മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിൽ ആവേശത്തുടക്കം. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ മൂന്നിടങ്ങളിലായി സംഘടിപ്പിച്ച കോർണർ മീറ്റിംഗുകളിലേക്ക് സ്ത്രീകൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമെത്തി. സ്ഥാനാർത്ഥിത്വത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ പ്രിയങ്കയെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മൂന്നിടങ്ങളിലും അരമണിക്കൂറോളം നീണ്ട പ്രസംഗങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങളെ പ്രിയങ്ക നിശിതമായി വിമർശിച്ചു.
കോഴിക്കോട് തിരുവമ്പാടിയിലെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12.30ഓടെ അരീക്കോട് തെരട്ടമ്മലിൽ ആയിരുന്നു മലപ്പുറത്തെ ആദ്യ പ്രചാരണ യോഗം.തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പ്രിയങ്ക വേദിയിലേക്ക് എത്തിയത്. മുത്തുക്കുടയുടെ അകമ്പടിയോടെ പ്രവർത്തകർ പ്രിയങ്കയെ സ്വീകരിച്ചു. മമ്പാടിലെ പ്രചാരണ യോഗത്തിലേക്കുള്ള യാത്രാമദ്ധ്യേ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലെ ഫുട്ബാൾ മത്സരം കാണാൻ പ്രിയങ്കയെത്തി. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ച പ്രിയങ്ക കളിക്കാരുമായി പരിചയപ്പെട്ടു. പ്രിയങ്കയുടെ വരവറിഞ്ഞ് നിരവധി പേർ തടിച്ചുകൂടി. ഹസ്തദാനം ചെയ്യാനും ഫോട്ടോയെടുക്കാനും തിരക്കുകൂട്ടി. കുണ്ടുതോട് പാലത്തിന് സമീപം വാഹനം ഒതുക്കിനിറുത്തിയ ശേഷം കൈവശം കരുതിയ ഉച്ച ഭക്ഷണം പ്രിയങ്ക കഴിച്ചു. ഉച്ചയ്ക്ക് രണ്ടോടെ മമ്പാടും വൈകിട്ട് അഞ്ചോടെ ചുങ്കത്തറയിലും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ എം.പി, ദീപാ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.പി. അനിൽകുമാർ എം.എൽ.എ, ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Comments are closed.