Author

admin

Browsing

എടപ്പാൾ: പഞ്ചായത്ത് മെമ്പറും അനുജനും ചേർന്ന് മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ച സംഭവത്തിൽ പൊന്നാനി പോലീസിൻ്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് തിരൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ‘കണ്ട നകം പാലപ്ര റോഡിൽ താമസിക്കുന്നതോണ്ടലിൽ അബ്ദുൽ കാദറിൻ്റെ മകൻ ഷെരീഫാണ് എട്ടാം വാർഡ് മെമ്പറായ കാലടി പഞ്ചായത്തിലെ അബ്ദുൽ ഗഫൂർ നീർക്കാട്ടിൽ കബീർ തുടങ്ങിയവർക്കെതിരെ കഴിഞ്ഞ പത്തിന് രാത്രി പരാതി നല്കിയത്. മർദ്ദനത്തെ തുടർന്ന് പൊന്നാനി സർക്കാർ ആശുപ്പത്രിയിലും എടപ്പാൾ ശുകപുരം ആശുപ്പത്രിയിലും ഷെരീഫ് ചികിൽസയിലായിരുന്നിട്ടും ബന്ധപ്പെട്ട പോലീസ് മൊഴിയെടുക്കാനോ അന്വേഷിക്കാനോ പോലിസ് വന്നില്ലന്നതാണ് മുഖ്യ പരാതി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയും തൻ്റെ മൊബെൽ തകർക്കുകയും ചെയ്തതിനാൽ അനുബന്ധ നഷ്ടപരിഹാരവും വേണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. തിരൂർ ഡി.വെ എസ്.പി. ഓഫീസിൽ ഫെരിഫിൻ്റെ മാതാവും സാക്ഷിയായി ഹാജരായി. അന്വേഷണം നടത്തുമെന്ന് തിരൂർ ഡി.വൈ എസ്.പി. ബാലകൃഷ്ണർ അറിയിച്ചു.

ദോഹ : ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനിടെ കത്തിക്കയറി ഖത്തര്‍ റിയാല്‍-രൂപ വിനിമയ നിരക്കും. ഇന്നത്തെ വിപണി അനുസരിച്ച് ഒരു ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയാണ് വിനിമയ നിരക്കെങ്കിലും പണവിനിമയ സ്ഥാപനങ്ങളില്‍ 23 രൂപ 10 പൈസയ്ക്കും 23 രൂപ 15 പൈസയ്ക്കും ഇടയിലാണ് വിനിമയ നിരക്ക് ലഭിക്കുക. വിപണിയിലേതിനേക്കാള്‍ 10-15 ദിര്‍ഹം കുറവാണ് നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ ലഭിക്കുന്ന നിരക്ക്. രൂപയുടെ മൂല്യം കുറയുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

മാസാവസാനം ആകുമ്പോഴേക്കും വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഗണ്യമായ പ്രയോജനം നല്‍കും. കഴിഞ്ഞ 6 മാസത്തിനിടെ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ക്കു നടുവിലായിരുന്നു വിനിമയ നിരക്ക്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8ന് ഒരു റിയാലിന് 22 രൂപ 99 പൈസ ആയിരുന്നതാണ് ഇപ്പോള്‍ 23 രൂപ കടന്നത്. ഓഗസ്റ്റ് പകുതിയില്‍ നേരിയ തോതില്‍ രൂപയുടെ മൂല്യം ഉയര്‍ന്നപ്പോള്‍ വീണ്ടും 22 രൂപയിലേക്ക് മടങ്ങിയെങ്കിലും അടുത്ത ദിവസത്തില്‍ തന്നെ 23 രൂപയിലേക്ക് തിരികെയെത്തിയിരുന്നു.

സെപ്റ്റംബര്‍ 17 മുതല്‍ അവസാന ആഴ്ചകളില്‍ വരെ റിയാല്‍-രൂപ വിനിമയ നിരക്ക് 22 രൂപ 98 പൈസയിലേക്ക് മടങ്ങിയെത്തി. നീണ്ട ആഴ്ചകള്‍ക്ക് ശേഷം സെപ്റ്റംബര്‍ 30 നാണ് വീണ്ടും 23 എത്തിയത്. തുടര്‍ന്നിങ്ങോട്ട് നേരിയ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും 23 രൂപയില്‍ നിന്ന് താഴോട്ട് പോയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗണ്യമായ വളര്‍ച്ചയാണ് വിനിമയ നിരക്കില്‍ ഉണ്ടായിരിക്കുന്നത്. 2014 ല്‍ 17 രൂപയായിരുന്ന വിനിമയ നിരക്കാണ് ഇന്ന് 23 ല്‍ എത്തി നില്‍ക്കുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് റിയാലുമായുള്ള വിനിമയ നിരക്കിന്റെ വര്‍ധനയ്ക്ക് പിന്നില്‍. ജിഡിപിയിലെ വളര്‍ച്ച, പണപ്പെരുപ്പം, പലിശ നിരക്ക്, പൊതു തിരഞ്ഞെടുപ്പ്, വ്യാപാര കരാര്‍ തുടങ്ങി നിരവധി ഘടകങ്ങളും വിനിമയ നിരക്കിനെ സ്വാധീനിക്കുന്നുണ്ട്.

പതിനേഴില്‍ നിന്ന് 23 ലേയ്ക്ക് എത്താന്‍ 10 വര്‍ഷക്കാലമെടുത്തു.  രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശ വിനിമയ കമ്പനികളുടെ കണക്കുകള്‍ പ്രകാരം  10 വര്‍ഷത്തിനിടെ 36.68 ശതമാനമാണ് റിയാല്‍-രൂപ വിനിമയ നിരക്കിലെ വര്‍ധന. 17 രൂപ 49 പൈസയിലാണ് 2014 ഡിസംബര്‍ 30ന് നിരക്ക് അവസാനിച്ചത്. 2015 ഓഗസ്റ്റ് അവസാനത്തിലാണ് 18 രൂപയായി വര്‍ധിച്ചത്. 4.80 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. 2016 ല്‍ പതിനെട്ടില്‍ നിന്ന് താഴെ പോയിട്ടില്ല. 2017 ല്‍ പക്ഷേ വിനിമയ നിരക്കില്‍ 5.99 ശതമാനം കുറവ് സംഭവിച്ച് 16 രൂപയിലേക്ക് വരെ കുറഞ്ഞിരുന്നു. 2018 ഏപ്രിലില്‍ വീണ്ടും 18 രൂപയിലേക്ക് എത്തുകയും ഓഗസ്റ്റില്‍ 19 ലേക്ക് കടന്ന് ഒക്‌ടോബറില്‍ 20 രൂപയിലേക്ക് ഉയര്‍ന്ന് ഡിസംബറില്‍ വീണ്ടും 19 ലേയ്ക്ക് തിരിച്ചെത്തി.

2019 ല്‍ 2.25 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. ഇടയ്ക്ക് പതിനെട്ടിലേക്ക് ഇടിഞ്ഞെങ്കിലും 19 രൂപയിലാണ് വര്‍ഷം അവസാനിച്ചത്. 19 രൂപ 34 പൈസയായിരുന്നു ശരാശരി നിരക്ക്. 2020 മുതലാണ് വിനിമയ നിരക്കില്‍ ഗണ്യമായ കുതിപ്പ് സംഭവിക്കുന്നത്. 2.56 ശതമാനമായിരുന്നു നിരക്ക് വര്‍ധന. ജനുവരിയില്‍ 19 രൂപയില്‍ തുടങ്ങിയ കുതിപ്പ് മാര്‍ച്ചില്‍ 20 കടന്നു. ഏപ്രില്‍ മാസത്തില്‍ ഏറ്റക്കുറച്ചിലുകളോടെ 20-21 ഇടയിലായിരുന്നു മിക്ക ദിവസങ്ങളിലും വിനിമയ നിരക്ക്. മേയ് മുതല്‍ ഡിസംബര്‍ വരെ 20 രൂപയെന്ന സ്ഥിരത തുടര്‍ന്നു. 20 രൂപ 36 പൈസയായിരുന്നു ശരാശരി നിരക്ക്.

2021 ഓഗസ്റ്റില്‍ ഇടയ്ക്ക് 19 രൂപയിലേക്ക് കുറഞ്ഞെങ്കിലും ഡിസംബര്‍ വരെ വീണ്ടും 20 രൂപയില്‍ മുന്നേറ്റം തുടര്‍ന്നു.  20 രൂപ 29 പൈസയാണ് 2021 ലെ ശരാശരി നിരക്ക്. 2021 മാര്‍ച്ച് മുതല്‍ 21 ലേയ്ക്കും ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ക്കിടയില്‍ സെപ്റ്റംബര്‍ 22 മുതല്‍ 22 രൂപയെന്ന വലിയ കുതിപ്പിലേക്കുമാണ് വിനിമയ നിരക്ക് കടന്നത്. 2022 ല്‍ ഏതാണ്ട് 11.23 ശതമാനം വരെയായിരുന്നു വിനിമയ നിരക്ക് ഉയര്‍ന്നത്. 21 രൂപ 57 പൈസ ആയിരുന്നു 2022 ലെ ശരാശരി നിരക്ക്.

2023 ലുടനീളം 22 രൂപയില്‍ സ്ഥിരത  ഉറപ്പാക്കി. 22 രൂപ 66 പൈസയായിരുന്നു ശരാശരി. 0.84 ശതമാനമായിരുന്നു വിനിമയ നിരക്കിലെ വര്‍ധന. നടപ്പു വര്‍ഷം ഓഗസ്റ്റ് 5നാണ് 23 രൂപയിലേക്കുള്ള കുതിപ്പ്. ഈ വര്‍ഷം ഇതുവരെ 1.93 ശതമാനമാണ് നിരക്ക് വര്‍ധന. 1 ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയിലാണ് വിപണിയില്‍ വിനിമയ നിരക്ക് പുരോഗമിക്കുന്നത്.

കാവനൂർ : ഇളയൂർ മാടാരുകുണ്ടു സ്വദേശിയായ മുഹമ്മദ്‌ ഖാൻ മാസ്റ്റർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. ഓഗസ്റ്റ് 25ന് കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മുഹമ്മദ്‌ ഖാൻ മെന്റലിസം പ്രോഗ്രാം അവതരിപ്പിച് റെക്കോർഡ് നേടിയെടുത്തത്. ടെലി കെനിസ്, ഹിപ്നോട്ടിസം (മറ്റുള്ളവരുടെ മനസു വായിച്ചെടുക്കുന്ന മെന്റലിസം പ്രോഗ്രാം) നിമിഷങ്ങൾ കൊണ്ട് അവതരിപ്പിച്ചപ്പോൾ അത് ലോക റെക്കോർഡിൽ ഇടം നേടുകയായിരുന്നു.

2014 മുതൽ മോട്ടിവേഷൻ, ഫാമിലി കൗൺസലിംഗ് കരിയർ ഗൈഡൻസ്, ബിസിനസ് ട്രൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന മുഹമ്മദ്‌ ഖാൻ രണ്ടു വർഷത്തോളമായി മെൻ്റലിസം പരിശീലിച്ച് തുടങ്ങിയിട്ട്. ഇളയൂർ എം എ ഒ യു പി സ്കൂൾ അധ്യാപകൻ, IGP സീനിയർ ട്രൈനർ, സ്പർശം പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി, കൗൺസിലിംഗ് സൈക്കോളജിസ്റ്റ്, കാവനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയുമാണ് മുഹമ്മദ്‌ ഖാൻ മാസ്റ്റർ. കേരളത്തിന്‌ അകത്തും പുറത്തും മോട്ടിവേഷൻ ക്ലാസ് ബിസ്നസ് ക്ലാസ് ക്ലബ്ബുകൾക്കും സന്നദ്ധ സംഘടനകൾക്കുമായി നിരവധി പരിശീലനങ്ങൾ നൽകി വരികയാണ് ഇദ്ദേഹം.

പരേതനായ കൊട്ടക്കോട്ടിൽ മൊയ്‌തീൻ ആണ് പിതാവ്
മാതാവ് സുഹ്‌റ. ഭാര്യ നജ്മ ഹസീന മഞ്ചേരി കിടങ്ങഴി സ്വദേശിയാണ്. അംജദ് ഖാൻ, അജ് വദ് ഖാൻ, അർഷദ് ഖാൻ, ആസിഫ് ഖാൻ എന്നിവർ മക്കളാണ്. കാവനൂരിൽ വെച്ച് നടന്ന ചടങ്ങിൽ ഡോക്ടർ യൂനുസ് ചെങ്ങര ആദരിച്ചു.

മലപ്പുറം: വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വരവും വ്യാപകം. വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാതെ വരുന്നു. പാം കർനൽ ഓയിൽ, പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ തുടങ്ങി ഗുണനിലവാരം കുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. ഇവയ്ക്ക് പൊതുവേ വിലയും കുറവാണ്. പൂപ്പൽ പിടിച്ചതും കേടായതുമായ കൊപ്ര ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ ഫിൽട്ടർ ചെയ്ത് നല്ല വെളിച്ചെണ്ണയോടൊപ്പം ചേർക്കുന്നുമുണ്ട്. ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും വ്യാജ വെളിച്ചെണ്ണ വിപണിയിൽ ലഭ്യമാണ്.

ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വില്പന തടയുന്നതിനുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ നാളികേര’യുടെ ഭാഗമായി 27 സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളുടെ ഫലം ഒരാഴ്ചയ്ക്കകം എത്തും. കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നത്. അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.

ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് നിലവിൽ 270 രൂപയാണ് ചില്ലറ വില. സെപ്തംബർ, നവംബർ ആദ്യവാരങ്ങളിൽ വില യഥാക്രമം 180, 223 എന്നിങ്ങനെയായിരുന്നു. നിലവിൽ ഒരു കിലോ കൊപ്രയുടെ വില 163 ആണ്. രാജാപ്പൂർ, ഉണ്ട വിഭാഗത്തിൽപ്പെടുന്ന കൊപ്രയുടെ വില യഥാക്രമം 140, 145 എന്നിങ്ങനെയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിച്ചതോടെ കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാലും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

വ്യാജന്മാരെ കണ്ടെത്താൻ

ചില്ല് ഗ്ലാസിൽ വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക. മായം കലരാത്തതാണെങ്കിൽ ഈ സമയത്തിനകം കട്ടയായിട്ടുണ്ടാകും. മാത്രമല്ല, യാതൊരു നിറ വ്യത്യാസവും ഉണ്ടാവുകയുമില്ല. എന്നാൽ മായം കലർന്നതാണെങ്കിൽ വേറിട്ട് നിൽക്കുകയും നിറവ്യത്യാസം കാണുകയും ചെയ്യും. വ്യാജ വെളിച്ചെണ്ണയാണെന്ന് ഫലം വന്നാൽ തിരൂർ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യാം.

പത്തനാപുരം: പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി MEC 7 വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കി ശുദ്ധമായ അന്തരീക്ഷത്തിൽ പരിശീലനം ആരംഭിച്ചു. വ്യായാമ പരിശീലനം എല്ലാ ദിവസവും രാവിലെ 6.20 മുതൽ 6.50 വരെ നടക്കും.

ഉദ്ഘാടനം ട്രൈനർ അഷ്‌റഫ് കോമു നിർവഹിച്ചു. അബൂബക്കർ വെള്ളയിൽ, മൊയ്‌ദീൻകുട്ടി പി.പി., അബ്ദുൽമജീദ് കെ., അബ്ദുന്നാസിർ ചാലി എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും നടന്നു.

ചടങ്ങിൽ ചെയർമാൻ ചീമാടൻ യൂസഫ് അധ്യക്ഷനായിരുന്നു. കെ.എഫ്.എ വൈസ് പ്രസിഡന്റ് കെ. അബ്ദുൽകരീം, മുൻ സ്റ്റേറ്റ് ഫുട്ബാൾ താരം കെ.വി. ജാഫർ, വാർഡ് മെമ്പർ അബ്ദുറഹീം, ടിപി മുഹമ്മദലി, ടി. സലീം, യൂനുസ് എൻ., അബ്ദുന്നാസിർ മാടത്തിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.

MEC 7-യുടെ ഈ പുതിയ സംരംഭം ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ വലിയ കരുത്താകുമെന്നാണ് പ്രതീക്ഷ.

മലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ നാല് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനായി ജില്ലയിൽ അരക്കോടിയോളം രൂപ ചെലവിട്ട് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നു. ഒരു ചാർജിംഗ് സ്റ്റേഷന് 10 ലക്ഷം രൂപയോളമാണ് ചെലവ്. മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിനോട് ചേർന്നും തിരൂർ മിനി സിവിൽ സ്‌റ്റേഷനിലുമായി രണ്ട് ചാർജിംഗ് സ്‌റ്റേഷനുകളുടെ നിർമ്മാണം ഇതിനോടകം പൂർത്തിയാക്കി. വൈദ്യുത കണക്ഷൻ കൂടി ലഭ്യമാക്കി അടുത്ത മാസത്തോടെ പ്രവർത്തനമാരംഭിക്കും.

പൊന്നാനി, നിലമ്പൂർ ആർ.ടി.ഒ ഓഫീസുകൾക്ക് സമീപത്തും ചാർജിംഗ് സ്റ്റേഷൻ നിർമ്മിക്കുന്നതിന്റെ പ്രാരംഭ നടപടികളിലാണ്. സ്ഥലസൗകര്യം ലഭ്യമാകുന്ന പക്ഷം ജില്ലയിലെ മറ്റ് ആർ.ടി.ഒ ഓഫീസുകൾക്ക് സമീപവും ചാർജിംഗ് സ്റ്റേഷൻ ഒരുക്കാൻ ലക്ഷ്യമിടുന്നുണ്ട്.

കൂടുതൽ ദൂരം ഓടേണ്ടി വരുന്നതിനാൽ എൻഫോഴ്സ്‌മെന്റ് വിംഗിന് പ്രയാസരഹിതമായി ചാർജ് ചെയ്യുന്നതിനാണ് പ്രത്യേകം ചാർജിംഗ് സ്റ്റേഷൻ ഒരുക്കുന്നതെന്നാണ് വാദം. ഒരേ സമയം ഒരു ഇലക്ട്രിക്ക് വാഹനം മാത്രം ചാർജ് ചെയ്യാൻ സാധിക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 10 ലക്ഷത്തോളം രൂപ മോട്ടോർ വാഹന വകുപ്പിന്റെ ഫണ്ടിൽ നിന്നും വകയിരുത്തിയാണ് 30 കിലോവാട്ടിലുള്ള ചാർജിംഗ് സ്‌റ്റേഷനുകൾ ജില്ലയിൽ നിർമ്മിക്കുന്നത്. പൊതുജനങ്ങൾക്ക് ചാർജിംഗിന് അനുവാദമില്ല.

ജില്ലയിൽ കെ.എസ്.ഇ.ബിക്കും അനെർട്ടിനും പുറമേ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളും പലയിടങ്ങളിലും ഉണ്ടെന്നിരിക്കെയാണ് വൻതുക ചിലവഴിച്ച് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതെന്നാണ് ആക്ഷേപം. ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കാനാണ് അനെർട്ടിന്റെ നീക്കം. ചാർജിംഗ് സ്റ്റേഷനുകൾക്ക് അനുയോജ്യമായ സർക്കാർ ഭൂമികൾ ലഭ്യമാണോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രധാന റോഡുകൾക്ക് സമീപമുള്ള സ്ഥലങ്ങളാണ് പരിഗണിക്കുന്നത്.

മലപ്പുറം : ജില്ലയിൽ 14 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സംവിധാനമൊരുങ്ങുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ അമരമ്പലം, അങ്ങാടിപ്പുറം, എടപ്പറ്റ, തേഞ്ഞിപ്പലം, ഊരകം, മാറഞ്ചേരി ന്യൂ, പുഴക്കാട്ടിരി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ മാറഞ്ചേരി, പുറത്തൂർ, കരുവാരക്കുണ്ട്, ഓമാനൂർ, ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളായ പൂക്കോട്ടൂർ, വെട്ടം, വേങ്ങര എന്നിവിടങ്ങളിലാണ് ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഇ-ഹെൽത്ത് സംവിധാനമെത്തുക. ഇവിടങ്ങളിൽ ഇന്റർനെറ്റ് കണക്ഷ‌ൻ, യു.പി.എസ് വയറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകൾ വൈകാതെ എത്തും.

ജില്ലയിൽ 58 ആശുപത്രികളിലാണ് നിലവിൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സെപ്തംബർ മൂന്നിന് ഇ-ഹെൽത്ത് ആരംഭിച്ചതാണ് ഒടുവിലത്തേത്. 34.86 ലക്ഷം പേരാണ് ഇ-ഹെൽത്ത് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കിയ ആശുപത്രികളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് മലപ്പുറം. ഒരു വ്യക്തിയ്ക്ക് ഒരു ഹെൽത്ത് റെക്കോർഡ് എന്നാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗിയുടെ മുൻകാല രോഗങ്ങൾ, ലഭിച്ച ചികിത്സ, ഓപ്പറേഷൻ നടത്തിയതാണോ തുടങ്ങിയ എല്ലാ കാര്യങ്ങളും യു.എച്ച്.ഐ.ഡി നൽകുന്നതോടെ കമ്പ്യൂട്ടറിൽ ലഭ്യമാവും.

കുവൈറ്റ്: കുവൈറ്റ് റോഡുകളിൽ അശ്രദ്ധമായും നിയമങ്ങൾ ലംഘിച്ചും വാഹനമോടിക്കുന്നവർക്ക് ഇനി രക്ഷയില്ല. അവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ വലവിരിച്ചിരിക്കുകയാണ് കുവൈറ്റ് ട്രാഫിക് അധികൃതർ. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും കണ്ടെത്താൻ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നൂതന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എയ്ഡഡ് ക്യാമറകൾ സ്ഥാപിക്കാൻ തുടങ്ങിയതായി ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

വിവിധ റോഡുകളിൽ ഡ്രൈവർമാർ വേഗപരിധി പാലിക്കുന്നുണ്ടോയെന്ന് നിർണ്ണയിക്കാൻ കഴിയുന്ന സ്മാർട്ട് “പോയിൻ്റ്-ടു-പോയിൻ്റ്” ക്യാമറകളും ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് സ്ഥാപിച്ചിട്ടുണ്ട്. കർശന ശിക്ഷാ നടപടികൾ ഉൾക്കൊള്ളുന്ന പുതിയ ട്രാഫിക് നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ഈ നടപടികൾ. കരട് ട്രാഫിക് നിയമപ്രകാരം ട്രാഫിക് നിയമലംഘകർക്കുള്ള പിഴയും പിഴയും പലമടങ്ങ് വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനുള്ള പിഴ 5 കുവൈറ്റ് ദിനാറിൽ നിന്ന് 75 ദിനാർ ആയും സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിൻ്റെ പിഴ 10 ദിനാറിൽ നിന്ന് 30 ദിനാർ ആയും വർധിപ്പിക്കും.

കരട് നിയമം ഇതിനകം നിയമ വകുപ്പ് അംഗീകരിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ, അത് ഒരു ഉത്തരവായി പുറപ്പെടുവിക്കാൻ അമീറിന് അയയ്‌ക്കും. പുതിയ ട്രാഫിക് നിയമപ്രകാരം, നിയമ ലംഘനങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 15 ദിനാർ ആണ്. മദ്യമോ മയക്കുമരുന്നോ കഴിച്ച് വാഹനമോടിച്ച്‌ മരണത്തിന് കാരണമാകുന്ന അപകടങ്ങൾ ഉണ്ടാക്കുന്ന ഡ്രൈവർമാർക്കാണ് നിയമപ്രകാരം ഏറ്റവും ഉയർന്ന പിഴ. 5,000 ദിനാർ വരെയാണ് ഇവർക്ക് പിഴ ചുമത്തുക. പ്രവാസികൾക്ക് സ്വന്തമായി ഒരു വാഹനം മാത്രമേ പാടുള്ളൂവെന്നും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. കൈക്കുഞ്ഞുങ്ങളെയും കുട്ടികളെയും മുൻസീറ്റിൽ ഇരുത്തുന്നതിനുള്ള പിഴ പത്തിരട്ടിയായി വർധിച്ച് 50 ദിനാർ ആയതായും ബുഹാസൻ പറഞ്ഞു.

അതിനിടെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനകളിൽ 39,170 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. ഇതേത്തുടർന്ന് ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് ആർട്ടിക്കിൾ 207 പ്രകാരം 105 വാഹനങ്ങളും 55 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ, വിവിധ കേസുകളിൽ പോലിസ് അന്വേഷിക്കുന്ന 48 വാഹനങ്ങൾ കണ്ടുകെട്ടി. പിടികിട്ടാ പുള്ളികളായ 21 വ്യക്തികളെ കസ്റ്റഡിയിലെടുത്തതായും പോലിസ് അറിയിച്ചു. മയക്കുമരുന്ന് കൈവശം വച്ചതായി സംശയിക്കുന്ന നാല് വ്യക്തികളെ വാഹന പരിശോധനയ്ക്കിടെ പിടികൂടി ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫർ ചെയ്തു.

നവംബർ 9 മുതൽ 15 വരെയുള്ള കാലയളവിൽ മന്ത്രാലയം രാജ്യത്തിൻ്റെ വിവിധ ഭnങ്ങളിലായി 1,589 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തി. ഇതിൽ 1,394 എണ്ണം കൂട്ടിയിടികളാണ്. അപകടങ്ങളിൽ 195 പേർക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 211 പേരെ അറസ്റ്റ് ചെയ്തു.

അതിനിടെ, നവംബർ 11 നും 14 നും ഇടയിൽ നടത്തിയ തിരച്ചിലിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന 389 പ്രവാസികളെ റെസിഡൻസി ഡിപ്പാർട്ട്‌മെൻ്റിലെ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 497 നിയമവിരുദ്ധരെ ഈ കാലയളവിൽ നാടുകടത്തി.

ദുബൈ: ടാക്സി സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ‌.ടി‌.എ) പുതിയ പദ്ധതികൾ നടപ്പിലാക്കി. 500 എയർപോർട്ട് ടാക്സികളിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുകവലി കണ്ടെത്തുന്നതിനുള്ള ക്യാമറകൾ ഘടിപ്പിച്ചിരിക്കുകയാണ്. കൂടാതെ വാഹനങ്ങളിൽ എയർ ഫ്രഷ്‌നറുകൾ ഉപയോഗിക്കുന്നതിനും പ്രാരംഭമായ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ടാക്സികളിൽ ശുചിത്വത്തിനുള്ള പ്രത്യേക നടപടികൾ

ശുചിത്വം ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി അധികൃതർ രാജ്യതലത്തിൽ ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നു. ടെക്സി യാത്രക്കാരുടെ സുരക്ഷയും ആഹ്ലാദകരമായ യാത്രാനുഭവങ്ങളും ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനങ്ങൾ ആർ.ടി.എയുടെ പൊതുമുദ്രയായിത്തീരുകയാണ്.

ഡ്രൈവർമാർക്കും പ്രത്യേക പരിശീലനം

ഡ്രൈവർമാർക്കും ഡ്രൈവിങ് സ്കൂളുകളിലെ ഇൻസ്ട്രക്ടർമാർക്കും ശുചിത്വവുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകി വരുന്നു. വാഹനങ്ങളും ഡ്രൈവർമാരും നിഷ്കളങ്കത പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് പ്രതിമാസ വിലയിരുത്തലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്തൃ സംതൃപ്തി വിലയിരുത്തൽ

2025 മുതൽ ഉപഭോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനായി സർവേകളും ഷോപ്പർ അസസ്മെന്റുകളും ആരംഭിക്കും. ഓരോ ലക്ഷം കിലോമീറ്ററിലൊരിക്കൽ ശുചിത്വ പരിശോധനകളും പുതിയ മാനദണ്ഡങ്ങൾ പ്രകാരം നടപ്പിലാക്കും.

ആർ.ടി.എയുടെ ഈ സംരംഭം ടാക്സി സേവനങ്ങളിൽ പുതിയ നിലവാരമുയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അരീക്കോട്: അരീക്കോട് പോസ്റ്റ് ഓഫിസ് വളപ്പിലെ ഓരോ തേക്ക്, മഹാഗണി മരങ്ങള്‍ നവംബര്‍ 20ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായി 2000 രൂപ ലേല നടപടികള്‍ക്ക് മുമ്പ് ഓഫിസില്‍ അടക്കണം. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ മരങ്ങള്‍ പരിശോധിക്കാന്‍ അനുമതി ഉണ്ടാകും. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ അറിയിപ്പ് കിട്ടി 10 ദിവസത്തിനകം മുഴുവന്‍ തുകയും അടച്ച് മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് മഞ്ചേരി ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു.