Author

admin

Browsing

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ വർഷകാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രവർത്തികൾ വിലയിരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ, വാർഡ് മെമ്പർ തസ് ലീന ഷബീർ, വില്ലേജ് ഓഫീസർ അബ്ബാസ്, വിവിധ വകുപ്പ് മേധാവികൾ, ട്രോമ കെയർ വളണ്ടിയേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു. ഓരോ വകുപ്പുകളും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും മുൻകരുതലുകളും യോഗം ചർച്ച ചെയ്തു വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.

മലപ്പുറം : പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഖാദി മേള സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്ന് വരെയാണ് മേള. ഈ കാലയളവില്‍ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി ബസ്റ്റാന്റ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ ഖാദി മേളകളും നടക്കുന്നുണ്ട്.

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട് വിശദീകരണം തേടി.

അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രതിചേർത്താണ് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ചെയർമാൻ കെ.എം സലിം പത്തനാപുരം കേസ് ഫയൽ ചെയ്തത്. താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ സൗകര്യവും മതിയായ ജീവനക്കാരും ഉണ്ടെന്നിരിക്കെ നിസ്സാര കാരണങ്ങൾ ഉയർത്തി സർക്കാർ ഉത്തരവുകൾ അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിനെതിരെയാണ് പരാതി.

(WPC 19354/2024) എന്ന നമ്പറിൽ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ജസ്റ്റിസ് ടി.ആർ രവി ആദ്യവാദം കേട്ടു. സംഭവത്തിൽ പത്ത് ദിവസത്തിനുള്ളിൽ സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് ജൂൺ 11 ലേക്ക് മാറ്റിവച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളായി ചേർത്തുകൊണ്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറത്തിനായി അഡ്വ. ഹാരിസ് മൂസ, അഡ്വ. എം.ബി സൂരി എന്നിവർ ഹാജരായി.

വേങ്ങര: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഏക്കർ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരനാണ് മരണപ്പെട്ടത്. ചെട്ടിപ്പടി പുഴക്കകലത്ത് സൈതലവി എന്നവരുടെ മകനാണ്. വിദ്യാർത്ഥികൾ അടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു കുട്ടി കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെ ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ കുളിക്കാൻ എത്താറുണ്ട്. നാട്ടുകാരുടെയും മലപ്പുറം ഫയർ ഫോഴ്‌സിൻ്റെയും. മറ്റ്സ ന്നദ്ധ സംഘടന കളുടെയും നേതൃത്വത്തിലുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശി ജോളി ഹോട്ടലിൽ ജോലി ചെയ്യുന്ന മുസ്ലിയാരകത്ത് ശരീഫ് (48) മരണപെട്ടു. ഇന്നലെ രാത്രി 10 മണിക്ക് മദർ ഹോസ്പിറ്റലിന് എതിർവശം ചെങ്കുത്തായ ഇറക്കമുള്ള ചെറിയ റോഡിൽ പാർസലുമായി പോകുന്ന സമയത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻതന്നെ മദർ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പുലർച്ചെ 2 മണിയോടെ മരണം സ്ഥിരീകരിച്ചു. രാവിലെ 8 മണിക്ക് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.

കീഴുപറമ്പ്: കീഴുപറമ്പ് മഴക്കാല പൂർവ ശുചീകരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന ‘മുന്നൊരുക്കം’ കാമ്പയിനിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ വാർഡ് മെമ്പർമാരായ എം.പി അബ്ദുറഹ്മാൻ, തസ് ലീന ഷബീർ, എം.ജി.എൻ.ആർ.ജി.എസ് എ.ഇ ജസീം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.

ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ഓഫീസ് അറ്റന്റന്റ്, ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി ഹിന്ദി, എല്‍.പി വിഭാഗത്തില്‍ ജെ.എല്‍.ടി അറബിക് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂണ്‍ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. ഫോണ്‍: 9495613259

മലപ്പുറം കോട്ടപ്പടി ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹയർസെക്കന്ററി വിഭാഗത്തിൽ ഇംഗ്ലീഷ്, ഉറുദു, കൊമേഴ്‌സ്, ഫിസിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മെയ് 30ന് രാവിലെ പത്തുമണിക്ക് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹയർസെക്കന്ററി ഓഫീസിൽ ഹാജറാക്കണം.

മഞ്ചേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയിങ് വിഭാഗത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ മൂന്നിന് രാവിലെ 9.30 ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.gptcmanjeri.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2763550.

മലപ്പുറം ഗവ. എല്‍.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെയ് 31 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447680888

മലപ്പുറം: വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്‍മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവരുടെ യോഗം ജൂണ്‍ 13 ന് മുമ്പ് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. യൂസര്‍ഫീ ശേഖരണം 25 ശതമാനത്തില്‍ കുറവുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കുക.

വാതില്‍പ്പടി മാലിന്യശേഖരണം, തരംതിരിക്കല്‍, സംസ്‌കരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം തേടുക എന്നതാണ് ലക്ഷ്യം. തിരൂരങ്ങാടി നഗരസഭയും ചീക്കോട്, കാളികാവ്, മാറാക്കര, തേഞ്ഞിപ്പലം, പുഴക്കാട്ടിരി, കണ്ണമംഗലം, മൂന്നിയൂര്‍, ആതവനാട്, പാണ്ടിക്കാട്, നന്നംമുക്ക്, അരീക്കോട്, പോരൂര്‍, പുലാമന്തോള്‍, വേങ്ങര, മൂര്‍ക്കനാട്, ആലിപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ഏപ്രില്‍ മാസത്തില്‍ 25 ശതമാനത്തില്‍ താഴെ യൂസര്‍ഫീ പിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. പെരിന്തല്‍മണ്ണ, വളാഞ്ചേരി, പരപ്പനങ്ങാടി നഗരസഭകളും കീഴാറ്റൂര്‍, മൂത്തേടം, കാലടി, പുറത്തൂര്‍, വളവന്നൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് വാതില്‍പ്പടി ശേഖരണത്തില്‍ മുന്നില്‍.

ജൂണ്‍ ആറിന് രാവിലെ 10ന് ശുചിത്വമിഷന്‍ യങ് പ്രൊഫണല്‍സ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാര്‍, തീമാറ്റിക് വിദഗ്ധര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ശില്പശാല സംഘടിപ്പിക്കും. സ്കൂള്‍ പ്രവേശനോത്സവം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്താന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വഴി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കില ഫെസിലിറ്റേറ്റര്‍ എ.ശ്രീധരന്‍, മാലിന്യമുക്ത നവകേരളം കോ-കോഡിനേറ്റര്‍ ബീന സണ്ണി, സോഷ്യല്‍ കമ്യൂണിക്കേഷന്‍ എക്‌പേര്‍ട്ട് ഇ. വിനോദ് കുമാര്‍, ഹരിതകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അരീക്കോട്: താഴത്തങ്ങാടി യുവധാര- ഡിവൈഎഫ്ഐ സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് മെമ്പർ ജമീലാ ബാബുവിന്റെ അധ്യക്ഷതയിൽ കരിയർ ഗൈഡൻസ് ക്ലാസും, വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ഡോ. ലവീസ് വസീം ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്സിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി. ചടങ്ങിൽ നോട്ട് ബുക്ക്‌ വിതരണോത്ഘാടനം എഎസ്സി ബാങ്ക് ഡയറക്ടർ റിഷാബുദ്ധീൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഷ്‌റഫ്‌ ഒതുക്കുങ്ങൽ, സഹീർ എം.ടി, റമീസലി കരിമ്പിലാക്കൽ, സാബിത്ത് കരുവാട്ട്, പ്രശസ്ത ഗാനരചയിതാവ് താജുദ്ധീൻ അരീക്കോട്, ശറഫുദ്ധീൻ, മുജീബ്. എം, ഫൈസൽ പി.പി, ഫെബിൻ കെ, കുഞ്ഞാണി എം.പി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ റഹ്മത്തുള്ള മാസ്റ്റർ നാലകത്ത് സ്വാഗതവും, റാസിഖ് എ.പി നന്ദിയും പറഞ്ഞു.

വെറ്റിലപ്പാറ : അരീക്കോട് വെറ്റിലപ്പാറ സ്വദേശി ഭരതൻ ചൂരക്കാട്ട്കുന്നുമ്മൽ എന്ന ആളെ ഇന്ന് (27/05/24 തിങ്കൾ) പുലർച്ചെ മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.

8086708218
8075847887