ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യ ഔദ്യോഗികമായി നിർണയിക്കാനുള്ള സെൻസസ് അടുത്തവർഷം ആരംഭിച്ചേക്കും. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസാണ് നാല് വർഷം വൈകി ആരംഭിക്കുന്നത്. കണക്കെടുപ്പ് 2026-ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉന്നത വൃത്തങ്ങൾ പറഞ്ഞു.
സെൻസസിന് പിന്നാലെ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമുണ്ടാകും. ഇത് 2028-ഓടെ പൂർത്തിയാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേസമയം സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ സെൻസസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല.
രജിസ്ട്രാർ ജനറലും ഇന്ത്യൻ സെൻസസ് കമ്മിഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണിന്റെ ഡെപ്യുട്ടേഷൻ കാലാവധി അടുത്തിടെയാണ് കേന്ദ്രസർക്കാർ നീട്ടിയത്. 2026 ഓഗസ്റ്റ് വരെയാണ് നിലവിൽ ഇദ്ദേഹത്തിന്റെ കാലാവധി.
സെൻസസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ പറഞ്ഞത്. അന്തിമ തീരുമാനമായാൽ അക്കാര്യം പ്രഖ്യാപിക്കും. നടക്കാനിരിക്കുന്ന സെൻസസ് മൊബൈൽ ആപ്പ് വഴി പൂർണമായും ഡിജിറ്റലായാണ് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പത്ത് വർഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് നടത്തുക. ഇന്ത്യയിൽ 2011-ലാണ് അവസാനമായി സെൻസസ് നടന്നത്. 121 കോടിയിലേറെയാണ് അന്ന് രേഖപ്പെടുത്തിയ ജനസംഖ്യ. മുൻപത്തേക്കാൾ 17.7 ശതമാനത്തിന്റെ വർധനവായിരുന്നു ഇത്.
Comments are closed.