Author

admin

Browsing

അരീക്കോട്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. മണ്ഡലം സെക്രട്ടറി താഴത്താരി അബ്ദുൽ കരീം സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് യു.എസ് ഖാദർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബൈജീവ് എടാലത്ത് അനുശോചന പ്രമേയം വായിച്ചു.

അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, സിപിഐഎം ഏരിയ സെക്രട്ടറി എൻ.കെ ഷൗക്കത്തലി, ഏറനാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. പി സഫറുള്ള, ഡി.സി.സി സെക്രട്ടറി അജീഷ് എടാലത്ത്, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി കെ അബ്ദുൾ സാദിൽ, എ.ഡബ്ല്യൂ അബ്ദുറഹ്മാൻ, പി.കെ നാസർ മാസ്റ്റർ, പി.പി മുഹമ്മദ്‌ ഷിമിൽ, കെ ജമാൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

അരീക്കോട് : സൈകോളജിക്കൽ മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ ഷുഹൈലിന്റെ 5 പുസ്തകം പ്രകാശനം ചെയ്തു. പുസ്തകങ്ങൾ 1 ശ്വാസത്തിൻ നൂലറ്റത്ത് , 2 കരളാഴം കടന്നു കടൽ ദൂരത്തേക്ക്, 3 പപ്പടക്കണ്ണൻ, 4 വിജയത്തിലേക്ക് 30 മന്ത്രങ്ങൾ, 5 ഓംലെറ്റും കട്ടൻ ചായയും പിന്നെ ജിന്നും എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

പ്രഗൽഭ എഴുത്തുകാരായ മലിക് നാലകത്ത്, അഡ്വക്കേറ്റ് പിഎം സഫറുള്ള, ടി എ മടക്കൽ, റഹ്മാൻ പൂവഞ്ചേരി, കോയാക്ക എന്നിവർ നിർവഹിച്ചു, ലുക്മാൻ പി എം സ്വാഗതം പറഞ്ഞു. ചടങ്ങിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട അധ്യക്ഷതയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ അഡ്വക്കറ്റ് എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി. ചടങ്ങിന് പ്രമുഖ എഴുത്തുകാരും കലാകായിക സാമൂഹിക സാംസ്കാരിക പ്രഗൽഭരുമായ വി നിഗാർ ബീഗം, നാസർ എ, ലത്തീഫ് സി, കമറുദ്ദീൻ, മെഹബൂബ് എന്ന കുഞ്ഞാണി, എംപി ഡോക്ടർ ലബീത്, അബ്ദുൽ നാസർ എം, ഫിറോസ് പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അരീക്കോട്ടേയും പരിസര പ്രദേശത്തെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. മ്യൂസിക് ഫ്രണ്ട്സ് ഓർക്കസ്ട്ര കോഴിക്കോടിന്റെ ഗാനമേള ചടങ്ങിന് മികവേകി. ഷാർജ പുസ്തകമേളയിൽ ഈ പുസ്തകങ്ങൾ പ്രകാശനം ചെയ്തിരുന്നു. പ്രൗഢോജ്വലമായ നിറഞ്ഞ സദസ്സിന് എം എ സുഹൈൽ നന്ദി പറഞ്ഞു.

അരീക്കോട് : കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ, മൻമോഹൻ സിംഗ് എന്നിവരുടെ വിയോഗത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജയൻ തവനൂർ സ്വാഗതം പറഞ്ഞ യോഗം രേമേഷ് ബാബു അധ്യക്ഷനായി. എം. നാസർ, എം ടി മുസ്തഫ, ശ്രീജ അനിയൻ, വാസു അരീക്കോട്, സുരേഷ് മാസ്റ്റർ തയ്യിൽ, നജാഹ്, സാദിക്ക്. പി, നാമീർ പനോളി തുടങ്ങിയവർ സംസാരിച്ചു. നഹീം പുതുവന നന്ദി രേഖപ്പെടുത്തി.

അരീക്കോട് : ഉഗ്രപുരത്തെ കൊച്ചു കൂട്ടുകാർ ക്രിസ്തുമസ്സ് കരോൾ നടത്തിയ വകയിൽ പിരിഞ്ഞു കിട്ടിയ തുക പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന ഏറനാട് ഡയാലിസിസ് സെന്ററിന് സംഭാവനയായി നൽകി. ട്രസ്റ്റ് വാർഡ് ചെയർമാൻ കെ.ജനാർദ്ദനൻ, ട്രസ്റ്റി ബോർഡ് അംഗം സുരേഷ് ബാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

അരീക്കോട് : ഐ.എസ്.എം അരീക്കോട് മണ്ഡലം സമിതി ശാഖാ ഭാരവാഹികൾക്കായി സംഘടിപ്പിച്ച നിശാ ക്യാമ്പ് സമാപിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ. ഷബീർ ആലുക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡന്റ്‌ ഹാറൂൺ സിദ്ധീഖ് ക്യാമ്പ് നിയന്ത്രിച്ചു. മൗലവി ഇബ്രാഹിം ബുസ്താനി, നിസാർ കുനിയിൽ, ഹിഷാം പി, ഡോ. യൂനുസ് ചെങ്ങര, ഡാനിഷ് തെരട്ടമ്മൽ തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഐ.എസ്.എം മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ഫാസിൽ ആലുക്കൽ സമാപന പ്രസംഗം നടത്തി.

കാവനൂർ: രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച കാവനൂർ തവരാപറമ്പ് എ കെ സി ജംഗ്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പി കെ ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. കാവനൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി വി ഉസ്മാൻ അധ്യക്ഷനായി. ബ്ലോക്ക്‌ മെമ്പർ ഇ പി മുജീബ്, വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ്, എൻ മമ്മോട്ടി ഹാജി, രാജീവ്‌ മാസ്റ്റർ, പി എം കുഞ്ഞു, പി മൂസക്കുട്ടി, അഹമ്മദലി, ടി ഉമ്മർ, എം പി സോമൻ, സിപി സിദ്ധീഖ്, സത്യൻ പി കെ മറ്റു നാട്ടുകാർ പങ്കെടുത്തു.

അരീക്കോട്: മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും നാടിന്റെ അഭിമാനവും ആയിരുന്ന ജാബിറിന്റെ 8-ാമത് ചരമ വാർഷിക ദിനത്തിൽ ജാബിറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പത്തനാപുരം ടെർഫ് ഗ്രൗണ്ടിൽ ഓൾഡ് ഫൈറ്റേഴ്സ് അരീക്കോട് സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം മുൻ സംസ്ഥാനതാരം സലാം നാലകത്ത് ഉദ്ഘാടനം ചെയ്തു. യൂസഫ് സി നായകനായ ടീമും കെ.പി സമീർ നായകനായ ടീമും തമ്മിൽ നടന്ന വാശിയേറിയ മത്സരം 4:4 സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളിൽ ആയി ജമാൽ കെ, ഡോ. അനിൽകുമാർ, മുഹമ്മദലി ടി.പി, സജീർ കെ.പി, സലാം എൻ, അഷ്‌റഫ്‌ കെ, യൂനുസ് എൻ, ഷാജു, ബാബു എം.പി.ബി, മുജീബ് എം, സഫീർ എം.ടി, സാജിദ് പി.കെ, മുഹമ്മദ്‌ ടി.പി, ഡോ. സഫറുള്ള കെ, കുഞ്ഞാൻ സി, ജനീസ് വി, പി.കെ മുനീർ എന്നിവർ ബൂട്ടണിഞ്ഞു. അബ്ദുൾ നാസർ എം കളി നിയന്ത്രിച്ചു. ജമാൽ കെ നല്ല കളിക്കാരനായി തിരഞ്ഞെടുത്തു. ഡോക്ടർ സഫറുള്ള കെ ഡോക്ടർ അനിൽകുമാർ സലാം എൻ. തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

അരീക്കോട്: അരീക്കോട് വെട്ടറൻസ് ഫുട്ബോൾ അസോസിയേഷൻ (VFA )മലപ്പുറം സംഘടിപ്പിച്ച ജാബിർ സി അനുസ്മരണ ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവുമായ യു. ഷറഫലി അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടിയിൽ മുൻ ജില്ലാ പോലീസ് സൂപ്രണ്ട് അബ്ദുൽകരീം, കെ എഫ് എ വൈസ് പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം, കെ വി അബൂട്ടി, എ കെ സക്കീർ, കെ വി ജാഫർ, അബ്ദുസ്സലാം നാലകത്ത്, ഹബീബ് റഹ്മാൻ, സമദ് പറച്ചിനി ക്കടവ് എന്നിവർ സംസാരിച്ചു. മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും കേരള പോലീസിന്റെ നെടും തൂണും കഠിനാധ്വാനിയും അർപ്പണബോധവുമുള്ള കളിക്കാരനായിരുന്നു സി ജാബിർ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുൻ എസ്.പി അബ്ദുൽ കരീം ഓർത്തെടുത്തു.

അരീക്കോട്: അണ്ടർ ട്വന്റി മലപ്പുറം ജില്ല ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായ ചക്കംതൊടിക ഗ്രൗണ്ടിൽ നിന്നും വളർന്നുവന്ന ടീം അംഗങ്ങൾക്കുള്ള സൗഹൃദ കൂട്ടായ്മയുടെ ആദരവും സൗഹൃദ കൂട്ടായ്മ പിരിച്ചെടുത്ത ചികിത്സാ ഫണ്ട് കൈമാറ്റവും നടന്നു.

കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽ‌വെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.

തകഴിയെക്കുറിച്ചും, മോഹിനിയാട്ടത്തെപ്പറ്റിയും എം ടി ഡോക്യൂമെന്‍ററികളുമൊരുക്കിയിട്ടുണ്ട്. ഗോപുരനടയിൽ എന്ന പേരില്‍ നാടകവും രചിച്ചു. ആൾക്കൂട്ടത്തിൽ തനിയെ,മനുഷ്യർ നിഴലുകൾ, വൻകടലിലെ തുഴവള്ളക്കാർ എന്നീ യാത്രാവിവരണങ്ങളെഴുതി എൻ പി മുഹമ്മദുമായി ചേര്‍ന്ന് 10 വിശ്വോത്തര കഥകൾ വിവര്‍ത്തനം ചെയ്തു. മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി എന്നീ ബാലസാഹിത്യ കൃതികളും എം ടിയുടേതായി പുറത്തുവന്നു. കാഥികന്‍റെ പണിപ്പുര, ഹെമിങ്‌വേ-ഒരു മുഖവുര, കാഥികന്‍റെ കല എന്നീ സാഹിത്യപഠനങ്ങൾ കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്‌ദം, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, ഓർമക്കുറിപ്പുകൾ: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി തുടങ്ങിയ ലേഖനങ്ങളും എം ടി രചിച്ചിട്ടുണ്ട്. ചിത്രത്തെരുവുകൾ എന്ന പേരിൽ ചലച്ചിത്രസ്മരണകൾ പുസ്തകമായി. വാക്കുകളുടെ വിസ്‌മയം എന്ന തലക്കെട്ടില്‍ പ്രസംഗങ്ങളുടെ സമാഹാരവും എം ടിയുടെ പേരിൽ പുറത്ത് വന്നിരുന്നു.

സാഹിത്യജീവിതത്തിന്‍റെ തുടര്‍ച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ,​ താഴ്‌വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ എംടിയുടെ കഥകള്‍ കോളേജ് കാലത്ത് ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് പഠനകാലത്താണ് ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങിയതും.
1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തില്‍ മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം എം ടിക്കായിരുന്നു. ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ആ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എം ടിയുടെ സാഹിത്യജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അങ്ങനെ എം ടി വാസുദേവൻ നായർ എന്ന പേര് മലയാളത്തിലെ വായനാസമൂഹത്തിലേക്കെത്തി.
‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഇതേ സമയത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിന്നീട് ‘സ്വര്‍ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ‘കാലം’- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970), ‘രണ്ടാമൂഴം’- വയലാര്‍ അവാര്‍ഡും (1985), ‘വാനപ്രസ്ഥം’- ഓടക്കുഴല്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 1995ൽ ജ്ഞാനപീഠ പുരസ്‌കാരം എംടിക്ക് ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
അധ്യാപക ജീവിതത്തിൽ നിന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ സ്ഥാനത്തേക്ക് അദ്ദേഹം എത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച ശേഷം തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ എംടിക്ക് സ്വന്തമാണ്.

രണ്ട് തവണ വിവാഹിതനായ എംടിയുടെ ആദ്യഭാര്യ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ്. പിന്നീടാണ് പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്തത്. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലുള്ള വീട് ‘സിതാര’യിലായിരുന്നു ഏറെക്കാലമായി എംടിയുടെ താമസം.