കൊച്ചി: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണക്കേസില്‍ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ ഒഴിവാക്കി. 2023 ഒക്ടോബർ 29ന് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്‍ററില്‍ നടത്തിയ സ്ഫോടനത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. തമ്മനം സ്വദേശി ഡൊമനിക് മാർട്ടിനാണ് കേസിലെ ഏക പ്രതി. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. യുഎപിഎ ചുമത്തി നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വകുപ്പ് ഒഴിവാക്കിയതെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

യുഎപിഎ ഒഴിവാക്കിയതോടെ കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. മാർട്ടിനെതിരെ യുഎപിഎ ചുമത്താനുള്ള എല്ലാ നടപടിയും അന്വേഷണസംഘം സ്വീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. യുഎപിഎ ചുമത്താനുള്ള അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ എസ് സുദർശനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞിരുന്നു. പ്രാർത്ഥനക്കിടെയാണ് സ്ഫോടനം നടന്നത്. താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം പ്രതി ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആ​ക്ര​മ​ണ​ത്തി​നി​ടെ ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​ര്‍ അ​ട​ക്കം 294 സാ​ക്ഷി​ക​ളാ​ണ് കേസിലു​ള്ള​ത്.

2500ഓ​ളം പേ​ര്‍ സ​മ്മേ​ള​ന​ സ്ഥ​ല​ത്തു​ണ്ടാ​യി​രി​ക്കെ​യാ​ണ് പ്ര​തി മു​ന്‍കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​ത്​ പ്ര​കാ​രം സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. സം​ഭ​വ​ദി​വ​സം ര​ണ്ട്​ പേ​രും തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​റു​പേ​രും മ​രി​ച്ചു. ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്​പന്‍, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്​, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ്​ മരിച്ചത്.

Author

Comments are closed.