അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷന് സ്ഥലംമാറ്റിയതിൽ വ്യാപക പരാതിയുമായി രോഗികൾ രംഗത്തെത്തി. താലൂക്ക് ആശുപത്രിയിലെ ഏക കുട്ടികളുടെ ഡോക്ടറെയാണ് ശബരിമല ഡ്യൂട്ടിക്കായി താൽക്കാലിക സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.
ദിനംപ്രതി മുന്നൂറോളം പേരാണ് കുട്ടികളെ ചികിത്സിക്കുന്നതിന് വേണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. ഇവരുടെ ഏക ആശ്രയമാണ് താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ വിദഗ്ധൻ. രോഗികളായ കുട്ടികൾക്ക് ചികിത്സ തേടിയെത്തുന്നവർ ആശുപത്രിയിലെത്തി ഡോക്ടർ ഇല്ല എന്നറിയുന്നതോടെ വലയുകയാണ്. ഡോക്ടറെ അന്വേഷിക്കുന്നവർക്ക് ഡിസംബർ 30 മുതൽ ജനുവരി 11 വരെ പ്രസ്തുത ഡോക്ടറുടെ സേവനം ലഭ്യമാകില്ല എന്നാണ് അധികൃതർ നൽകുന്ന വിവരം.
താലൂക്ക് ആശുപത്രിയിലെ ഏക ഡോക്ടറുടെ സേവനം വിലക്കി രോഗികളെ പ്രതിസന്ധിയിലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
ഉടൻതന്നെ മറ്റൊരു ഡോക്ടറെ പുനർ നിശ്ചയിക്കുകയോ താൽക്കാലിക സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി നേരത്തെയുള്ള ഡോക്ടറുടെ സേവനം അതേപടി തുടരുകയോ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
Comments are closed.