അരീക്കോട്: ഏറനാട് മണ്ഡലത്തിലെ ഏക സർക്കാർ ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിയോടുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമിറ്റി (എച്ച്.എം.സി) യുടെയും ആശുപത്രി വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറമാണ് ബ്ലോക്ക് പഞ്ചായത്തിലേക്കും അരീക്കോട് ഗ്രാമ പഞ്ചായത്തിലേക്കും സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തി മത്സരിക്കാൻ തീരുമാനിച്ചത്.

ഒരു പതിറ്റാണ്ട് മുൻപ് താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും അതിന് അവശ്യമായ കെട്ടിട സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഒരുക്കാൻ ബ്ലോക്ക് പഞ്ചായത്തും എച്ച്.എം.സിയും തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് സേവ് താലൂക്ക് ഹോസ്റ്റൽ ഫോറം എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകൃതമായത്. ഫോറം പ്രവർത്തകർ സർക്കാറിലേക്ക് തുടർച്ചയായി നൽകിയ അപേക്ഷകളുടെ ഫലമായി അത്യാഹിത വിഭാഗം ഉൾപ്പടെ പലതും ആശുപത്രിയിൽ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ബ്ലോക്ക് പഞ്ചായത്തിന്റെയും എച്ച്.എം.സിയുടെയും നിഷേധാത്മകമായ നിലപാട് കാരണം നാളിതുവരെ പൂർണ്ണതോതിൽ ആയിട്ടില്ല.

ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നടപ്പാക്കാൻ കഴിയുന്നതും ആശുപത്രിയിൽ അടിയന്തിരമായി നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫോറം പ്രവത്തകർ നിരവധിയായ നിവേദനങ്ങൾ നൽകിയെങ്കിലും ബ്ലോക്ക് പഞ്ചായത്തും എച്ച്.എം.സിയും ചർച്ചക്കെടുക്കാൻ പോലും തയ്യാറായിട്ടില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ അംഗങ്ങളിൽ നിന്നും ലഭിച്ച ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് അടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം കൈകൊണ്ടതെന്ന് ഫോറം ചെയർമാൻ കെ.എം സലീം, കൺവീനർ സക്കീർ എന്നിവർ അറിയിച്ചു.

Author

Comments are closed.