അരീക്കോട്: അരീക്കോട് ജി എം യു പി സ്കൂളിന് മുന്നിൽ താമസിക്കുന്ന മർഹൂം മുണ്ടമ്പ്ര അബൂബക്കർ എന്നവരുടെ ഭാര്യ മുണ്ടമ്പ്ര ആയിഷകുട്ടി മരണപെട്ടിരിക്കുന്നു. (14/11/2024) മയ്യത്ത് നിസ്കാരം 4.30ന് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ. മക്കൾ : എം പി നാസർ (വ്യാപാരി വ്യവസായി ഏകോപന സമിതി ), എം പി മുസ്തഫ, അഷ്‌റഫ് (കുഞ്ഞുട്ടി )ജലീൽ, നുജൂo, നാസിറ കൊടിയത്തൂർ
അരീക്കോട്: അരീക്കോട് അത്താണിക്കല്‍ സ്വദേശി സഹീദ് ചെറൂത്ത് (40) സൗദിയിൽ വെച്ച് വാഹനാപകടത്തിൽ വെച്ചു മരിച്ചു.
റാസ് അല്‍ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്. ജുബൈലിലെ ഒരു ഓയില്‍ വർക്ക് ഷോപ്പില്‍ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. മയ്യിത്ത് ജുബൈല്‍ ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൈത്തായില്‍പാറ അബൂബക്കർ മുസ്ലിയാരുടെ മകനാണ്. മാതാവ്: ഫാത്തിമ. ഭാര്യ: ജുവൈരിയത്തുല്‍ ഹുസ്ന, മക്കള്‍: ഫാത്തിമ റൻസ, മുഹമ്മദ് റസാൻ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്‍ മജീദ്, അബ്ദുസ്സലാം, മൈമൂന, റംല, നുസ്റത്ത്. മയ്യിത്ത് ജുബൈലില്‍ ഖബറടക്കും.
പത്തനാപുരം : 2024 കേരള സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അരീക്കോട് ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ, പത്തനാപുരം എ യു പി സ്കൂളിലെ വിദ്യാർത്ഥി ആത്മജ് യുപി വിഭാഗം ടാലൻറ് സെർച്ച് പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്കൂൾ, കുട്ടികളിൽ പഠന മികവ് വർധിപ്പിച്ച് ഉയർച്ചയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
കുറ്റൂർ: ഒരു കുട്ടിയുടെ കുടുംബത്തിന് ഉപജീവന മാർഗ്ഗം ഒരുക്കി അധ്യാപകൻ രാജുവർഗ്ഗീസ് സ്വന്തം മാതൃകയായി. കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ കൂടിയായ രാജു മാഷ്, സ്കൂളിലെ ഒരു കുട്ടിയുടെ കുടുംബത്തിന് സഹായഹസ്തം നീട്ടി, സ്വന്തമായ ചെലവിൽ രണ്ട് ആടുകളെ നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ഥിരം സാന്നിധ്യമായ രാജു മാഷ്, ഈ സ്നേഹപൂർവ്വമായ കൃതി കൊണ്ടും മാതൃകയായി മാറി.
കുടുംബത്തിന്റെ ഉപജീവനത്തിന് സഹായകരമായ ഈ ആടുകൾ കൈമാറുന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻറ് നിഷാദ് കെ.പി. ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യാപകരായ ശശി, ബിന്ദു, ഉബൈദ്, ഷീന തുടങ്ങിയവരും കുട്ടിയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു.
അരീക്കോട്: വേറിട്ട പരിപാടികളുമായി നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ‘ഓപ്പൺ മൈൻഡ്’ എന്ന പേരിൽ സംഘടിപ്പിച്ച നോളജ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഉന്നതരായ പ്രതിഭകളുമായി വിദ്യാർഥികൾക്ക് സംവദിക്കുന്നതിന് വേദിയൊരുക്കിയ “ഓപ്പൺ മൈൻഡ് – ദി സുല്ലം ടോക്” രാവിലെ പത്തു മണിക്ക് സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിൽ വെച്ചാണ് നടന്നത്.
തീർത്തും വൈവിധ്യമാർന്ന നാല് വ്യത്യസ്ത സെഷനുകളിലായിട്ടാണ് പരിപാടി നടന്നത്. രാവിലെ 10 മുതൽ 11 വരെ ‘വിസ്റ്റ വിത് ഡോ.വേണു’. കർത്തവ്യപാതയിൽ വേറിട്ട ചരിത്രം രചിച്ച കേരള മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസുമായിട്ടുള്ള അഭിമുഖം ആയിരുന്നു ഈ സെഷൻ. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രിൻസിപ്പൽ കെ.ടി മുനീർ റഹ്മാൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. എൻ.വി അബ്ദുറഹിമാൻ ഈ സെഷനിൽ അധ്യക്ഷതയും വഹിച്ചു.
11 മുതൽ 11.45 വരെ നടന്ന ‘ട്രയോ ടോക്’ സെഷനിൽ സഹപാഠികളായ ഡോ. വേണു ഐ എ എസ്, ഡോ. എം കെ മുനീർ, ഡോ. സഫറുള്ള എന്നിവർ അവരുടെ ക്യാമ്പസ് അനുഭവങ്ങളും സൗഹൃദവും കുട്ടികളോട് പങ്കിട്ടു. ഹിമ അജ് വദ് മോഡറേറ്ററായി. 11.45 മുതൽ 12.30 വരെ ‘ലിറ്റററി ലെൻസ്’. 2024 ലെ ജെ സി ബി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട നോവലിന്റെ രചയിതാവായ സഹറു നുസൈബ കണ്ണനാരിയാണ് അതിഥിആയി എത്തിയത്. എം.പി റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. 12.30 മുതൽ 1.15 വരെ നടന്ന ‘ഡ്രീംസ് ടു റിയാലിറ്റി’ എന്ന സെഷനിൽ ‘ഇന്റർവെൽ’ എന്ന സംരംഭത്തിലൂടെ സ്വപ്ന സദൃശ്യമായ നേട്ടങ്ങൾ കൈവരിച്ച പൂർവ വിദ്യാർഥികളായ ഷിബിലി അമീൻ, നാജിം ഇല്ല്യാസ് എന്നിവരെ ആദരിച്ചു. പി എം ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി എൻ വി ഹിമ അജ് വദിനെ ചടങ്ങിൽ ആദരിച്ചു.പിടിഎ പ്രസിഡണ്ട് മുനീർ ജോളി നന്ദി പറഞ്ഞു. സ്കൂളിന്റെയും പുസ്തകത്തിന്റെയും അതിർത്തികൾക്കപ്പുറം വലിയ ലോകത്തെ അറിയാനും വലിയ സ്വപ്നങ്ങൾ കാണാനും കുട്ടികൾക്ക് അപൂർവ അവസരമൊരുക്കിയ ഓപ്പൺ മൈൻഡ് സംഘാടന രീതി കൊണ്ടും അതിഥികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
സിവിൽ സർവീസ് ഉൾപ്പെടെ മറ്റു മത്സരപരീക്ഷകൾക്ക് സ്കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികളെ തയ്യാറാക്കുന്ന ‘ആസ്പയർ’ ക്ലബ്ബിൽ അംഗങ്ങളായ പഠിതാക്കളാണ് സുല്ലം ടാക്കിൽ അതിഥികളുമായി സംവദിച്ചത്. നേരത്തേ എൻ എം എം എസ്-സി യു ടി ഇ ഓറിയന്റേഷൻ കൂടിയാണ് സെഷനുകൾക്ക് ആരംഭം കുറിച്ചത്. എജുപോർട്ട് ഫൗണ്ടർ അജാസ് മുഹമ്മദ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ സിപി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. റോഷ്ന വി നന്ദി പറഞ്ഞു.
അരീക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി CWFI പെൻഷൻകാർക്ക് ചെമ്രക്കാട്ടൂലിൽ സംഘടിപ്പിച്ച കൺവെൻഷൻ യൂണിയൻ ഏരിയാ കമ്മിറ്റി അംഗം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.എം. പ്രകാശൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം യമുന, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ദേവദാസൻ, ഏരിയാ ട്രഷറർ വാസുദേവൻ, ശങ്കരൻ എന്നിവർ സംസാരിച്ചു.
വാഴക്കാട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർ മരണപെട്ടു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ റിയാസ് (29) എന്നിവർ മരണപെട്ടത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
രണ്ട് കാറുകൾ, ഓട്ടോറിക്ഷ, രണ്ടു ബൈക്ക്, ഒരു സ്കൂട്ടർ എന്നിവ ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു. മറ്റു രണ്ടു പേർക്ക് പരിക്കുണ്ട്.
ചീക്കോട്: എന്റെ കുടുംബത്തിന് സുന്നത്ത് എന്റെ കുട്ടിക്ക് കുസുമം എന്ന പ്രമേയത്തിൽ ഈ മാസം അഞ്ചു മുതൽ പതിനഞ്ചു വരെ നീണ്ടുനിൽക്കുന്ന സുന്നത്ത് മാസിക ക്യാമ്പയിൻ വെട്ടുപ്പാറയിൽ നടന്ന റൈയ്ഞ്ച് യോഗത്തിൽ ചീക്കോട് റൈയിഞ്ച് അംഗങ്ങൾ വരി ചേർന്നു. അബ്ദുറഹീം സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് സഖാഫി ഉദ്ഘാടനം നിർവഹിക്കുകയും ഇബ്രാഹിം സഖാഫി വിഷയാവതരണം നടത്തുകയും ചൈതു. അധാർമ്മികതയിലും കലുഷതയിലും നീങ്ങുന്ന സമൂഹത്തെ വിജ്ഞാനവും ധർമ്മബോധവും നൽകുന്ന വഴിക്കാട്ടിയാണ് സുന്നത്ത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉമർ മുസ്ലിയാർ സ്വാഗതം പറയുകയും ജുനൈദ് ശാമിൽ ഇർഫാനി നന്ദി പറയുകയും ചെയ്തു.
അരീക്കോട് : അരിക്കോട് ഉപജില്ല കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ 90 മാർക്ക് നേടി പത്തനാപുരം എയുപി സ്കൂൾ, മറ്റു സ്കൂളുകളെ പിന്നിലാക്കി കൊണ്ട് ഓവറോൾ സ്ഥാനം നിലനിർത്തി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പത്തനാപുരം എയുപി സ്കൂൾ, എൽപി ജനറൽ വിഭാഗം, യു പി ജനറൽ വിഭാഗം, എൽപി അറബിക് വിഭാഗം, യു പി അറബിക് വിഭാഗം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. വിജയപാതയിൽ തുടർച്ചയായി മുന്നേറുകയാണ് പത്തനാപുരം എയുപി സ്കൂൾ.
അരീക്കോട് : മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ “മലയാളം മറക്കുന്ന മലയാളി” എന്ന വിഷയത്തിൽ പ്രഭാഷണവും, കെഎസ്എസ്പിയു അംഗങ്ങളുടെ കവിതാലാപനവും സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ വാസു ഉദ്ഘാടനം ചെയ്തു. നൗഷാദ് അരീക്കോട് വിഷയാവതരണം നടത്തി. കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് പ്രസിഡണ്ട് കെ വി ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു.
കെഎസ്എസ്പിയു മലപ്പുറം ജില്ലാ ജോ.സെക്രട്ടറി ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി കെ ഇബ്രാഹീം, ജില്ലാ കമ്മിറ്റി അംഗം പി നാരായണി, ബ്ലോക്ക് സെക്രട്ടറി അബ്ദുൽ റഷീദ് അറഞ്ഞിക്കൽ, ബി പി ഗോപാലകൃഷ്ണൻ, നാരായണൻ ചെറള സംസാരിച്ചു. ബ്ലോക്ക് സാംസ്കരിക കൺവീനർ ടി .മുഹമ്മദലി സ്വാഗതവും, ബ്ലോക്ക്സാംസ്കരിക സമിതിഅംഗം സുബ്രഹ്മണ്യൻ പാടുകണ്ണി നന്ദിയും പറഞ്ഞു.