അരീക്കോട്: വേറിട്ട പരിപാടികളുമായി നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ‘ഓപ്പൺ മൈൻഡ്’ എന്ന പേരിൽ സംഘടിപ്പിച്ച നോളജ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഉന്നതരായ പ്രതിഭകളുമായി വിദ്യാർഥികൾക്ക് സംവദിക്കുന്നതിന് വേദിയൊരുക്കിയ “ഓപ്പൺ മൈൻഡ് – ദി സുല്ലം ടോക്” രാവിലെ പത്തു മണിക്ക് സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിൽ വെച്ചാണ് നടന്നത്.

തീർത്തും വൈവിധ്യമാർന്ന നാല് വ്യത്യസ്ത സെഷനുകളിലായിട്ടാണ് പരിപാടി നടന്നത്. രാവിലെ 10 മുതൽ 11 വരെ ‘വിസ്റ്റ വിത് ഡോ.വേണു’. കർത്തവ്യപാതയിൽ വേറിട്ട ചരിത്രം രചിച്ച കേരള മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസുമായിട്ടുള്ള അഭിമുഖം ആയിരുന്നു ഈ സെഷൻ. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രിൻസിപ്പൽ കെ.ടി മുനീർ റഹ്മാൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. എൻ.വി അബ്ദുറഹിമാൻ ഈ സെഷനിൽ അധ്യക്ഷതയും വഹിച്ചു.

11 മുതൽ 11.45 വരെ നടന്ന ‘ട്രയോ ടോക്’ സെഷനിൽ സഹപാഠികളായ ഡോ. വേണു ഐ എ എസ്, ഡോ. എം കെ മുനീർ, ഡോ. സഫറുള്ള എന്നിവർ അവരുടെ ക്യാമ്പസ് അനുഭവങ്ങളും സൗഹൃദവും കുട്ടികളോട് പങ്കിട്ടു. ഹിമ അജ് വദ് മോഡറേറ്ററായി. 11.45 മുതൽ 12.30 വരെ ‘ലിറ്റററി ലെൻസ്’. 2024 ലെ ജെ സി ബി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട നോവലിന്റെ രചയിതാവായ സഹറു നുസൈബ കണ്ണനാരിയാണ് അതിഥിആയി എത്തിയത്. എം.പി റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. 12.30 മുതൽ 1.15 വരെ നടന്ന ‘ഡ്രീംസ് ടു റിയാലിറ്റി’ എന്ന സെഷനിൽ ‘ഇന്റർവെൽ’ എന്ന സംരംഭത്തിലൂടെ സ്വപ്ന സദൃശ്യമായ നേട്ടങ്ങൾ കൈവരിച്ച പൂർവ വിദ്യാർഥികളായ ഷിബിലി അമീൻ, നാജിം ഇല്ല്യാസ് എന്നിവരെ ആദരിച്ചു. പി എം ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി എൻ വി ഹിമ അജ് വദിനെ ചടങ്ങിൽ ആദരിച്ചു.പിടിഎ പ്രസിഡണ്ട് മുനീർ ജോളി നന്ദി പറഞ്ഞു. സ്കൂളിന്റെയും പുസ്തകത്തിന്റെയും അതിർത്തികൾക്കപ്പുറം വലിയ ലോകത്തെ അറിയാനും വലിയ സ്വപ്നങ്ങൾ കാണാനും കുട്ടികൾക്ക് അപൂർവ അവസരമൊരുക്കിയ ഓപ്പൺ മൈൻഡ് സംഘാടന രീതി കൊണ്ടും അതിഥികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

സിവിൽ സർവീസ് ഉൾപ്പെടെ മറ്റു മത്സരപരീക്ഷകൾക്ക് സ്കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികളെ തയ്യാറാക്കുന്ന ‘ആസ്പയർ’ ക്ലബ്ബിൽ അംഗങ്ങളായ പഠിതാക്കളാണ് സുല്ലം ടാക്കിൽ അതിഥികളുമായി സംവദിച്ചത്. നേരത്തേ എൻ എം എം എസ്-സി യു ടി ഇ ഓറിയന്റേഷൻ കൂടിയാണ് സെഷനുകൾക്ക് ആരംഭം കുറിച്ചത്. എജുപോർട്ട് ഫൗണ്ടർ അജാസ് മുഹമ്മദ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ സിപി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. റോഷ്ന വി നന്ദി പറഞ്ഞു.

Author

Comments are closed.