മലപ്പുറം: ഗതാഗത നിയമലംഘനത്തിന് ഒരു വർഷത്തിനിടെ ജില്ലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴയിട്ടത് 44 കോടി കോടി രൂപ. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 5,13,464 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാമത് മലപ്പുറം ജില്ലയാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസും പിഴകളുമുള്ളത്. 11.21 ലക്ഷം കേസുകളിലായി 88.69 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 6.28 ലക്ഷം കേസുകളുണ്ട്. 56.54 കോടി രൂപയാണ് പിഴ. കോഴിക്കോടാണ് മൂന്നാമത്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, അമിത വേഗത എന്നീ കേസുകളാണ് മലപ്പുറത്ത് കൂടുതലും. നല്ലൊരു പങ്കും ക്യാമറകളിൽ പതിഞ്ഞ നിയമ ലംഘനങ്ങളാണ്. പിഴ തുക സംബന്ധിച്ച വിവരങ്ങൾ മൊബൈൽ വഴിയാണ് ലഭിക്കുക.

നിരത്തുകളിലെ പരിശോധന വർദ്ധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഏഴ് താലൂക്കുകളിലേക്കായി ആറ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ അനുവദിച്ചിട്ടുണ്ടെങ്കിലും ആകെയുള്ളത് നാല് വാഹനങ്ങളാണ്. ഒരു സ്ക്വാഡിൽ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐമാരും വേണം. ജീവനക്കാരുടെ കുറവ് മൂലം ഒരു എം.വി.ഐയും എ.എം.വി.ഐയുമുള്ള സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

Author

Comments are closed.