Author

admin

Browsing

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിർണയിക്കാനുള്ള സെൻസസ് അടുത്തവർഷം ആരംഭിച്ചേക്കും. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാല് വർഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു.

സെൻസസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമുണ്ടാകും. ഇത് 2028-ഓടെ പൂർത്തിയാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെൻസസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല.

രജിസ്ട്രാർ ജനറലും ഇന്ത്യൻ സെൻസസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണിന്റെ ഡെപ്യുട്ടേഷൻ കാലാവധി അടുത്തിടെയാണ് കേന്ദ്രസർക്കാർ നീട്ടിയത്. 2026 ഓഗസ്റ്റ് വരെയാണ് നിലവിൽ ഇദ്ദേഹത്തിന്റെ കാലാവധി.

സെൻസസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ പറഞ്ഞത്. അന്തിമ തീരുമാനമായാൽ അക്കാര്യം പ്രഖ്യാപിക്കും. നടക്കാനിരിക്കുന്ന സെൻസസ് മൊബൈൽ ആപ്പ് വഴി പൂർണമായും ഡിജിറ്റലായാണ് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ പത്ത് വർഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് നടത്തുക. ഇന്ത്യയിൽ 2011-ലാണ് അവസാനമായി സെൻസസ് നടന്നത്. 121 കോടിയിലേറെയാണ് അന്ന് രേഖപ്പെടുത്തിയ ജനസംഖ്യ. മുൻപത്തേക്കാൾ 17.7 ശതമാനത്തിന്റെ വർധനവായിരുന്നു ഇത്.

ദോഹ: രാജ്യത്ത് മഴക്കാലം ആരംഭിച്ചതോടെ വിവിധ പ്രദേശങ്ങളിൽ പുൽമേടുകൾ സജീവമാകുന്നു. മൂടൽമഞ്ഞും മഴവില്ലും നിറഞ്ഞ ഈ പച്ചപ്പുള്ള ഭൂപ്രദേശങ്ങൾ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ആകർഷക കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, പരിസ്ഥിതി കൃത്യമായി സംരക്ഷിക്കണമെന്നുള്ള നിർദേശവുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം മുന്നോട്ട് വന്നു. പുൽമേടുകൾ ആസ്വദിക്കാനായി നിലനിർത്തുകയും നശിപ്പിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കുകയും ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളെ ബോധവൽക്കരിച്ചു.

മഴക്കാലത്തിന്റെ സ്വഭാവഗുണം കൊണ്ടാണ് രാജ്യത്തിന്റെ പരിസ്ഥിതിയിൽ പച്ചപ്പ് പുനരുജ്ജീവിതമാകുന്നത്. മരുഭൂമിയിലും തീരപ്രദേശങ്ങളിലും സസ്യങ്ങൾ വേഗത്തിൽ വളരുന്നതോടൊപ്പം, പൂവുകൾക്കും മരങ്ങൾക്കും പുതിയ ജീവിതം ലഭിക്കുന്നു. ഇതിന് വിപരീതമായി, ഏതാനും ആളുകൾ വിഹാരസുഖത്തിനായി പുൽമേടുകളിലേക്ക് വാഹനങ്ങൾ കൊണ്ട് കടക്കുകയും അതിന്റെ പ്രകൃതി സമ്പത്തിന് ഭീഷണിയുണ്ടാക്കുകയും ചെയ്യുന്ന പ്രവണത കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാണെന്നും ഇത് ജൈവവൈവിധ്യത്തിനും വന്യജീവികൾക്കും അപാകത സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണത്തിനായി ഖത്തർ സർക്കാരും മന്ത്രാലയവും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1995ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 32-ാം വകുപ്പിനുസരണം, നിയമലംഘകർക്ക് പരമാവധി മൂന്ന് മാസം തടവും 20,000 റിയാൽവരെ പിഴയും ചുമത്തും. നിയമലംഘനങ്ങൾ ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കാനും നിയമം അനുവദിക്കുന്നു. സംരക്ഷിത പ്രദേശങ്ങളിൽ നിയന്ത്രണം ലംഘിച്ച് പ്രവേശിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കാനും പരിസ്ഥിതി നാശത്തിന് നഷ്ടപരിഹാരം വിധിക്കാനും കോടതി അധികാരം വിനിയോഗിക്കും.

വാഹനങ്ങൾ കൊണ്ടുള്ള അതിക്രമപ്രവേശനം മണ്ണിന്റെ ഘടനയെ ദോഷകരമായി ബാധിക്കുകയാണ്. ഇത് ചെടികളുടെ വളർച്ചയെ തടസപ്പെടുകയും പുനരുത്പാദന പ്രക്രിയയ്ക്ക് ആവശ്യമുള്ള ഘടകങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ദീർഘകാലത്ത് ഇത് പ്രദേശിക ജൈവവൈവിധ്യത്തിൽ പ്രത്യാഘാതമുണ്ടാക്കാനും സസ്യജാലത്തിനും പക്ഷികൾക്കും വിനാശം വരുത്താനും കാരണമാകുമെന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു.

മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഖത്തറിലുടനീളം 1273 പുൽമേടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 പുൽമേടുകൾ പുനരുദ്ധരിക്കാനുള്ള പദ്ധതിയിൽ 38 സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് അധികൃതർ അറിയിച്ചത്. പരിസ്ഥിതിയുടെ അമൂല്യമായ ഈ പച്ചപ്പുകളെ സംരക്ഷിച്ച് പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഭാവിയിലുള്ള വൃക്ഷവത്കരണത്തിനായി ചേർന്ന പ്രവർത്തനം ആവശ്യമായിരിക്കുന്നതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

മലപ്പുറം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റ്ക ഉല്പന്നങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ജില്ലയില്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ വിജിലന്‍സ് സ്‌ക്വാഡിന് ജില്ലാതലത്തില്‍ പരിശീലനം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. ആഘോഷപരിപാടികളില്‍ സര്‍ക്കാര്‍ നിരോധിച്ച 300മി.ലി വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ്, 60 മൈക്രോണില്‍ താഴെയുള്ള നോണ്‍ വുവന്‍ ക്യാരിബാഗ്, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ കപ്പ്, തെര്‍മോകോള്‍ പ്ലേറ്റ്, പി.വി.സി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ തുടങ്ങി സര്‍ക്കാര്‍ നിരോധിച്ച മുഴുവന്‍ ഉല്പന്നങ്ങളും പിടിച്ചെടുക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കച്ചവടസ്ഥാപനങ്ങളും പൊതുജനങ്ങളും ഇത്തരം ഉല്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

കൊച്ചി: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. 2023 ഒക്ടോബർ 29ന് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്‍ററില്‍ നടത്തിയ സ്ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. യുഎപിഎ ചുമത്തി നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വകുപ്പ് ഒഴിവാക്കിയതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

യുഎപിഎ ഒഴിവാക്കിയതോടെ കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. മാർട്ടിനെതിരെ യുഎപിഎ ചുമത്താനുള്ള എല്ലാ നടപടിയും അന്വേഷണസംഘം സ്വീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. യുഎപിഎ ചുമത്താനുള്ള അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ എസ് സുദർശനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞിരുന്നു. പ്രാർത്ഥനക്കിടെയാണ് സ്ഫോടനം നടന്നത്. താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം പ്രതി ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ര്‍ അ​ട​ക്കം 294 സാ​ക്ഷി​ക​ളാ​ണ് കേസിലു​ള്ള​ത്.

2500ഓ​ളം പേ​ര്‍ സ​മ്മേ​ള​ന​ സ്ഥ​ല​ത്തു​ണ്ടാ​യി​രി​ക്കെ​യാ​ണ് പ്ര​തി മു​ന്‍കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​ത്​ പ്ര​കാ​രം സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ര​ണ്ട്​ പേ​രും തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​റു​പേ​രും മ​രി​ച്ചു. ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്​പന്‍, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്​, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ്​ മരിച്ചത്.

തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ കുമാറിനെതിരായി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു കോടതി. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ആണ് ഹർജി ഫയലിൽ സ്വീകരിച്ചത്. പൂരം കലങ്ങിയതിന് പിന്നിലെ എഡിജിപിയുടെ ഇടപെടൽ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കോൺഗ്രസ് നേതാവ് വി ആർ അനൂപ് ആണ് ഹർജി നൽകിയത്. എഡിജിപി എം ആർ അജിത്കുമാറിനെ കേസിൽ പ്രതിചേർക്കാത്ത പശ്ചാത്തലത്തിലാണ് ഹർജി. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഡിജിപി സർക്കാരിന് സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആരെയും പ്രതി ചേർത്തിട്ടില്ല.

തൃശൂർ ടൗൺ പോലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം പൂരം കലക്കിയില്ലെന്ന വാദവുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം എത്തിയിരുന്നു. . തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന്റെ പേരാണോ പൂരം കലക്കൽ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

മലപ്പുറം: ഒമ്പത് മാസത്തെ സർക്കാരിൽ നിന്നുള്ള മിനിമം വേതനം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ നെയ്ത്ത് തൊഴിലാളികൾ. ജില്ലയിൽ ഖാദി ബോർഡിന് കീഴിലുള്ള എട്ട് നെയ്ത്ത് കേന്ദ്രങ്ങളിലായി 160 തൊഴിലാളികളാണുള്ളത്. ഒരു ഖാദി നെയ്ത്ത് തൊഴിലാളിയ്ക്ക് 2,000 മുതൽ 15,000 രൂപ വരെയാണ് ഒരുമാസം വേതനം ലഭിക്കുന്നത്. 100 രൂപ ഒരു ദിവസം ലഭിച്ചാൽ 60 രൂപയും മിനിമം വേതനത്തിലേക്ക് പോവും. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സർക്കാർ തുക നൽകാത്തതെന്ന് ഖാദി ബോർഡ് അധികൃതർ പറയുന്നു.

ഏഴ് മാസത്തെ മിനിമം വേതനം ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചാണ് സെപ്തംബറിലാണ് നൽകിയത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള തുകയാണ് ഇനി ലഭിക്കാനുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് മാസം കൂടുമ്പോൾ വേതനം കൃത്യമായി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കുടിശ്ശികയാവുകയായിരുന്നു.

എത്ര മീറ്റർ തുണി നെയ്‌തെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വേതനം നിശ്ചയിക്കുന്നത്. ഓരോ തുണിത്തരങ്ങൾക്കും അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടാകും. ഖാദി ബോർഡിൽ നിന്നും സർക്കാരിൽ നിന്നുമായാണ് ഇവർക്ക് വേതനം ലഭിക്കുന്നത്. ജോലിക്കനുസരിച്ച് ബോർഡിൽ നിന്ന് വേതനം ലഭിക്കും. സർക്കാരിൽ നിന്നും മിനിമം വേതനവും ലഭിക്കും. 2011 മുതലാണ് സംസ്ഥാന സർക്കാർ ഖാദി തൊഴിലാളികൾക്ക് മിനിമം വേതനം നൽകി തുടങ്ങിയത്. നെയ്‌തെടുക്കുന്ന തുണികൾ ഖാദി പ്രൊജക്ട് ഓഫീസിലേക്കും ഖാദി ഭവനിലേക്കുമാണ് കൊണ്ടുപോകുന്നത്.

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ. ഭാരവാഹനങ്ങൾക്കാണ് നിയന്ത്രണമുള്ളത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവർത്തികൾക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികൾ അടയ്ക്കുന്നതിൻറെ ഭാഗമായി വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. ഈ മാസം തുടക്കത്തിലും താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. 2 ദിവസം പ്രിയങ്ക മണ്ഡലത്തിലുണ്ടാകും. വയനാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. ഇന്ന് രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങിയ പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളജ് ഗ്രൗണ്ടില്‍ എത്തിയത്. അവിടെ നിന്നും റോഡ് മാർഗം പരിപാടി നടക്കുന്ന സ്ഥലത്തെത്തി. 2 ദിവസങ്ങളിലായി 7 മണ്ഡലത്തിലെത്തും.

തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലും 3 മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളില്‍ സംസാരിക്കും.

ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും. രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും മുതിര്‍ന്ന പ്രവര്‍ത്തകരുമാണ് പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലത്തില്‍ എത്തുന്നത്.

വയനാട്ടിലും റായ്‌വേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് വഴി തെളിഞ്ഞത്. നവംബർ 13 നാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്.

കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ചൊവ്വാഴ്ച്ച(നാളെ) മുതൽ പ്രാബല്യത്തിൽ. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. .ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്.

4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം ചെയ്യും.

70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?

അപേക്ഷ സമർപ്പിക്കുന്നതിനായി PMJAY സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കിൽ csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
2. അടുത്തുള്ള CSC വഴി അപേക്ഷ നൽകാം
3. https://beneficiary.nha.gov.in സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം.

സർക്കാരിൻ്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ ലഭിക്കും?

1. ആരോഗ്യ പരിരക്ഷയ്ക്കായി 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (AB PM-JAY) കീഴിൽ ഒരു പ്രത്യേക കാർഡ് ലഭിക്കും.

2. AB PM-JAY-ന് കീഴിൽ ഇതിനകം പരിരക്ഷിതരായവരുടെ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി പ്രതിവർഷം 5 ലക്ഷം രൂപ അധികമായി ലഭിക്കു.

3. മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളിൽ നിന്ന് ഇതിനകം പ്രയോജനം നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒന്നുകിൽ അവരുടെ നിലവിലെ പ്ലാനിൽ തുടരാം അല്ലെങ്കിൽ AB PM-JAY പ്രകാരം കവറേജ് തിരഞ്ഞെടുക്കാം.

4. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

5. സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനുകൾക്കായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഇത് വാ​ഗ്ധാനം ചെയ്യുന്നു.

6. കുടുംബാംഗങ്ങളുടെ പ്രായം പരിഗണിക്കാതെ, 12.34 കോടി കുടുംബങ്ങളിൽ നിന്നുള്ള 55 കോടി ആളുകൾക്ക് ഈ പദ്ധതി പരിരക്ഷ ഉറപ്പാക്കുന്നു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. ഇതിന് ശേഷമാണ് ഇന്ന് വില താഴ്ന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.