Author

admin

Browsing

മലപ്പുറം: മലപ്പുറം വാട്‌സാപ്‌ ഗ്രൂപ്പിൽ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം ആക്ഷേപം നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിന്‌ ജില്ലാ പൊലീസ്‌ ചീഫ്‌ പി ആർ വിശ്വനാഥ്‌ ഉത്തരവിട്ടു. പൊലീസിനെതിരായ വാർത്തകളും അഭിപ്രായങ്ങളും ഗ്രൂപ്പുകളിൽ പങ്കുവച്ചതിനാണ്‌ നിലമ്പൂർ സ്‌റ്റേഷൻ എഎസ്‌ഐ ടി എസ്‌ നിഷ, സ്‌പെഷ്യൽ ബ്രാഞ്ച്‌ ഇന്റലിജൻസ്‌ വിഭാഗം സിപിഒ ഇ ജി പ്രദീപ്‌, മഞ്ചേരി സ്‌റ്റേഷൻ സിപിഒ പി ഹുസൈൻ, ട്രാഫിക്‌ സ്‌റ്റേഷനിലെ സിപിഒ അബ്ദുൾ അസീസ്‌ എന്നിവർക്കെതിരെ  അന്വേഷണം.

ഇ ജി പ്രദീപിനെ കഴിഞ്ഞദിവസം ഇന്റലിജൻസ്‌ വിഭാഗത്തിൽനിന്ന്‌ വഴിക്കടവ്‌ സ്‌റ്റേഷനിലേക്ക്‌ സ്ഥലംമാറ്റി. മലപ്പുറം മുൻ പൊലീസ്‌ ചീഫ്‌ എസ്‌ സുജിത്‌ ദാസിനെതിരെ പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതുമുതലാണ്‌ വാട്‌സാപ്‌ ഗ്രൂപ്പിൽ ഇവർ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം അധിക്ഷേപംചൊരിഞ്ഞത്‌. സുജിത്‌ ദാസിനെ സർക്കാർ സസ്‌പെൻഡുചെയ്‌തപ്പോൾ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നായിരുന്നു പ്രതികരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ പത്രത്തിലെ ലേഖനത്തിന്റെ മറപിടിച്ച്‌ മതമൗലികവാദ സംഘടനകൾ നടത്തിയ വർഗീയപ്രചാരണത്തെ അനുകൂലിച്ചും ചിലർ ഗ്രൂപ്പിൽ കമന്റിട്ടു.

ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലെ ഇരുന്നൂറോളം പൊലീസുകാർ അംഗങ്ങളായുള്ള മലപ്പുറം പൊലീസ്‌ വാട്‌സാപ്‌ ഗ്രൂപ്പ്‌ വഴിയാണ്‌ ഇവർ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്‌. പൊലീസ്‌ സേനയുടെ അച്ചടക്കത്തിന്‌ വിരുദ്ധമായ പോസ്‌റ്റുകൾ പ്രചരിപ്പിച്ചതായി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. തുടർന്നാണ്‌ വിശദ അന്വേഷണത്തിന്‌ പെരിന്തൽമണ്ണ ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തി ജില്ലാ പൊലീസ്‌ ചീഫ്‌ ഉത്തരവിറക്കിയത്‌.

തിരുവനന്തപുരം: പൊതുജനം ഓഫീസുകൾ കയറിയിറങ്ങി വലയുന്നതൊഴിവാക്കാൻ 12 ഇ സേവനങ്ങളാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ചിലത് നടപ്പാക്കി, മറ്റുള്ളവ പരീക്ഷണ ഘട്ടത്തിലും. ഇതിൽ ഏറ്റവും ആശ്വാസം തരുന്നതാണ് വില്ലേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വി.ഒ.എം.ഐ.എസ്) ഡാഷ്ബോർഡ്.വില്ലേജ് ഓഫീസുകളിൽ നിന്ന് കിട്ടേണ്ട 22 സർട്ടിഫിക്കറ്റുകൾക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. തുടർ നടപടികളും അറിയാം. അപ്ഡേഷൻ പോർട്ടലിൽ കിട്ടും. ക്യാൻസർ പെൻഷൻ, ദുരിതാശ്വാസം, മുഖ്യമന്ത്രിക്കുള്ള പരാതികൾ തുടങ്ങിയവ ഈ സംവിധാനത്തിലേക്ക് വരും. ഭൂനികുതി, പോക്കുവരവ് സേവനങ്ങളും ഇതിലൂടെയാവും.

ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും. ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പ്രതിമാസ അവലോകന യോഗങ്ങൾ പോർട്ടലിൽ നടത്താം. ഉടൻ നിലവിൽ വരും. ബാങ്കുൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുമ്പോൾ ബാദ്ധ്യത ഭൂമിയുടെ സബ്ഡിവിഷനിൽ രേഖപ്പെടുത്താനുള്ള സംവിധാനം. കാലാവധി കഴിയുമ്പോൾ രേഖപ്പെടുത്തിയ ബാദ്ധ്യത നീക്കം ചെയ്യാനുമാവും. (സൗകര്യം ഏർപ്പെടുത്തി, www.emr.kerala.gov.in)

ഏതു ഭൂമിയെക്കുറിച്ചും ബാദ്ധ്യത സംബന്ധിച്ചും സമഗ്ര വിവരം ലഭ്യമാവും. https://www.emr.kerala.gov.inൽ പ്രവേശിച്ച് വെരിഫൈ ലാൻഡ് എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യണം. തണ്ടപ്പേരോ സർവേ നമ്പരോ ഉപയോഗിച്ച് സേവനം തേടാം. (നടപ്പാക്കിക്കഴിഞ്ഞു) കെട്ടിടങ്ങളുടെ ഒറ്രത്തവണ നികുതിയും ലക്ഷ്വറി നികുതിയും അടയ്ക്കാം. മുൻകൂർ വാങ്ങാറുള്ള ഈ നികുതി പ്രവാസികൾക്ക് നാട്ടിലെത്താതെ അടയ്ക്കാനാവും. (പരീക്ഷണ ഘട്ടത്തിൽ)

റിക്കവറി കുടിശിക തുക വില്ലേജ് ഓഫീസിൽ നിന്ന് കുടിശിക നൽകേണ്ട സ്ഥാപനത്തിന് ബാങ്ക് ഡ്രാഫ്റ്റായോ നേരിട്ടോ കൈമാറുകയാണ് പതിവ്. പകരം തഹസീൽദാർമാരുടെ പേരിൽ ട്രഷറിയിൽ ടി.എസ്.ബി അക്കൗണ്ടുകൾ തുടങ്ങി അതിൽനിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനം. (ഉടൻ നടപ്പാക്കും) ഭൂനികുതി, കെട്ടിട നികുതി, തരംമാറ്റം തുടങ്ങി 10 ഇ- സേവനങ്ങൾ വിദേശരാജ്യങ്ങളിലും ലഭ്യമാണ്. മലയാളികൾ ഏറെയുള്ള യു.കെ, യു.എസ്.എ, കാനഡ, സിംഗപ്പൂർ, സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നീ രാജ്യങ്ങളാണിവ. (www.revenue.kerala.gov.inൽ ഇതിന് സൗകര്യമുണ്ട്)

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികൾക്കും കുട്ടികൾക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുൻഗണനാ വിഭാഗത്തിൽപെട്ട മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്നും പിങ്ക് വിഭാഗത്തിൽപെട്ട 83.67% പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

മുൻഗണനാ റേഷൻ കാർഡുകളുള്ള 16 ശതമാനത്തോളംപേർ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാനാളുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. മസ്റ്ററിങ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നും മന്ത്രി വ്യക്തമാക്കി

ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 18-ന് തുടങ്ങി ഒക്ടോബർ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാൽ 80% കാർഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂർത്തിയായത്. ഇതോടെ ഒക്ടോബർ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേർ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും നവംബർ അഞ്ച് വരെ നീട്ടിയത്. സുപ്രീം കോടതി ഉത്തര് അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്.

മലപ്പുറം : ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ. ആകെയുണ്ടായത് 20 വാഹനാപകടം. അറിയുക, അതിൽ 19 അപകടങ്ങളിലും ഉൾപ്പെട്ടത് ഇരുചക്രവാഹനങ്ങളാണ്. തീർന്നില്ല, നാലെണ്ണം ഇരുചക്രവാഹനങ്ങൾ മാത്രം തമ്മിലിടിച്ചുണ്ടായവയാണ്.

ഒരുനിമിഷത്തെ അശ്രദ്ധയാകാം അപകടകാരണം. കുടുംബത്തിന് താങ്ങാകേണ്ട, നാടിനു പ്രതീക്ഷയാകേണ്ട ജീവനുകളാണ് ആവേശത്തിന്റെയോ അശ്രദ്ധയുടെയോ പേരിൽ കൂടുതലും നഷ്ടമാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം ഒന്നുമുതൽ 24 വരെ ജില്ലയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 22 പേരിൽ 30 വയസ്സിൽ താഴെയുള്ളവർ പത്തുപേരായിരുന്നു. അതിൽതന്നെ കോളേജ് വിദ്യാർഥികളായ നാലുപേരുമാണ്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയില്ലായ്‌മ നാല് കാൽനടക്കാരുടെയും ജീവനെടുത്തു.

അപകടത്തിൽ പെട്ടവയിൽ ക്യുബിക് കപ്പാസിറ്റി (സി.സി.) കൂടിയ പുതുതലമുറ ബൈക്കുകളുമുണ്ട്. ആറ് കാറുകൾ അപകടത്തിൽപ്പെട്ടപ്പോൾ രണ്ടുവീതം ലോറിയും ബസുമാണ് മറ്റ് അപകടങ്ങളിൽ ഉൾപ്പെട്ടത്. കഴിഞ്ഞദിവസമാണ് ദേശീയപാതയിൽ മൂന്നിയൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഇരുപതുവയസ്സുകാരായ രണ്ടു യുവാക്കളും രാമപുരം പനങ്ങാങ്ങരയിൽ ബൈക്കും കെ.എസ്.ആർ.ടി.സി. ബസും ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു കോളേജ് വിദ്യാർഥികളും മരിച്ചത്. 19 വയസ്സായിരുന്നു ഇവർക്ക്.

മലപ്പുറം : മലപ്പുറമെന്ന് പറയുമ്പോൾ ഇസ്ലാമിനെതിരെ പറഞ്ഞെന്ന് ലീഗ് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ കേസ് മലപ്പുറത്തെന്ന് പ്രചരിക്കുന്നതിൽ വസ്‌തുതയില്ല. മുസ്ലിം ലീഗ് അസത്യം പ്രചരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ടാണ് പിണറായിയുടെ പരാമർശം.

മുസ്ലിം ലീഗ് രാഷ്ട്രീയ ദുരുദ്ദേശത്തോടെ അസത്യം പ്രചരിപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേതൂവൽ പക്ഷികൾ. ജമാഅത്തെ ഇസ്ലാമി പിന്തിരിപ്പന്മാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസ്ലാം മത രാഷ്ട്രം ജമാ അത്തെ ഇസ്ലാമികളുടെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം ബ്രദർ ഹുഡുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പിണറായി കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. ഏറെ ​പഠന ​ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ പങ്കെടുത്ത 3.78 ലക്ഷം പേരിൽ 1.80 ലക്ഷം പേർക്കും രോഗസാദ്ധ്യത കണ്ടെത്തി. ഇതിൽ കാൻസർ സാദ്ധ്യതയുള്ളത് 12,469 പേർക്കാണ്. ഇതിൽതന്നെ സ്തനാർബുദ സാദ്ധ്യതയുള്ളവരാണ് കൂടുതൽ – 6,262 പേർ. വായിലെ കാൻസറിന് 2,734, ഗർഭാശയ കാൻസറിന് 3,473 പേർക്കും സാദ്ധ്യത കണ്ടെത്തി. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 17,331 പേരിലാണ്. 41,776 പേരിൽ രക്തസമ്മർദവും 36,311 പേരിൽ പ്രമേഹ സാദ്ധ്യതയും കണ്ടെത്തി. 15,589 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതലുള്ള കണക്കാണിത്. പരിശോധനയ്ക്ക് വിധേയമായവരിൽ 94,136 പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 6,694 പേർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും 4,048 പേർ കിടപ്പിലായവരുമാണ്.

രോഗ സാദ്ധ്യതയുള്ളവർക്ക് പാപ്സ്മിയർ, ബയോപ്സി പരിശോധനകളടക്കമുള്ളവ നടത്തി സാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.ഡിസംബറിൽ പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇതിനിടെ ആശാവർക്കർമാരുടെ സമരമടക്കം നടന്നതിനാൽ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവരും.

ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ ക്യാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ആരോഗ്യ നിലവാരം സൂചിപ്പിച്ച് വ്യക്തിഗത സ്‌കോറും നൽകും. സർവേയിൽ ഹൈറിസ്‌ക് കാറ്റഗറിയിൽപ്പെടുന്നവരെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ വച്ച് സ്‌ക്രീൻ ചെയ്യും. പ്രഷർ, ഷുഗർ എന്നിവയാണ് ഇവിടെ വെച്ച് സ്‌ക്രീൻ ചെയ്യുന്നത്. ക്യാൻസർ, ക്ഷയം, കുഷ്ഠം തുടങ്ങിയവയുടെ സ്‌ക്രീനിംഗ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. പാപ്സ്മിയർ പരിശോധന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചെയ്യും.

റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. നേരത്തെ 58,720 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില കുറയുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഈ വന്‍ വിലക്കയറ്റത്തോടെ പവന്‍ വില 59000 കടന്നും മുന്നേറുമെന്ന പ്രതീക്ഷയാണ് കാണിക്കുന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

കുനിയിൽ: കുനിയിൽ അൽ അൻവാർ സ്കൂളിൽ2025 ൽ യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ അഷ്റഫ് മോളയിൽ ക്ലാസ്സ് എടുത്തു. പിടിഎ പ്രസിഡണ്ട് അസൈൻ വി.പി ഉദ്ഘാടനം നിർവഹിച്ചു. മാനേജർ കെ. മുഹമ്മദലി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. യൂസുഫ്, കൺവീനർമാരായ ഫഹ്‌മിന, നഫ്ലത്ത് തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ മുസ്തഫ കെ.കെ, ഷബീർ പി.ടി, ഹമീദലി എൻ.ടി, ഹനീൻ കെ, ഷിഫ കെ.ടി, ഹസനത്ത് സി.ടി, എന്നിവർ നേതൃത്വം നൽകി.

മലപ്പുറം: കനത്ത മഴയിൽ കർണാടകയിലും തമിഴ്‌നാട്ടിലും വ്യാപകമായി കൃഷി നശിച്ചതോടെ ജില്ലയിൽ പച്ചക്കറി വില ഉയരുന്നു. ഒരാഴ്ചക്കിടെ ചില പച്ചക്കറികൾക്ക് വില ഇരട്ടിയോളം വർദ്ധിച്ചിട്ടുണ്ട്. നാടൻ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതിനാൽ വില വർദ്ധനവ് പിടിച്ചുനിറുത്താനാവുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം തക്കാളി വിലയിൽ കാര്യമായ വർദ്ധനവുണ്ടായി. കിലോയ്ക്ക് 50- 55 രൂപ നൽകണം. ഗുണ്ടൽപേട്ട, മൈസൂരു, ബംഗളൂരു, ഒട്ടംഛത്രം, മേട്ടുപാളയം, ഊട്ടി, വേലത്താവളം എന്നീ മൊത്ത വിതരണ മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്.

ഇതിൽ തന്നെ ഗുണ്ടൽപ്പേട്ട മാർക്കറ്റിൽ നിന്നാണ് കൂടുതലും. തക്കാളിയുടെ വരവും ഗുണ്ടൽപ്പേട്ടിൽ നിന്നാണ്. തുടർച്ചയായി പെയ്ത മഴയിൽ വിളവിന് പാകമായ തക്കാളി നശിച്ചതാണ് വില വർദ്ധനവിന് കാരണം. നാടുകാണി ചുരം വഴി ദിനംപ്രതിയുള്ള പച്ചക്കറി വരവിൽ 50ൽ അധികം ലോഡിന്റെ കുറവ് ഉണ്ടെന്ന് പച്ചക്കറി മൊത്തക്കച്ചടക്കാർ പറയുന്നു. വെളുത്തുള്ളി വില വീണ്ടും 300 കടന്നിട്ടുണ്ട്. ഗുണമേന്മ അനുസരിച്ച് കിലോയ്ക്ക് 340 മുതൽ 380 രൂപ വരെയാണ് വില.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളില്‍ മഴ കനത്തേക്കും.

മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള , ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തി.

ദാന ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് നാളെ വരെ തെക്കന്‍ കേരളത്തില്‍ അനുകൂലമായി തുടരാന്‍ സാധ്യതയുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാത ചുഴിയും തെക്കു പടിഞ്ഞാറന്‍ അറബിക്കടലിനും തെക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചക്രവാത ചുഴിയുടെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.