മുണ്ടക്കൈ: പുഞ്ചിരിമട്ടത്തെ മലനിരകളിൽ ഇപ്പോഴും കോട പെയ്തിറങ്ങുന്നുണ്ട്; പ്രകൃതിക്കലി നൂറു കണക്കിനാളുകളുടെ ജീവനും ആയുഷ് കാലത്തെ സമ്പാദ്യങ്ങളും കശക്കി എറിഞ്ഞതിന്റെ കാഴ്ചകളെ മറയ്ക്കാനെന്നപോലെ. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് കയറുമ്പോൾ എത്തുന്ന മുണ്ടക്കൈയിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോ മീറ്ററാണ് പുഞ്ചിരിമട്ടത്തേക്കുള്ള ദൂരം. കുന്നും മലകളും തേയിലത്തോട്ടങ്ങളും മാടിവിളിച്ചിരുന്ന ഇവിടം ഇന്ന് അവശേഷിക്കുന്നത് മനുഷ്യനേക്കാൾ ഉയരമുള്ള പാറകളും തരിപ്പണമായ കെട്ടിടങ്ങളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നു കൂടിക്കിടക്കുന്ന മരത്തടികളുമൊക്കെയാണ്. ഇന്നേക്ക് മൂന്നുമാസം തികയുന്ന, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
ഔദ്യോഗിക കണക്ക് പ്രകാരം 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍ നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതിൽ 208 എണ്ണത്തിന്റെ പരിശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയുന്നതിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡി.എൻ.എ സാമ്പിളുകൾ അയച്ചതായും ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൽപറ്റ ഡിവൈ.എസ്.പി സുരേഷ് പറഞ്ഞു.
മൂന്നു മാസം പിന്നിടുമ്പോഴും ദുരന്തത്തിൽ ബാക്കിയായവരെ ചേർത്തു നിർത്തുന്ന കാര്യത്തിൽ സർക്കാർ നിസ്സംഗതയിലാണെന്ന പരാതിയും വ്യാപകമാണ്. അടിയന്തര സഹായം ഇപ്പോഴും കിട്ടാത്തവർ നൂറിലധികം. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാൻ ഭരണ കൂടത്തിനായിട്ടില്ല. പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കിൽ അനിശ്ചിതത്വത്തിലായി.
കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തിൽ പെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതർ തയാറായിട്ടില്ല. ഉറ്റവരും ജോലിയും വീടുമെല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാനോ സർക്കാർ ഏറ്റെടുക്കാനോ ഇപ്പോഴും വിമുഖത. പ്രധാനമന്ത്രി ലക്ഷങ്ങൾ മുടക്കി ദുരന്ത പ്രദേശങ്ങളും ഇരകളെയും സന്ദർശിച്ചതല്ലാതെ കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിന് കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്താവാനുള്ള സാധ്യത ഏറെയാണ്.
Comments are closed.