മലപ്പുറം: മലപ്പുറം ജില്ലയില് സ്കൂള് പരിസരങ്ങളിലെ ലഹരി വില്പ്പന കണ്ടെത്തി തടയുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര് വി.ആര് വിനോദ്. മലപ്പുറം സൂര്യ റിജന്സിയില് ചേര്ന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകള്ക്ക് നൂറു വാര (91.44 മീറ്റര്) ചുറ്റളവിലുള്ള കടകളില് പുകയില ഉല്പ്പന്നങ്ങളുടെയും മറ്റു ലഹരി വസ്തുക്കളുടെയും വില്പ്പന നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. സ്കൂള് തുറക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പ്, എക്സൈസ്, പൊലീസ് എന്നിവയുടെ സഹായത്തോടെ സ്കൂള് പരിസരങ്ങളില് സംയുക്ത പരിശോധന നടത്തും. ജില്ലയില് വര്ധിച്ചു വരുന്ന ഗാര്ഹിക പ്രസവങ്ങള് തടയുന്നതിനും വാക്സിനേഷനോടുള്ള വിമുഖത ഇല്ലാതാക്കുവാനും ബോധവത്കരണമടക്കമുള്ള പ്രവര്ത്തനങ്ങള് നടത്തണമെന്നും യോഗത്തില് ജില്ലാ കളക്ടര് നിര്ദ്ദേശിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലുള്ള ജില്ലയിലെ പ്രവര്ത്തനങ്ങളുടെ അവലോകനം യോഗത്തില് നടന്നു.
യോഗത്തില് ജില്ലാ വികസന കമ്മീഷണര് സച്ചിന് കുമാര് യാദവ്, അസി. കളക്ടര് വി.എം ആര്യ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. ടി.എന് അനൂപ്, ജില്ലാ പ്ലാനിങ് ഓഫീസര് എം.എം സുമ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര് സംബന്ധിച്ചു. ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ രേണുക സ്വാഗതവും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്ജ നന്ദിയും പറഞ്ഞു.
Author

Comments are closed.