അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട് വിശദീകരണം തേടി.

അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രതിചേർത്താണ് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ചെയർമാൻ കെ.എം സലിം പത്തനാപുരം കേസ് ഫയൽ ചെയ്തത്. താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ സൗകര്യവും മതിയായ ജീവനക്കാരും ഉണ്ടെന്നിരിക്കെ നിസ്സാര കാരണങ്ങൾ ഉയർത്തി സർക്കാർ ഉത്തരവുകൾ അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിനെതിരെയാണ് പരാതി.

(WPC 19354/2024) എന്ന നമ്പറിൽ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ജസ്റ്റിസ് ടി.ആർ രവി ആദ്യവാദം കേട്ടു. സംഭവത്തിൽ പത്ത് ദിവസത്തിനുള്ളിൽ സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് ജൂൺ 11 ലേക്ക് മാറ്റിവച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളായി ചേർത്തുകൊണ്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറത്തിനായി അഡ്വ. ഹാരിസ് മൂസ, അഡ്വ. എം.ബി സൂരി എന്നിവർ ഹാജരായി.

Author

Comments are closed.