അരീക്കോട്: അരീക്കോട് പുത്തലത്ത് പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മാവേലി സ്റ്റോറിൽ സാധനം വാങ്ങാൻ എത്തിയ അരീക്കോട് കൊഴക്കോട്ടൂർ സ്വദേശിയെ ജീവനക്കാരൻ പൊതുമധ്യത്തിൽ അവഹേളിച്ചതായി പരാതി.
മാവേലി സ്റ്റോറിൽ നിന്നും റേഷൻ കാർഡ് കാണിച്ച് അവശ്യസാധനങ്ങൾ ആവശ്യപ്പെട്ട ഇദ്ദേഹത്തെ സ്റ്റേഷനറി ഉൽപ്പന്നങ്ങൾ നിർബന്ധപൂർവ്വം വാങ്ങാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് ജീവനക്കാരൻ, ആവശ്യപ്പെട്ട സബ്സിഡി സാധനങ്ങൾ നിഷേധിക്കുകയും റേഷൻ കാർഡ് വലിച്ചെറിഞ്ഞ് അസഭ്യം പറയുകയും ചെയ്തു.
മാവേലി സ്റ്റോറിൽ നിന്നും ആദായനിരക്കിൽ സാധനം വാങ്ങുമ്പോൾ കൂടെ സ്റ്റേഷനറി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടെന്ന് ജീവനക്കാരൻ അവകാശപ്പെട്ടു. 2025 മുതലാണ് ഈ ഉത്തരവ് എന്നാണ് ജീവനക്കാരന്റെ വാദം. എന്നാൽ തനിക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുകയും അവശ്യസാധനങ്ങൾ നൽകാതെ റേഷൻ കാർഡ് വലിച്ചെറിഞ്ഞ് പൊതു മധ്യത്തിൽ അസഭ്യം പറഞ്ഞ് അവഹേളിച്ചതിൽ പരാതി നൽകിയിരിക്കുകയാണ് ഉപഭോക്താവ്.
ജില്ലാ ഉപഭോക്ത കോടതി, ജില്ലാ കലക്ടർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. കൂടാതെ പരാതിയിൽ ജീവനക്കാരൻ അവകാശപ്പെട്ട വിചിത്ര ഉത്തരവിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം വിശദീകരണം ആവശ്യപ്പെടും.
Comments are closed.