാണ് മാറ്റം. മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618/12617) എല്ലാദിവസവും ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് രാവിലെ 5.40ന് പുറപ്പെടും. രാത്രി 2.48ന് തിരൂരിലെത്തും. എറണാകുളത്തേക്കുള്ള യാത്രയിൽ, ജില്ലയിൽ തിരൂരിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. തിരിച്ചുള്ള യാത്രയിൽ ട്രെയിൻ ഉച്ചയ്ക്ക് 3.59ന് കുറ്റിപ്പുറത്തും 4.23ന് തിരൂരിലും 4.39ന് പരപ്പനങ്ങാടിയിലും എത്തും. നേത്രാവതി എക്സ്പ്രസ് ഇനി മുതൽ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ രാവിലെ 8.34ന് പരപ്പനങ്ങാടിയിലും 8.48ന് തിരൂരിലും 9.09ന് കുറ്റിപ്പുറത്തും നിർത്തും. തിരിച്ച് വൈകിട്ട് 4.54ന് കുറ്റിപ്പുറത്തും 5.13ന് തിരൂരിലും 5.29ന് പരപ്പനങ്ങാടിയിലും എത്തും.

വെരാവൽ – തിരുവനന്തപുരം – വെരാവൽ വീക്ക‍്‍ലി എക്സ്പ്രസ് (16333/16334) ഇനി മുതൽ വെള്ളിയാഴ്ചകളിൽ പരപ്പനങ്ങാടിയിൽ 7.09നും തിരൂരിൽ 7.23നും കുറ്റിപ്പുറത്ത് 7.49നും എത്തും. തിരിച്ചുള്ള യാത്രയിൽ കുറ്റിപ്പുറത്ത് രാത്രി 11.09നും തിരൂരിൽ 11.24നും വണ്ടിയെത്തും. തിരിച്ചു പോകുമ്പോൾ പരപ്പനങ്ങാടിയിൽ നിർത്തില്ല.ഗാന്ധിധാം – നാഗർകോവിൽ വീക്ക‍്‍ലി എക്സ്പ്രസ് (16335/16336) ശനിയാഴ്ച രാത്രി 7.09ന് പരപ്പനങ്ങാടിയിൽ എത്തും. തിരൂരിൽ 7.23നും കുറ്റിപ്പുറത്ത് 7.49നും ട്രെയിൻ എത്തും. തിരിച്ച് ചൊവ്വാഴ്ചകളിൽ കുറ്റിപ്പുറത്ത് രാത്രി 11.09നും തിരൂരിൽ 11.24നും വണ്ടിയെത്തും.

ഓഖ – എറണാകുളം ബൈ വീക്ക‍്‍ലി എക്സ്പ്രസ് (16337/16338) ചൊവ്വയും ഞായറും പരപ്പനങ്ങാടിയിൽ രാത്രി 7.09ന് എത്തും. തിരൂരിൽ 7.24നും കുറ്റിപ്പുറത്ത് 7.49നും എത്തും. തിരിച്ച് ബുധൻ, വെള്ളി ദിവസങ്ങളിൽ കുറ്റിപ്പുറത്ത് 7.09നും തിരൂരിൽ 11.24നും പരപ്പനങ്ങാടിയിൽ 11.39നും ട്രെയിൻ എത്തും.ഭാവ്നഗർ – തിരുവനന്തപുരം വീക്ക‍്‍ലി എക്സ്പ്രസ് (19260/19259) വ്യാഴാഴ്ച രാത്രി 7.23ന് തിരൂരിലെത്തും. വ്യാഴാഴ്ചകളിൽ തിരിച്ചുള്ള യാത്രയിൽ രാത്രി 11.24നും തിരൂരിലെത്തും. അജ്മേർ – എറണാകുളം വീക്ക‍്‍ലി എക്സ്പ്രസ് എറണാകുളത്തേക്കു പോകുമ്പോൾ ഞായറാഴ്ച പുലർച്ചെ 12.23ന് തിരൂരിലെത്തും. തിരിച്ചുള്ള യാത്രയിലും ഞായറാഴ്ച രാത്രി 11.29ന് തിരൂരിലെത്തും. കേരള സമ്പർക് ക്രാന്തി ബൈ വീക്ക‍്‍ലി എക്സ്പ്രസ് (11218/12217) തിരുവനന്തപുരം നോർത്തിലേക്കുള്ള യാത്രയ്ക്കിടെ വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 3.52ന് തിരൂരിലെത്തും. തിരിച്ച് തിങ്കൾ, ശനി ദിവസങ്ങളിൽ വൈകിട്ട് 3.49നും തിരൂരിൽ നിർത്തും.

പോർബന്തർ – തിരുവനന്തപുരം നോർത്ത് – പോർബന്തർ വീക്ക‍്‍ലി എക്സ്പ്രസ് (20910/20909) തിരുവനന്തപുരം നോർത്തിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ചകളിൽ രാവിലെ 6.58ന് തിരൂരിലെത്തും. തിരിച്ച് ഞായറാഴ്ചകളിൽ വൈകിട്ട് 5.34നും തിരൂരിൽ നിർത്തും. ജാംനഗർ – തിരുനെൽവേലി – ജാംനഗർ ബൈ വീക്ക‍്‍ലി (19578/19577) തിരുനെൽവേലിയിലേക്കുള്ള യാത്രയ്ക്കിടെ ഞായറും തിങ്കളും രാവിലെ 6.58ന് തിരൂരിൽ നിർത്തും. തിരിച്ചുള്ള യാത്രയിൽ തിങ്കളും ചൊവ്വയും വൈകിട്ട് 5.34നും തിരൂരിലെത്തും.ശ്രീഗംഗാനഗർ – തിരുവനന്തപുരം വീക്ക‍്‍ലി എക്സ്പ്രസ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ചകളിൽ രാവിലെ 10.33ന് തിരൂരിലെത്തും. തിരിച്ച് ശനി രാത്രി 11.28നാണ് തിരൂരിൽ. ഗരീബ്‍രഥ് ബൈ വീക്ക‍്‍ലി എക്സ്പ്രസ് (12201/12202) തിരുവനന്തപുരം നോർത്തിലേക്കു പോകുമ്പോൾ  ചൊവ്വയും ശനിയും ഉച്ചയ്ക്ക് 11.59ന് തിരൂരിലെത്തും.

തിരിച്ച് വ്യാഴവും ഞായറും വൈകിട്ട് 3.49നാണ് തിരൂരിലെത്തുക. ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് ബൈ വീക്ക‍്‍ലി എക്സ്പ്രസ് (22113/22114) തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോൾ വ്യാഴവും ഞായറും ഉച്ചയ്ക്ക് 11.59നും തിരിച്ച് ഞായറും വ്യാഴവും രാവിലെ 7.54നും തിരൂരിൽ നിർത്തും. പുണെ– എറണാകുളം ബൈ വീക്ക‍്‍ലി എക്സ്പ്രസ് എറണാകുളത്തേക്കു പോകുമ്പോൾ വ്യാഴവും തിങ്കളും വൈകിട്ട് 3.19നും തിരിച്ച് വ്യാഴവും വെള്ളിയും രാവിലെ 7.54നും തിരൂരിൽ നിർത്തും. മിറാജ് ജംക‍്ഷൻ വഴിയുള്ള പുണെ– എറണാകുളം വീക്ക‍്‍ലി എക്സ്പ്രസ് (11097/11098) എറണാകുളത്തേക്കു പോകുമ്പോൾ ഞായർ രാത്രി 11.14നും തിങ്കൾ രാത്രി 11.39നും തിരൂരിൽ നിർത്തും. മഡ്ഗോവ – എറണാകുളം വീക്ക‍്‍ലി (10215/10216) എറണാകുളത്തേക്കു പോകുമ്പോൾ ഞായർ രാവിലെ 4.19നും തിരിച്ച് തിങ്കൾ ഉച്ചയ്ക്ക് 1.39നും തിരൂരിൽ നിർത്തും.

തേഞ്ഞിപ്പലം : വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിലെത്തിയ ആൾ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് 2 ലക്ഷം രൂപയുടെ വയറിങ്, പ്ലമിങ് സാമഗ്രികൾ കവർന്നു. മേലേ ചേളാരിയിലെ ഡിഎംഎസ് ആശുപത്രി വളപ്പിലെ പണിനടക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് ആണ് സംഭവം. സ്കൂട്ടറിലെ നമ്പർ ഒരു കാറിന്റേതാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതേ പ്രതി മറ്റൊരിടത്തെ ക്ലിനിക്കിൽനിന്ന് വയറിങ് സാധനങ്ങൾ കവർന്ന് മടങ്ങുന്ന ദൃശ്യവും പൊലീസിനു ലഭിച്ചു.കോപ്പർ എർത്ത് സ്ട്രിപ് ആണ് പ്രധാനമായും കൊണ്ടുപോയത്. കേബിൾ, ടാപ്, പൈപ്പ് എന്നിവയും കവർന്നു. കെട്ടിടത്തിലെ വയറിങ്, പ്ലമിങ് കരാർ എടുത്ത നെഫ്‌സാൻ എൻജിനീയറിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടേതാണ് മോഷണം പോയ വസ്തുക്കൾ. മോഷ്ടാവ് എത്തുമ്പോൾ സ്ഥലത്ത് 2 തൊഴിലാളികൾ ഉണ്ടായിരുന്നു. കമ്പനി ജീവനക്കാരനാണെന്ന രീതിയിൽ സംസാരിച്ച മോഷ്ടാവ് തൊട്ടടുത്ത പണിസ്ഥലത്തേക്ക് സാധനങ്ങൾ വേണമെന്ന് അറിയിച്ചാണ് സാധനങ്ങൾ ചാക്കിൽ നിറച്ചത്. ചാക്കുകെട്ട് കെട്ടിടത്തിനു താഴെ എത്തിച്ച് സ്കൂട്ടറിൽ കയറ്റുന്നതു കണ്ടപ്പോൾ തൊഴിലാളികൾക്ക് സംശയം തോന്നി ചോദ്യംചെയ്തെങ്കിലും മോഷ്ടാവ് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. ആശുപത്രി പിആർ‍ഒ എം.കെ.അബ്ദുൽ ഖാദറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 6 മാസത്തിനിടെ ആശുപത്രി വളപ്പിൽനിന്ന് മൂന്നിലേറെ തവണ വയറിങ് സാമഗ്രികളും മറ്റും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരാറുകാർ പറ‍ഞ്ഞു.

മലപ്പുറം: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപക തസ്തികാ നിർണ്ണയ നടപടികൾ ഈ മാസം പൂർത്തിയാവും. പി.എസ്.സി ലിസ്റ്റിലുള്ളവർക്ക് ലഭിക്കുന്ന ഒഴിവുകളിൽ ഭൂരിഭാഗവും തസ്തികാ നിർണ്ണയം മുഖേന ലഭിക്കുന്നതാണ്. ഈ വർഷം ഡിവിഷൽ ഫാൾ മൂലം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അദ്ധ്യാപക തസ്തിക നഷ്ടപ്പെട്ടത് മലപ്പുറത്തായതിനാൽ എൽ.പി.എസ്.എ, യു.പി.എസ്.എ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. 2024- 25 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക്പ്രകാരം കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് എൽ.പി വിഭാഗത്തിൽ 66ഉം യു.പി വിഭാഗത്തിൽ 37ഉം അടക്കം ആകെ 103 തസ്തികകൾ നഷ്ടമായിട്ടുണ്ട്. ഇതോടെ വിരമിക്കൽ വഴിയുള്ള ഒഴിവുകളിൽ തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ നിയമിച്ച ശേഷമാവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. ഫലത്തിൽ പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളുടെ എണ്ണം തീർത്തും കുറയും.

കകുട്ടികളുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടി തസ്തികകൾ അതിവേഗത്തിൽ വെട്ടിച്ചുരുക്കുന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതർ കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക തസ്തികകൾ അനുവദിക്കാൻ തയ്യാറാവാത്തത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാണ്. 35 കുട്ടികളാണ് ഓരോ ക്ലാസിലും ഉണ്ടാവേണ്ടത് എന്നാണ് നിയമം. അതേസമയം ജില്ലയിലെ പല സ്‌കൂളുകളിലും ഒരു ക്ലാസിൽ തന്നെ 60ന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ജോലിഭാരത്തിനൊപ്പം കുട്ടികളുടെ പഠന നിലവാരം വേണ്ടത്ര ശ്രദ്ധിക്കാനും കഴിയില്ല. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക തസ്തിക അനുവദിച്ചാൽ മാത്രമേ ഡിവിഷൻ ഫാൾ മൂലം നഷ്ടപ്പെടുന്ന തസ്തികകൾ നിലനിറുത്താൻ സാധിക്കൂ. സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി സർക്കാർ ഇതിനോട് മുഖം തിരിച്ചുനിൽക്കാറാണ് പതിവ്. അധിക തസ്തികകളുടെ പ്രപ്പോസൽ ഡി.ഡി.ഇയ്ക്ക് പരിശോധനയക്കായി കൈമാറിയിട്ടുണ്ട് എന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.

മലപ്പുറം: ജില്ലാ ട്രോമാകെയര്‍ വളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നടത്തി. ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. വിലമതിക്കാനാവാത്ത പ്രവര്‍ത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ നടത്തുന്നതെന്ന് കലക്ടര്‍ പഞ്ഞു. അഡ്വ. ഹാറൂണ്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് മുഖ്യ പ്രഭാഷണം നടത്തി.

ദുരന്തനിവാരണ മേഖലയില്‍ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത്. കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് മാനേജര്‍ ബെന്‍സില്‍ പി ജോണ്‍ മുഖ്യാതിഥിയായിരുന്നു. ജില്ല ട്രോമാകെയര്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രതീഷ്, കെയര്‍ പദ്ധതി ജില്ലാ കോഡിനേറ്റര്‍ അബൂബക്കര്‍ കെ സിയ, ട്രോമാകെയര്‍ ജോയിന്‍ സെക്രട്ടറി അഷ്‌റഫ് വണ്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരന്ത നിവാരണ പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേല്‍ നേതൃത്വം നല്‍കി.

മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചർച്ച തുടങ്ങിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ് അല്ലാതെ മുസ്ലിം ലീഗല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗിനെ പറ്റി മുഖ്യമന്ത്രി നല്ലത് പറഞ്ഞതിൽ സന്തോഷമുണ്ട്. മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് വരികയും പോവുകയും ചെയ്യുന്നുവെന്നതരത്തിലുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് ഈ ചർച്ചയ്‌ക്കെല്ലാം ഇടയാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലും മുഖ്യമന്ത്രിക്ക് നേരെ വിമർശനവുമായി രംഗത്തെത്തി. മുസ്ലിം സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം അവസരവാദപരമാണെന്നാണ് കെസി വേണുഗോപാലിന്റെ വിമർശനം.
CPIMന് വോട്ടു ചെയ്താൽ മതേതരവും അല്ലാത്തപ്പോൾ ഈ സംഘടനകൾ വർഗീയവും ആവും. പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് മുഖ്യമന്ത്രിയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം, മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു ഇന്നലെ ചേലക്കരയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കരിപ്പൂർ വിമാനത്താവളം വഴി കൂടുതൽ സ്വർണ്ണവും, ഹവാല പണവും വരുന്നു എന്ന കണക്കുകൾ എങ്ങനെ മലപ്പുറത്തെ അപമാനിക്കലാവും എന്ന് മുഖ്യമന്ത്രി ചോദിച്ചു. ന്യൂനപക്ഷ വർഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ലീഗ് സമരസപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷ വർഗീയതയോട് ലീഗ് സമരസപ്പെട്ടുവെന്നും വിമർശനമുണ്ട്. കള്ളക്കടത്ത് സ്വർണം പിടിക്കുന്നത് പൊലീസിനെ ജോലിയാണെന്നും, കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്‍റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മലപ്പുറം: മലപ്പുറം വാട്‌സാപ്‌ ഗ്രൂപ്പിൽ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം ആക്ഷേപം നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിന്‌ ജില്ലാ പൊലീസ്‌ ചീഫ്‌ പി ആർ വിശ്വനാഥ്‌ ഉത്തരവിട്ടു. പൊലീസിനെതിരായ വാർത്തകളും അഭിപ്രായങ്ങളും ഗ്രൂപ്പുകളിൽ പങ്കുവച്ചതിനാണ്‌ നിലമ്പൂർ സ്‌റ്റേഷൻ എഎസ്‌ഐ ടി എസ്‌ നിഷ, സ്‌പെഷ്യൽ ബ്രാഞ്ച്‌ ഇന്റലിജൻസ്‌ വിഭാഗം സിപിഒ ഇ ജി പ്രദീപ്‌, മഞ്ചേരി സ്‌റ്റേഷൻ സിപിഒ പി ഹുസൈൻ, ട്രാഫിക്‌ സ്‌റ്റേഷനിലെ സിപിഒ അബ്ദുൾ അസീസ്‌ എന്നിവർക്കെതിരെ  അന്വേഷണം.

ഇ ജി പ്രദീപിനെ കഴിഞ്ഞദിവസം ഇന്റലിജൻസ്‌ വിഭാഗത്തിൽനിന്ന്‌ വഴിക്കടവ്‌ സ്‌റ്റേഷനിലേക്ക്‌ സ്ഥലംമാറ്റി. മലപ്പുറം മുൻ പൊലീസ്‌ ചീഫ്‌ എസ്‌ സുജിത്‌ ദാസിനെതിരെ പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതുമുതലാണ്‌ വാട്‌സാപ്‌ ഗ്രൂപ്പിൽ ഇവർ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം അധിക്ഷേപംചൊരിഞ്ഞത്‌. സുജിത്‌ ദാസിനെ സർക്കാർ സസ്‌പെൻഡുചെയ്‌തപ്പോൾ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നായിരുന്നു പ്രതികരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ പത്രത്തിലെ ലേഖനത്തിന്റെ മറപിടിച്ച്‌ മതമൗലികവാദ സംഘടനകൾ നടത്തിയ വർഗീയപ്രചാരണത്തെ അനുകൂലിച്ചും ചിലർ ഗ്രൂപ്പിൽ കമന്റിട്ടു.

ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ ഇരുന്നൂറോളം പൊലീസുകാർ അംഗങ്ങളായുള്ള മലപ്പുറം പൊലീസ്‌ വാട്‌സാപ്‌ ഗ്രൂപ്പ്‌ വഴിയാണ്‌ ഇവർ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്‌. പൊലീസ്‌ സേനയുടെ അച്ചടക്കത്തിന്‌ വിരുദ്ധമായ പോസ്‌റ്റുകൾ പ്രചരിപ്പിച്ചതായി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ വിശദ അന്വേഷണത്തിന്‌ പെരിന്തൽമണ്ണ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി ജില്ലാ പൊലീസ്‌ ചീഫ്‌ ഉത്തരവിറക്കിയത്‌.

തിരുവനന്തപുരം: പൊതുജനം ഓഫീസുകൾ കയറിയിറങ്ങി വലയുന്നതൊഴിവാക്കാൻ 12 ഇ സേവനങ്ങളാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ചിലത് നടപ്പാക്കി, മറ്റുള്ളവ പരീക്ഷണ ഘട്ടത്തിലും. ഇതിൽ ഏറ്റവും ആശ്വാസം തരുന്നതാണ് വില്ലേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വി.ഒ.എം.ഐ.എസ്) ഡാഷ്ബോർഡ്.വില്ലേജ് ഓഫീസുകളിൽ നിന്ന് കിട്ടേണ്ട 22 സർട്ടിഫിക്കറ്റുകൾക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. തുടർ നടപടികളും അറിയാം. അപ്ഡേഷൻ പോർട്ടലിൽ കിട്ടും. ക്യാൻസർ പെൻഷൻ, ദുരിതാശ്വാസം, മുഖ്യമന്ത്രിക്കുള്ള പരാതികൾ തുടങ്ങിയവ ഈ സംവിധാനത്തിലേക്ക് വരും. ഭൂനികുതി, പോക്കുവരവ് സേവനങ്ങളും ഇതിലൂടെയാവും.

ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും. ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പ്രതിമാസ അവലോകന യോഗങ്ങൾ പോർട്ടലിൽ നടത്താം. ഉടൻ നിലവിൽ വരും. ബാങ്കുൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുമ്പോൾ ബാദ്ധ്യത ഭൂമിയുടെ സബ്ഡിവിഷനിൽ രേഖപ്പെടുത്താനുള്ള സംവിധാനം. കാലാവധി കഴിയുമ്പോൾ രേഖപ്പെടുത്തിയ ബാദ്ധ്യത നീക്കം ചെയ്യാനുമാവും. (സൗകര്യം ഏർപ്പെടുത്തി, www.emr.kerala.gov.in)

ഏതു ഭൂമിയെക്കുറിച്ചും ബാദ്ധ്യത സംബന്ധിച്ചും സമഗ്ര വിവരം ലഭ്യമാവും. https://www.emr.kerala.gov.inൽ പ്രവേശിച്ച് വെരിഫൈ ലാൻഡ് എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യണം. തണ്ടപ്പേരോ സർവേ നമ്പരോ ഉപയോഗിച്ച് സേവനം തേടാം. (നടപ്പാക്കിക്കഴിഞ്ഞു) കെട്ടിടങ്ങളുടെ ഒറ്രത്തവണ നികുതിയും ലക്ഷ്വറി നികുതിയും അടയ്ക്കാം. മുൻകൂർ വാങ്ങാറുള്ള ഈ നികുതി പ്രവാസികൾക്ക് നാട്ടിലെത്താതെ അടയ്ക്കാനാവും. (പരീക്ഷണ ഘട്ടത്തിൽ)

റിക്കവറി കുടിശിക തുക വില്ലേജ് ഓഫീസിൽ നിന്ന് കുടിശിക നൽകേണ്ട സ്ഥാപനത്തിന് ബാങ്ക് ഡ്രാഫ്റ്റായോ നേരിട്ടോ കൈമാറുകയാണ് പതിവ്. പകരം തഹസീൽദാർമാരുടെ പേരിൽ ട്രഷറിയിൽ ടി.എസ്.ബി അക്കൗണ്ടുകൾ തുടങ്ങി അതിൽനിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനം. (ഉടൻ നടപ്പാക്കും) ഭൂനികുതി, കെട്ടിട നികുതി, തരംമാറ്റം തുടങ്ങി 10 ഇ- സേവനങ്ങൾ വിദേശരാജ്യങ്ങളിലും ലഭ്യമാണ്. മലയാളികൾ ഏറെയുള്ള യു.കെ, യു.എസ്.എ, കാനഡ, സിംഗപ്പൂർ, സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നീ രാജ്യങ്ങളാണിവ. (www.revenue.kerala.gov.inൽ ഇതിന് സൗകര്യമുണ്ട്)