തേഞ്ഞിപ്പലം : വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിലെത്തിയ ആൾ നിർമാണം നടക്കുന്ന കെട്ടിടത്തിൽനിന്ന് 2 ലക്ഷം രൂപയുടെ വയറിങ്, പ്ലമിങ് സാമഗ്രികൾ കവർന്നു. മേലേ ചേളാരിയിലെ ഡിഎംഎസ് ആശുപത്രി വളപ്പിലെ പണിനടക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.10ന് ആണ് സംഭവം. സ്കൂട്ടറിലെ നമ്പർ ഒരു കാറിന്റേതാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇതേ പ്രതി മറ്റൊരിടത്തെ ക്ലിനിക്കിൽനിന്ന് വയറിങ് സാധനങ്ങൾ കവർന്ന് മടങ്ങുന്ന ദൃശ്യവും പൊലീസിനു ലഭിച്ചു.കോപ്പർ എർത്ത് സ്ട്രിപ് ആണ് പ്രധാനമായും കൊണ്ടുപോയത്. കേബിൾ, ടാപ്, പൈപ്പ് എന്നിവയും കവർന്നു. കെട്ടിടത്തിലെ വയറിങ്, പ്ലമിങ് കരാർ എടുത്ത നെഫ്സാൻ എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് മോഷണം പോയ വസ്തുക്കൾ. മോഷ്ടാവ് എത്തുമ്പോൾ സ്ഥലത്ത് 2 തൊഴിലാളികൾ ഉണ്ടായിരുന്നു. കമ്പനി ജീവനക്കാരനാണെന്ന രീതിയിൽ സംസാരിച്ച മോഷ്ടാവ് തൊട്ടടുത്ത പണിസ്ഥലത്തേക്ക് സാധനങ്ങൾ വേണമെന്ന് അറിയിച്ചാണ് സാധനങ്ങൾ ചാക്കിൽ നിറച്ചത്. ചാക്കുകെട്ട് കെട്ടിടത്തിനു താഴെ എത്തിച്ച് സ്കൂട്ടറിൽ കയറ്റുന്നതു കണ്ടപ്പോൾ തൊഴിലാളികൾക്ക് സംശയം തോന്നി ചോദ്യംചെയ്തെങ്കിലും മോഷ്ടാവ് സാധനങ്ങളുമായി കടന്നുകളയുകയായിരുന്നു. ആശുപത്രി പിആർഒ എം.കെ.അബ്ദുൽ ഖാദറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 6 മാസത്തിനിടെ ആശുപത്രി വളപ്പിൽനിന്ന് മൂന്നിലേറെ തവണ വയറിങ് സാമഗ്രികളും മറ്റും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരാറുകാർ പറഞ്ഞു.
മലപ്പുറം: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപക തസ്തികാ നിർണ്ണയ നടപടികൾ ഈ മാസം പൂർത്തിയാവും. പി.എസ്.സി ലിസ്റ്റിലുള്ളവർക്ക് ലഭിക്കുന്ന ഒഴിവുകളിൽ ഭൂരിഭാഗവും തസ്തികാ നിർണ്ണയം മുഖേന ലഭിക്കുന്നതാണ്. ഈ വർഷം ഡിവിഷൽ ഫാൾ മൂലം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അദ്ധ്യാപക തസ്തിക നഷ്ടപ്പെട്ടത് മലപ്പുറത്തായതിനാൽ എൽ.പി.എസ്.എ, യു.പി.എസ്.എ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. 2024- 25 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക്പ്രകാരം കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് എൽ.പി വിഭാഗത്തിൽ 66ഉം യു.പി വിഭാഗത്തിൽ 37ഉം അടക്കം ആകെ 103 തസ്തികകൾ നഷ്ടമായിട്ടുണ്ട്. ഇതോടെ വിരമിക്കൽ വഴിയുള്ള ഒഴിവുകളിൽ തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ നിയമിച്ച ശേഷമാവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. ഫലത്തിൽ പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളുടെ എണ്ണം തീർത്തും കുറയും.
കകുട്ടികളുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടി തസ്തികകൾ അതിവേഗത്തിൽ വെട്ടിച്ചുരുക്കുന്ന വിദ്യാഭ്യാസ വകുപ്പ് അധികൃതർ കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ അധിക തസ്തികകൾ അനുവദിക്കാൻ തയ്യാറാവാത്തത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാണ്. 35 കുട്ടികളാണ് ഓരോ ക്ലാസിലും ഉണ്ടാവേണ്ടത് എന്നാണ് നിയമം. അതേസമയം ജില്ലയിലെ പല സ്കൂളുകളിലും ഒരു ക്ലാസിൽ തന്നെ 60ന് മുകളിൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. അദ്ധ്യാപകരുടെ ജോലിഭാരത്തിനൊപ്പം കുട്ടികളുടെ പഠന നിലവാരം വേണ്ടത്ര ശ്രദ്ധിക്കാനും കഴിയില്ല. കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ അധിക തസ്തിക അനുവദിച്ചാൽ മാത്രമേ ഡിവിഷൻ ഫാൾ മൂലം നഷ്ടപ്പെടുന്ന തസ്തികകൾ നിലനിറുത്താൻ സാധിക്കൂ. സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി സർക്കാർ ഇതിനോട് മുഖം തിരിച്ചുനിൽക്കാറാണ് പതിവ്. അധിക തസ്തികകളുടെ പ്രപ്പോസൽ ഡി.ഡി.ഇയ്ക്ക് പരിശോധനയക്കായി കൈമാറിയിട്ടുണ്ട് എന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
മലപ്പുറം: ജില്ലാ ട്രോമാകെയര്‍ വളന്റിയര്‍മാര്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നടത്തി. ജില്ലാകലക്ടര്‍ വി.ആര് വിനോദ് ഉദ്ഘാടനം ചെയ്തു. വിലമതിക്കാനാവാത്ത പ്രവര്‍ത്തനമാണ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ നടത്തുന്നതെന്ന് കലക്ടര്‍ പഞ്ഞു. അഡ്വ. ഹാറൂണ്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് മുഖ്യ പ്രഭാഷണം നടത്തി.
ദുരന്തനിവാരണ മേഖലയില്‍ ഏറെക്കാലം സേവനം ചെയ്തിട്ടുള്ള മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കാണ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രത്യേക പരിശീലന പരിപാടി നടത്തിയത്. കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് മാനേജര്‍ ബെന്‍സില്‍ പി ജോണ്‍ മുഖ്യാതിഥിയായിരുന്നു. ജില്ല ട്രോമാകെയര്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രതീഷ്, കെയര്‍ പദ്ധതി ജില്ലാ കോഡിനേറ്റര്‍ അബൂബക്കര്‍ കെ സിയ, ട്രോമാകെയര്‍ ജോയിന്‍ സെക്രട്ടറി അഷ്റഫ് വണ്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുരന്ത നിവാരണ പ്രവര്ത്തകന് രഞ്ജിത്ത് ഇസ്രായേല്‍ നേതൃത്വം നല്കി.
മലപ്പുറത്തെ ദേശവിരുദ്ധമാക്കി ചർച്ച തുടങ്ങിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ് അല്ലാതെ മുസ്ലിം ലീഗല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗിനെ പറ്റി മുഖ്യമന്ത്രി നല്ലത് പറഞ്ഞതിൽ സന്തോഷമുണ്ട്. മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് വരികയും പോവുകയും ചെയ്യുന്നുവെന്നതരത്തിലുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ് ഈ ചർച്ചയ്ക്കെല്ലാം ഇടയാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
എന്നാൽ കുഞ്ഞാലിക്കുട്ടിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാലും മുഖ്യമന്ത്രിക്ക് നേരെ വിമർശനവുമായി രംഗത്തെത്തി. മുസ്ലിം സംഘടനകളുമായുള്ള സിപിഎമ്മിന്റെ ബന്ധം അവസരവാദപരമാണെന്നാണ് കെസി വേണുഗോപാലിന്റെ വിമർശനം.
CPIMന് വോട്ടു ചെയ്താൽ മതേതരവും അല്ലാത്തപ്പോൾ ഈ സംഘടനകൾ വർഗീയവും ആവും. പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് മുഖ്യമന്ത്രിയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു ഇന്നലെ ചേലക്കരയിലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത്. കരിപ്പൂർ വിമാനത്താവളം വഴി കൂടുതൽ സ്വർണ്ണവും, ഹവാല പണവും വരുന്നു എന്ന കണക്കുകൾ എങ്ങനെ മലപ്പുറത്തെ അപമാനിക്കലാവും എന്ന് മുഖ്യമന്ത്രി ചോദിച്ചു. ന്യൂനപക്ഷ വർഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുമായി ലീഗ് സമരസപ്പെട്ടുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷ വർഗീയതയോട് ലീഗ് സമരസപ്പെട്ടുവെന്നും വിമർശനമുണ്ട്. കള്ളക്കടത്ത് സ്വർണം പിടിക്കുന്നത് പൊലീസിനെ ജോലിയാണെന്നും, കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
മലപ്പുറം: മലപ്പുറം വാട്സാപ് ഗ്രൂപ്പിൽ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം ആക്ഷേപം നടത്തിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ജില്ലാ പൊലീസ് ചീഫ് പി ആർ വിശ്വനാഥ് ഉത്തരവിട്ടു. പൊലീസിനെതിരായ വാർത്തകളും അഭിപ്രായങ്ങളും ഗ്രൂപ്പുകളിൽ പങ്കുവച്ചതിനാണ് നിലമ്പൂർ സ്റ്റേഷൻ എഎസ്ഐ ടി എസ് നിഷ, സ്പെഷ്യൽ ബ്രാഞ്ച് ഇന്റലിജൻസ് വിഭാഗം സിപിഒ ഇ ജി പ്രദീപ്, മഞ്ചേരി സ്റ്റേഷൻ സിപിഒ പി ഹുസൈൻ, ട്രാഫിക് സ്റ്റേഷനിലെ സിപിഒ അബ്ദുൾ അസീസ് എന്നിവർക്കെതിരെ അന്വേഷണം.
ഇ ജി പ്രദീപിനെ കഴിഞ്ഞദിവസം ഇന്റലിജൻസ് വിഭാഗത്തിൽനിന്ന് വഴിക്കടവ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. മലപ്പുറം മുൻ പൊലീസ് ചീഫ് എസ് സുജിത് ദാസിനെതിരെ പി വി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതുമുതലാണ് വാട്സാപ് ഗ്രൂപ്പിൽ ഇവർ പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ നിരന്തരം അധിക്ഷേപംചൊരിഞ്ഞത്. സുജിത് ദാസിനെ സർക്കാർ സസ്പെൻഡുചെയ്തപ്പോൾ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നായിരുന്നു പ്രതികരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ പത്രത്തിലെ ലേഖനത്തിന്റെ മറപിടിച്ച് മതമൗലികവാദ സംഘടനകൾ നടത്തിയ വർഗീയപ്രചാരണത്തെ അനുകൂലിച്ചും ചിലർ ഗ്രൂപ്പിൽ കമന്റിട്ടു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഇരുന്നൂറോളം പൊലീസുകാർ അംഗങ്ങളായുള്ള മലപ്പുറം പൊലീസ് വാട്സാപ് ഗ്രൂപ്പ് വഴിയാണ് ഇവർ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. പൊലീസ് സേനയുടെ അച്ചടക്കത്തിന് വിരുദ്ധമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിശദ അന്വേഷണത്തിന് പെരിന്തൽമണ്ണ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി ജില്ലാ പൊലീസ് ചീഫ് ഉത്തരവിറക്കിയത്.
തിരുവനന്തപുരം: പൊതുജനം ഓഫീസുകൾ കയറിയിറങ്ങി വലയുന്നതൊഴിവാക്കാൻ 12 ഇ സേവനങ്ങളാണ് റവന്യൂ വകുപ്പ് നടപ്പാക്കുന്നത്. ചിലത് നടപ്പാക്കി, മറ്റുള്ളവ പരീക്ഷണ ഘട്ടത്തിലും. ഇതിൽ ഏറ്റവും ആശ്വാസം തരുന്നതാണ് വില്ലേജ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വി.ഒ.എം.ഐ.എസ്) ഡാഷ്ബോർഡ്.വില്ലേജ് ഓഫീസുകളിൽ നിന്ന് കിട്ടേണ്ട 22 സർട്ടിഫിക്കറ്റുകൾക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. തുടർ നടപടികളും അറിയാം. അപ്ഡേഷൻ പോർട്ടലിൽ കിട്ടും. ക്യാൻസർ പെൻഷൻ, ദുരിതാശ്വാസം, മുഖ്യമന്ത്രിക്കുള്ള പരാതികൾ തുടങ്ങിയവ ഈ സംവിധാനത്തിലേക്ക് വരും. ഭൂനികുതി, പോക്കുവരവ് സേവനങ്ങളും ഇതിലൂടെയാവും.
ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടും. ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പ്രതിമാസ അവലോകന യോഗങ്ങൾ പോർട്ടലിൽ നടത്താം. ഉടൻ നിലവിൽ വരും. ബാങ്കുൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുക്കുമ്പോൾ ബാദ്ധ്യത ഭൂമിയുടെ സബ്ഡിവിഷനിൽ രേഖപ്പെടുത്താനുള്ള സംവിധാനം. കാലാവധി കഴിയുമ്പോൾ രേഖപ്പെടുത്തിയ ബാദ്ധ്യത നീക്കം ചെയ്യാനുമാവും. (സൗകര്യം ഏർപ്പെടുത്തി, www.emr.kerala.gov.in)
ഏതു ഭൂമിയെക്കുറിച്ചും ബാദ്ധ്യത സംബന്ധിച്ചും സമഗ്ര വിവരം ലഭ്യമാവും. https://www.emr.kerala.gov.inൽ പ്രവേശിച്ച് വെരിഫൈ ലാൻഡ് എന്ന ഓപ്ഷനിൽ ക്ളിക്ക് ചെയ്യണം. തണ്ടപ്പേരോ സർവേ നമ്പരോ ഉപയോഗിച്ച് സേവനം തേടാം. (നടപ്പാക്കിക്കഴിഞ്ഞു) കെട്ടിടങ്ങളുടെ ഒറ്രത്തവണ നികുതിയും ലക്ഷ്വറി നികുതിയും അടയ്ക്കാം. മുൻകൂർ വാങ്ങാറുള്ള ഈ നികുതി പ്രവാസികൾക്ക് നാട്ടിലെത്താതെ അടയ്ക്കാനാവും. (പരീക്ഷണ ഘട്ടത്തിൽ)
റിക്കവറി കുടിശിക തുക വില്ലേജ് ഓഫീസിൽ നിന്ന് കുടിശിക നൽകേണ്ട സ്ഥാപനത്തിന് ബാങ്ക് ഡ്രാഫ്റ്റായോ നേരിട്ടോ കൈമാറുകയാണ് പതിവ്. പകരം തഹസീൽദാർമാരുടെ പേരിൽ ട്രഷറിയിൽ ടി.എസ്.ബി അക്കൗണ്ടുകൾ തുടങ്ങി അതിൽനിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനം. (ഉടൻ നടപ്പാക്കും) ഭൂനികുതി, കെട്ടിട നികുതി, തരംമാറ്റം തുടങ്ങി 10 ഇ- സേവനങ്ങൾ വിദേശരാജ്യങ്ങളിലും ലഭ്യമാണ്. മലയാളികൾ ഏറെയുള്ള യു.കെ, യു.എസ്.എ, കാനഡ, സിംഗപ്പൂർ, സൗദി, യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹറിൻ എന്നീ രാജ്യങ്ങളാണിവ. (www.revenue.kerala.gov.inൽ ഇതിന് സൗകര്യമുണ്ട്)
തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികൾക്കും കുട്ടികൾക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുൻഗണനാ വിഭാഗത്തിൽപെട്ട മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്നും പിങ്ക് വിഭാഗത്തിൽപെട്ട 83.67% പേർ മസ്റ്ററിങ് പൂർത്തിയാക്കിയെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
മുൻഗണനാ റേഷൻ കാർഡുകളുള്ള 16 ശതമാനത്തോളംപേർ കൂടി സംസ്ഥാനത്ത് മസ്റ്ററിങ് പൂർത്തിയാക്കാനാളുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. മസ്റ്ററിങ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നും മന്ത്രി വ്യക്തമാക്കി
ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 18-ന് തുടങ്ങി ഒക്ടോബർ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാൽ 80% കാർഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂർത്തിയായത്. ഇതോടെ ഒക്ടോബർ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേർ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും നവംബർ അഞ്ച് വരെ നീട്ടിയത്. സുപ്രീം കോടതി ഉത്തര്‍ അനുസരിച്ച് കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്.
മലപ്പുറം : ജില്ലയിൽ 24 ദിവസത്തിനിടെ വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 22 ജീവൻ. ആകെയുണ്ടായത് 20 വാഹനാപകടം. അറിയുക, അതിൽ 19 അപകടങ്ങളിലും ഉൾപ്പെട്ടത് ഇരുചക്രവാഹനങ്ങളാണ്. തീർന്നില്ല, നാലെണ്ണം ഇരുചക്രവാഹനങ്ങൾ മാത്രം തമ്മിലിടിച്ചുണ്ടായവയാണ്.
ഒരുനിമിഷത്തെ അശ്രദ്ധയാകാം അപകടകാരണം. കുടുംബത്തിന് താങ്ങാകേണ്ട, നാടിനു പ്രതീക്ഷയാകേണ്ട ജീവനുകളാണ് ആവേശത്തിന്റെയോ അശ്രദ്ധയുടെയോ പേരിൽ കൂടുതലും നഷ്ടമാകുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസം ഒന്നുമുതൽ 24 വരെ ജില്ലയിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടമായ 22 പേരിൽ 30 വയസ്സിൽ താഴെയുള്ളവർ പത്തുപേരായിരുന്നു. അതിൽതന്നെ കോളേജ് വിദ്യാർഥികളായ നാലുപേരുമാണ്. വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയില്ലായ്മ നാല് കാൽനടക്കാരുടെയും ജീവനെടുത്തു.
അപകടത്തിൽ പെട്ടവയിൽ ക്യുബിക് കപ്പാസിറ്റി (സി.സി.) കൂടിയ പുതുതലമുറ ബൈക്കുകളുമുണ്ട്. ആറ് കാറുകൾ അപകടത്തിൽപ്പെട്ടപ്പോൾ രണ്ടുവീതം ലോറിയും ബസുമാണ് മറ്റ് അപകടങ്ങളിൽ ഉൾപ്പെട്ടത്. കഴിഞ്ഞദിവസമാണ് ദേശീയപാതയിൽ മൂന്നിയൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഇരുപതുവയസ്സുകാരായ രണ്ടു യുവാക്കളും രാമപുരം പനങ്ങാങ്ങരയിൽ ബൈക്കും കെ.എസ്.ആർ.ടി.സി. ബസും ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു കോളേജ് വിദ്യാർഥികളും മരിച്ചത്. 19 വയസ്സായിരുന്നു ഇവർക്ക്.
മലപ്പുറം : മലപ്പുറമെന്ന് പറയുമ്പോൾ ഇസ്ലാമിനെതിരെ പറഞ്ഞെന്ന് ലീഗ് പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും കൂടുതൽ കേസ് മലപ്പുറത്തെന്ന് പ്രചരിക്കുന്നതിൽ വസ്തുതയില്ല. മുസ്ലിം ലീഗ് അസത്യം പ്രചരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു. പി ജയരാജൻ്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ടാണ് പിണറായിയുടെ പരാമർശം.
മുസ്ലിം ലീഗ് രാഷ്ട്രീയ ദുരുദ്ദേശത്തോടെ അസത്യം പ്രചരിപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും സംഘപരിവാറും ഒരേതൂവൽ പക്ഷികൾ. ജമാഅത്തെ ഇസ്ലാമി പിന്തിരിപ്പന്മാരെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇസ്ലാം മത രാഷ്ട്രം ജമാ അത്തെ ഇസ്ലാമികളുടെ ലക്ഷ്യം. ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം ബ്രദർ ഹുഡുമായി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുസ്തക രചയിതാവിന് അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങൾ ഉണ്ടാകും. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ ആ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നില്ലെന്നും പിണറായി പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാൽ മതിയെന്നും പിണറായി കൂട്ടിച്ചേർത്തു.
ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാർവ്വ ദേശീയതയാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വർഗീയ കക്ഷികളുമായി കൂട്ടു കൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാഷ്ട്രീയം പൊതുവിൽ മതനിരപേക്ഷമായി നിലകൊള്ളുകയുള്ളൂവെന്നതാണ് ഈ കൃതിയുടെ പൊതുവായ സമീപനം. ഏറെ പഠന ഗവേഷണങ്ങൾ നടത്തി തന്റേതായ വിലയിരുത്തലുകൾ കൊണ്ട് രൂപപ്പെടുത്തി ഇങ്ങനെയൊരു കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ പങ്കെടുത്ത 3.78 ലക്ഷം പേരിൽ 1.80 ലക്ഷം പേർക്കും രോഗസാദ്ധ്യത കണ്ടെത്തി. ഇതിൽ കാൻസർ സാദ്ധ്യതയുള്ളത് 12,469 പേർക്കാണ്. ഇതിൽതന്നെ സ്തനാർബുദ സാദ്ധ്യതയുള്ളവരാണ് കൂടുതൽ – 6,262 പേർ. വായിലെ കാൻസറിന് 2,734, ഗർഭാശയ കാൻസറിന് 3,473 പേർക്കും സാദ്ധ്യത കണ്ടെത്തി. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 17,331 പേരിലാണ്. 41,776 പേരിൽ രക്തസമ്മർദവും 36,311 പേരിൽ പ്രമേഹ സാദ്ധ്യതയും കണ്ടെത്തി. 15,589 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതലുള്ള കണക്കാണിത്. പരിശോധനയ്ക്ക് വിധേയമായവരിൽ 94,136 പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 6,694 പേർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും 4,048 പേർ കിടപ്പിലായവരുമാണ്.
രോഗ സാദ്ധ്യതയുള്ളവർക്ക് പാപ്സ്മിയർ, ബയോപ്സി പരിശോധനകളടക്കമുള്ളവ നടത്തി സാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.ഡിസംബറിൽ പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തീകരിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇതിനിടെ ആശാവർക്കർമാരുടെ സമരമടക്കം നടന്നതിനാൽ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവരും.
ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ ക്യാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. ആരോഗ്യ നിലവാരം സൂചിപ്പിച്ച് വ്യക്തിഗത സ്കോറും നൽകും. സർവേയിൽ ഹൈറിസ്ക് കാറ്റഗറിയിൽപ്പെടുന്നവരെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ വച്ച് സ്ക്രീൻ ചെയ്യും. പ്രഷർ, ഷുഗർ എന്നിവയാണ് ഇവിടെ വെച്ച് സ്ക്രീൻ ചെയ്യുന്നത്. ക്യാൻസർ, ക്ഷയം, കുഷ്ഠം തുടങ്ങിയവയുടെ സ്ക്രീനിംഗ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. പാപ്സ്മിയർ പരിശോധന കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചെയ്യും.