മലപ്പുറം: ഒമ്പത് മാസത്തെ സർക്കാരിൽ നിന്നുള്ള മിനിമം വേതനം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിൽ നെയ്ത്ത് തൊഴിലാളികൾ. ജില്ലയിൽ ഖാദി ബോർഡിന് കീഴിലുള്ള എട്ട് നെയ്ത്ത് കേന്ദ്രങ്ങളിലായി 160 തൊഴിലാളികളാണുള്ളത്. ഒരു ഖാദി നെയ്ത്ത് തൊഴിലാളിയ്ക്ക് 2,000 മുതൽ 15,000 രൂപ വരെയാണ് ഒരുമാസം വേതനം ലഭിക്കുന്നത്. 100 രൂപ ഒരു ദിവസം ലഭിച്ചാൽ 60 രൂപയും മിനിമം വേതനത്തിലേക്ക് പോവും. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സർക്കാർ തുക നൽകാത്തതെന്ന് ഖാദി ബോർഡ് അധികൃതർ പറയുന്നു.
ഏഴ് മാസത്തെ മിനിമം വേതനം ഇക്കഴിഞ്ഞ ഓണത്തോടനുബന്ധിച്ചാണ് സെപ്തംബറിലാണ് നൽകിയത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെയുള്ള തുകയാണ് ഇനി ലഭിക്കാനുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് മാസം കൂടുമ്പോൾ വേതനം കൃത്യമായി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കുടിശ്ശികയാവുകയായിരുന്നു.
എത്ര മീറ്റർ തുണി നെയ്‌തെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വേതനം നിശ്ചയിക്കുന്നത്. ഓരോ തുണിത്തരങ്ങൾക്കും അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടാകും. ഖാദി ബോർഡിൽ നിന്നും സർക്കാരിൽ നിന്നുമായാണ് ഇവർക്ക് വേതനം ലഭിക്കുന്നത്. ജോലിക്കനുസരിച്ച് ബോർഡിൽ നിന്ന് വേതനം ലഭിക്കും. സർക്കാരിൽ നിന്നും മിനിമം വേതനവും ലഭിക്കും. 2011 മുതലാണ് സംസ്ഥാന സർക്കാർ ഖാദി തൊഴിലാളികൾക്ക് മിനിമം വേതനം നൽകി തുടങ്ങിയത്. നെയ്‌തെടുക്കുന്ന തുണികൾ ഖാദി പ്രൊജക്ട് ഓഫീസിലേക്കും ഖാദി ഭവനിലേക്കുമാണ് കൊണ്ടുപോകുന്നത്.
Comments are closed.