മലപ്പുറം: രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും സായാഹ്ന ഒ.പികൾ ഇല്ലാതെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഒൻപത് ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ഉൾപ്പെടെ 11 കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികൾക്ക് ആശ്വാസമാകേണ്ട സായാഹ്ന ഒ.പികൾ ഇല്ലാത്തത്. കീഴുപറമ്പ്, ചെറുകാവ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, തേഞ്ഞിപ്പലം, ചെറിയമുണ്ടം, വണ്ടൂർ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിലും തിരൂർ, മലപ്പുറം നഗരസഭകളിലുമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് സായാഹ്ന ഒ.പികൾ ഇല്ലാത്തത്. ദിനംപ്രതി 100 കണക്കിന് രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. ഇവിടങ്ങളിൽ സായാഹ്ന ഒ.പികൾ വേണമെന്ന ആവശ്യവും ശക്തമാണ്.

സെപ്തംബർ ഒന്ന് മുതൽ 30 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോൾ പനി ചികിത്സയ്ക്കാണ് കൂടുതൽ പേർ കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിച്ചിരിക്കുന്നത്. സെപ്തംബർ 18ന് മാത്രം 2,547 രോഗികൾ പനിയ്ക്ക് ചികിത്സ തേടിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ഗ്രാമപഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. സായാഹ്ന ഒ.പികൾ കൂടി ലഭ്യമായാൽ സാധാരണക്കാർക്ക് ഇത് കൂടുതൽ ആശ്വാസകരമാകും.എല്ലാവർക്കും തൊട്ടടുത്ത സ്ഥലങ്ങളിൽ പ്രാഥമിക തലത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. അതിനിടെ, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ (എൻ.ക്യു.എ.എസ്) രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കോട്ടയ്ക്കൽ കുടുംബാരോഗ്യത്തെ തിരഞ്ഞെടുത്തിരുന്നു. 99 ശതമാനം സ്‌കോർ ആയിരുന്നു നേടിയത്.

Author

Comments are closed.