Author

admin

Browsing

പത്തനാപുരം: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായിരുന്ന എം. പി. ഇസ്മായിൽ ഹാജി (80)യുടെ നിര്യാണത്തിൽ പത്തനാപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ഇസ്മായിൽ ഹാജി 55 വർഷത്തിലേറെ സാമൂഹ്യ, രാഷ്ട്രീയ, മത സംഘടന മേഖലകളിൽ സജീവമായിരുന്നു.

കീഴുപറമ്പ് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് കെ. സി. എ. ശുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് വി. തൻനേ ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. എ. റഹ്‌മാൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ പി. കെ. കമ്മദ്കുട്ടി ഹാജി, പ്രൊഫ. കെ. എ. നാസർ സാഹിബ്, ഡി. സി. സി. അംഗം എം. കെ. കുഞ്ഞുമുഹമ്മദ്, വാർഡ് മെമ്പർ എം. പി. അബ്ദുറഹിമാൻ, മുൻ വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് ഇ. കെ. മായിൽ മാസ്റ്റർ, എം. പി. മുഹമ്മദ്, മുഹമ്മദ് മാസ്റ്റർ, കെ. അബ്ദുസലാം, കെ. പി. അഷ്റഫ്, അസ്സനാർ എം. പി., അൽമോയ റസാക്ക് എന്നിവരും അനുശോചന പ്രസംഗം നടത്തി.

മുസ്ലിംലീഗ് വാർഡ് സെക്രട്ടറി എൻ. വി. ഷഫീക്കലി മാസ്റ്റർ സ്വാഗതവും വാർഡ് ജോയിന്റ് സെക്രട്ടറി ടി. മുഹമ്മദ് അലി മാസ്റ്റർ നന്ദിപറഞ്ഞു.

മഞ്ചേരി: ആകാശവാണി മഞ്ചേരി എഫ്‌.എം. നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവും പ്രോഗ്രാം ഹെഡുമായിരുന്ന കെ. പ്രതാപ് പോൾ അഭിനന്ദനാർഹമായ സേവനത്തിന് ശേഷം വിരമിച്ചു. അദ്ദേഹത്തിന് റേഡിയോ ശ്രോതാക്കളുടെ സംഘടനയായ അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

ജില്ലാ പ്രസിഡണ്ട് കെ.കെ. കുഞ്ഞാണി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് ഗോപു (തിരൂർ), സംസ്ഥാന കമ്മിറ്റി പ്രതിനിധി പൗലോസ് മാസ്റ്റർ (പട്ടിമറ്റം), അനീഷ് കൊല്ലപടി, നദീറ പുത്തനത്താണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മഞ്ചേരി എഫ്‌.എം. ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ, ആകാശവാണി മുൻ സീനിയർ അനൗൺസർ ആർ. കെ. എന്നിവരും ചടങ്ങിൽ പങ്കാളികളായി.

മലപ്പുറം: ഗ്യാസിന് പകരം പാചക വാതക സിലിണ്ടറുകളില്‍ വെള്ളം നിറച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഗ്യാസ് ഏജന്‍സികളുടെ നോട്ടീസ്. മലപ്പുറത്താണ് സംഭവം. ഇന്‍ഡേന്റെ പാചക വാതക സിലിണ്ടറുകളിലാണ് വെള്ളം നിറച്ച നിലയില്‍ കണ്ടെത്തിയത്. ചേളാരി ഐഒസി എല്‍പിടി ബോട്‌ലിങ് പ്ലാന്റുമായി ബന്ധപ്പെട്ട പത്ത് സിലിണ്ടര്‍ ലോറി ഡ്രൈവര്‍മാര്‍ക്കാണ് നോട്ടീസ് ലഭിച്ചത്

വെള്ളം നിറച്ച സിലിണ്ടറുകള്‍ ഗ്യാസ് ഏജന്‍സികളില്‍ കെട്ടിക്കിടക്കുകയാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിന്റെ നഷ്ടം ഡ്രൈവര്‍മാര്‍ നല്‍കണമെന്നും ഗ്യാസ് ഏജന്‍സികള്‍ പറയുന്നു. ഡ്രൈവര്‍മാര്‍ക്ക് പുറമേ അവരുടെ സംഘടനാ നേതൃത്വത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. സിലിണ്ടറില്‍ വെള്ളം നിറച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം ഗ്യാസ് ഏജന്‍സികള്‍ തങ്ങളെ ലക്ഷ്യംവെയ്ക്കുകയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

ചിലര്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് ഐഒസി ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വെള്ളം നിറച്ച സിലിണ്ടര്‍ സംബന്ധിച്ച ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് എഎഎന്‍ടിയുസി പ്രതിനിധികളും ആവശ്യപ്പെട്ടു.

മലപ്പുറം: മലപ്പുറം എടപ്പാളില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞാണ് മരണം സംഭവിച്ചത്. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശി പ്രജീഷാണ് (43) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായ യാത്രക്കാരന് നിസ്സാരമായ പരിക്കേറ്റു.

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ -അബുദാബി വിമാനത്തിന് നേരെയായിരുന്നു ഇയാൾ വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 29 നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി സന്ദേശം കരിപ്പൂർ എയർപ്പോർട്ട് ഡയറക്ടർക്ക് ഇ മെയിൽ വഴി അയക്കുന്നത്. കരിപ്പൂർ – അബുദാബി വിമാനം നിങ്ങൾ കാൻസൽ ചെയ്യണം അല്ലെങ്കിൽ വിമാനം പൂർണമായും തകരും. വിമാനത്തിനകത്തുള്ള മുഴുവൻ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങൾ മറുപടി പറയേണ്ടി വരും. അതുകൊണ്ട് നിങ്ങൾ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്യണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓഫീസ് സമയത്ത് സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ വേണ്ടെന്ന് സര്‍ക്കാര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാത്ത കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഈ വിഷയത്തില്‍ മേലധികാരികള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം എന്നും സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സാംസ്‌കാരിക കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നത് ഓഫിസ് സമയം കഴിഞ്ഞ് മതി. ഉത്തരവ് ലംഘിടച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുണ്ടക്കൈ: പുഞ്ചിരിമട്ടത്തെ മലനിരകളിൽ ഇപ്പോഴും കോട പെയ്തിറങ്ങുന്നുണ്ട്; പ്രകൃതിക്കലി നൂറു കണക്കിനാളുകളുടെ ജീവനും ആയുഷ് കാലത്തെ സമ്പാദ്യങ്ങളും കശക്കി എറിഞ്ഞതിന്റെ കാഴ്ചകളെ മറയ്ക്കാനെന്നപോലെ. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് കയറുമ്പോൾ എത്തുന്ന മുണ്ടക്കൈയിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോ മീറ്ററാണ് പുഞ്ചിരിമട്ടത്തേക്കുള്ള ദൂരം. കുന്നും മലകളും തേയിലത്തോട്ടങ്ങളും മാടിവിളിച്ചിരുന്ന ഇവിടം ഇന്ന് അവശേഷിക്കുന്നത് മനുഷ്യനേക്കാൾ ഉയരമുള്ള പാറകളും തരിപ്പണമായ കെട്ടിടങ്ങളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നു കൂടിക്കിടക്കുന്ന മരത്തടികളുമൊക്കെയാണ്. ഇന്നേക്ക് മൂന്നുമാസം തികയുന്ന, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഔദ്യോഗിക കണക്ക് പ്രകാരം 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍ നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതിൽ 208 എണ്ണത്തിന്റെ പരിശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയുന്നതിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡി.എൻ.എ സാമ്പിളുകൾ അയച്ചതായും ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൽപറ്റ ഡിവൈ.എസ്.പി സുരേഷ് പറഞ്ഞു.

മൂന്നു മാസം പിന്നിടുമ്പോഴും ദുരന്തത്തിൽ ബാക്കിയായവരെ ചേർത്തു നിർത്തുന്ന കാര്യത്തിൽ സർക്കാർ നിസ്സംഗതയിലാണെന്ന പരാതിയും വ്യാപകമാണ്. അടിയന്തര സഹായം ഇപ്പോഴും കിട്ടാത്തവർ നൂറിലധികം. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാൻ ഭരണ കൂടത്തിനായിട്ടില്ല. പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കിൽ അനിശ്ചിതത്വത്തിലായി.

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തിൽ പെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതർ തയാറായിട്ടില്ല. ഉറ്റവരും ജോലിയും വീടുമെല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാനോ സർക്കാർ ഏറ്റെടുക്കാനോ ഇപ്പോഴും വിമുഖത. പ്രധാനമന്ത്രി ലക്ഷങ്ങൾ മുടക്കി ദുരന്ത പ്രദേശങ്ങളും ഇരകളെയും സന്ദർശിച്ചതല്ലാതെ കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിന് കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്താവാനുള്ള സാധ്യത ഏറെയാണ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ആരോഗ്യസര്‍വകലാശാല വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. സനാതന ധര്‍മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനായാണ് ഗവര്‍ണര്‍ ക്യാമ്പസിലെത്തിയത്.

ഗവര്‍ണറുടെ പരിപാടി നടക്കുന്നതിന് തൊട്ടരികിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ക്യാമ്പസുകളെ സംഘപരിവാറിന്റെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചാന്‍സിലറായ ഗവര്‍ണര്‍ അത്തരം പരിപാടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധവുമായി തങ്ങള്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.

‘സംഘി ചാന്‍സലര്‍ ഗോ ബാക്ക്‘ എന്ന് എഴുതിയിട്ടുള്ള ബാനറുകളുമായാണ് പ്രതിഷേധം. ‘വി നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍’ എന്ന ബോര്‍ഡും വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ബാരിക്കേഡുകള്‍ വച്ചുകൊണ്ട് പൊലീസ് തടഞ്ഞു. എസ്എഫ്‌ഐയുടെ കേന്ദ്ര കമ്മറ്റി അംഗം ഇ അഫ്‌സലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

എസ്എഫ്‌ഐ പ്രതിഷേധം നടത്തിക്കോട്ടെ, അത് താന്‍ ആസ്വദിക്കുന്നുവെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ബാനറുകള്‍ കെട്ടിക്കോട്ടെ,പക്ഷെ അക്രമം അംഗീകരിക്കാന്‍ കഴിയില്ല. അക്രമം കാണിച്ചപ്പോഴാണ് നേരത്തെയെല്ലാം പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റികള്‍ പഠനത്തിനായുള്ളതാണ് – ഗവര്‍ണര്‍ വ്യക്തമാക്കി.

എടവണ്ണപ്പാറ: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാർക്കും പരുക്കുകളില്ല.

ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും.

നിലമ്പൂർ: പോത്തുകല്ലിൽ ഇന്നലെ ഭൂമിയ്ക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ട പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ ശബ്ദം കേട്ടത്. ഇന്നലെ ഉഗ്ര ശബ്ദം അനുഭവപ്പെട്ടതിനു പിന്നാലെ വില്ലേജ് ഓഫിസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ചൊവാഴ്ച രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിയ്ക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. പിന്നാലെ ഇവരെ ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ആനക്കല്ല് നഗറിലെ 2 വീടുകൾക്കും മുറ്റത്ത് വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ സ്ഫോടന ശബ്ദം മേഖലയിൽ കേട്ടിരുന്നു.