Author

admin

Browsing

അരീക്കോട്: വേറിട്ട പരിപാടികളുമായി നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ‘ഓപ്പൺ മൈൻഡ്’ എന്ന പേരിൽ സംഘടിപ്പിച്ച നോളജ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഉന്നതരായ പ്രതിഭകളുമായി വിദ്യാർഥികൾക്ക് സംവദിക്കുന്നതിന് വേദിയൊരുക്കിയ “ഓപ്പൺ മൈൻഡ് – ദി സുല്ലം ടോക്” രാവിലെ പത്തു മണിക്ക് സ്കൂൾ മുറ്റത്ത് തയ്യാറാക്കിയ പ്രത്യേക പന്തലിൽ വെച്ചാണ് നടന്നത്.

തീർത്തും വൈവിധ്യമാർന്ന നാല് വ്യത്യസ്ത സെഷനുകളിലായിട്ടാണ് പരിപാടി നടന്നത്. രാവിലെ 10 മുതൽ 11 വരെ ‘വിസ്റ്റ വിത് ഡോ.വേണു’. കർത്തവ്യപാതയിൽ വേറിട്ട ചരിത്രം രചിച്ച കേരള മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ എ എസുമായിട്ടുള്ള അഭിമുഖം ആയിരുന്നു ഈ സെഷൻ. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പ്രിൻസിപ്പൽ കെ.ടി മുനീർ റഹ്മാൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി പ്രസിഡൻറ് പ്രൊഫ. എൻ.വി അബ്ദുറഹിമാൻ ഈ സെഷനിൽ അധ്യക്ഷതയും വഹിച്ചു.

11 മുതൽ 11.45 വരെ നടന്ന ‘ട്രയോ ടോക്’ സെഷനിൽ സഹപാഠികളായ ഡോ. വേണു ഐ എ എസ്, ഡോ. എം കെ മുനീർ, ഡോ. സഫറുള്ള എന്നിവർ അവരുടെ ക്യാമ്പസ് അനുഭവങ്ങളും സൗഹൃദവും കുട്ടികളോട് പങ്കിട്ടു. ഹിമ അജ് വദ് മോഡറേറ്ററായി. 11.45 മുതൽ 12.30 വരെ ‘ലിറ്റററി ലെൻസ്’. 2024 ലെ ജെ സി ബി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട നോവലിന്റെ രചയിതാവായ സഹറു നുസൈബ കണ്ണനാരിയാണ് അതിഥിആയി എത്തിയത്. എം.പി റഹ്മത്തുള്ള സ്വാഗതം പറഞ്ഞു. 12.30 മുതൽ 1.15 വരെ നടന്ന ‘ഡ്രീംസ് ടു റിയാലിറ്റി’ എന്ന സെഷനിൽ ‘ഇന്റർവെൽ’ എന്ന സംരംഭത്തിലൂടെ സ്വപ്ന സദൃശ്യമായ നേട്ടങ്ങൾ കൈവരിച്ച പൂർവ വിദ്യാർഥികളായ ഷിബിലി അമീൻ, നാജിം ഇല്ല്യാസ് എന്നിവരെ ആദരിച്ചു. പി എം ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി എൻ വി ഹിമ അജ് വദിനെ ചടങ്ങിൽ ആദരിച്ചു.പിടിഎ പ്രസിഡണ്ട് മുനീർ ജോളി നന്ദി പറഞ്ഞു. സ്കൂളിന്റെയും പുസ്തകത്തിന്റെയും അതിർത്തികൾക്കപ്പുറം വലിയ ലോകത്തെ അറിയാനും വലിയ സ്വപ്നങ്ങൾ കാണാനും കുട്ടികൾക്ക് അപൂർവ അവസരമൊരുക്കിയ ഓപ്പൺ മൈൻഡ് സംഘാടന രീതി കൊണ്ടും അതിഥികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

സിവിൽ സർവീസ് ഉൾപ്പെടെ മറ്റു മത്സരപരീക്ഷകൾക്ക് സ്കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികളെ തയ്യാറാക്കുന്ന ‘ആസ്പയർ’ ക്ലബ്ബിൽ അംഗങ്ങളായ പഠിതാക്കളാണ് സുല്ലം ടാക്കിൽ അതിഥികളുമായി സംവദിച്ചത്. നേരത്തേ എൻ എം എം എസ്-സി യു ടി ഇ ഓറിയന്റേഷൻ കൂടിയാണ് സെഷനുകൾക്ക് ആരംഭം കുറിച്ചത്. എജുപോർട്ട് ഫൗണ്ടർ അജാസ് മുഹമ്മദ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ സിപി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. റോഷ്ന വി നന്ദി പറഞ്ഞു.

അരീക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി CWFI പെൻഷൻകാർക്ക് ചെമ്രക്കാട്ടൂലിൽ സംഘടിപ്പിച്ച കൺവെൻഷൻ യൂണിയൻ ഏരിയാ കമ്മിറ്റി അംഗം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.എം. പ്രകാശൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം യമുന, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ദേവദാസൻ, ഏരിയാ ട്രഷറർ വാസുദേവൻ, ശങ്കരൻ എന്നിവർ സംസാരിച്ചു.

വാഴക്കാട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർ മരണപെട്ടു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ റിയാസ് (29) എന്നിവർ മരണപെട്ടത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ടിപ്പർ ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
രണ്ട് കാറുകൾ, ഓട്ടോറിക്ഷ, രണ്ടു ബൈക്ക്, ഒരു സ്കൂട്ടർ എന്നിവ ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്നു. മറ്റു രണ്ടു പേർക്ക് പരിക്കുണ്ട്.

ചീക്കോട്: എന്റെ കുടുംബത്തിന് സുന്നത്ത് എന്റെ കുട്ടിക്ക് കുസുമം എന്ന പ്രമേയത്തിൽ ഈ മാസം അഞ്ചു മുതൽ പതിനഞ്ചു വരെ നീണ്ടുനിൽക്കുന്ന സുന്നത്ത് മാസിക ക്യാമ്പയിൻ വെട്ടുപ്പാറയിൽ നടന്ന റൈയ്ഞ്ച് യോഗത്തിൽ ചീക്കോട് റൈയിഞ്ച് അംഗങ്ങൾ വരി ചേർന്നു. അബ്ദുറഹീം സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഹമ്മദ് സഖാഫി ഉദ്ഘാടനം നിർവഹിക്കുകയും ഇബ്രാഹിം സഖാഫി വിഷയാവതരണം നടത്തുകയും ചൈതു. അധാർമ്മികതയിലും കലുഷതയിലും നീങ്ങുന്ന സമൂഹത്തെ വിജ്ഞാനവും ധർമ്മബോധവും നൽകുന്ന വഴിക്കാട്ടിയാണ് സുന്നത്ത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉമർ മുസ്ലിയാർ സ്വാഗതം പറയുകയും ജുനൈദ് ശാമിൽ ഇർഫാനി നന്ദി പറയുകയും ചെയ്തു.

അരീക്കോട് : അരിക്കോട് ഉപജില്ല കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ 90 മാർക്ക് നേടി പത്തനാപുരം എയുപി സ്കൂൾ, മറ്റു സ്കൂളുകളെ പിന്നിലാക്കി കൊണ്ട് ഓവറോൾ സ്ഥാനം നിലനിർത്തി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പത്തനാപുരം എയുപി സ്കൂൾ, എൽപി ജനറൽ വിഭാഗം, യു പി ജനറൽ വിഭാഗം, എൽപി അറബിക് വിഭാഗം, യു പി അറബിക് വിഭാഗം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. വിജയപാതയിൽ തുടർച്ചയായി മുന്നേറുകയാണ് പത്തനാപുരം എയുപി സ്കൂൾ.

അരീക്കോട് : മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ “മലയാളം മറക്കുന്ന മലയാളി” എന്ന വിഷയത്തിൽ പ്രഭാഷണവും, കെഎസ്എസ്പിയു അംഗങ്ങളുടെ കവിതാലാപനവും സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിഷ വാസു ഉദ്ഘാടനം ചെയ്തു. നൗഷാദ് അരീക്കോട് വിഷയാവതരണം നടത്തി. കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് പ്രസിഡണ്ട് കെ വി ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു.

കെഎസ്എസ്പിയു മലപ്പുറം ജില്ലാ ജോ.സെക്രട്ടറി ഇ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി കെ ഇബ്രാഹീം, ജില്ലാ കമ്മിറ്റി അംഗം പി നാരായണി, ബ്ലോക്ക് സെക്രട്ടറി അബ്ദുൽ റഷീദ് അറഞ്ഞിക്കൽ, ബി പി ഗോപാലകൃഷ്ണൻ, നാരായണൻ ചെറള സംസാരിച്ചു. ബ്ലോക്ക് സാംസ്കരിക കൺവീനർ ടി .മുഹമ്മദലി സ്വാഗതവും, ബ്ലോക്ക്സാംസ്കരിക സമിതിഅംഗം സുബ്രഹ്മണ്യൻ പാടുകണ്ണി നന്ദിയും പറഞ്ഞു.

കീഴുപറമ്പ് : ഏറനാട് നിയോജകമണ്ഡലത്തിൽ പികെ ബഷീർ എം എൽ എയുടെ പ്രചരണ പരിപാടി പത്തനാപുരത്തെ പള്ളിപടിയിൽ സമാപിച്ചു. വയനാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കല്ലിങ്ങലിൽ നിന്ന് ആരംഭിച്ച് കീഴ്പറമ്പ്, അൻവാർ നഗർ, കുനിയിൻ ന്യൂ ബസാർ, തൃക്കളയൂർ, കുറ്റൂളി എന്നിവിടങ്ങളിൽ കൺവെൻഷൻ പരിപാടികളിൽ എത്തിയ ശേഷം പത്തനാപുരത്ത് സമാപിച്ചു.

പികെ ബഷീർ എം എൽ എ ഉദ്ഘാടനമറച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ശീറ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്, ലൈല വനിത ലീഗ് സംസ്ഥാന സെക്രട്ടറി, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഷഹർബാൻ, സംസ്ഥാന മഹിള ലീഗ് സെക്രട്ടറി ആമിന മൊൾ തുടങ്ങിയവർ പ്രസംഗിച്ചു.

യു ഡി എഫ്, പഞ്ചായത്ത്, ജില്ല തല നേതാക്കളായ കെടി അഷ്റഫ്, ഗഫൂർ കുറുമാടൻ, ഏറനാട് തിരഞ്ഞെടുപ്പ് ചെയർമാൻ അഡ്വ. കെ. അബ്ദുള്ളകുട്ടി, മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ കെസിഎ ശുക്കൂർ, കീഴ്പറമ്പ് പഞ്ചായത്ത് ചെയർമാൻ പിപിഎ റഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞ് മുഹമ്മദ് എം.കെ, ഡിസിസി മെമ്പർ സി. അബ്ദുറഹിമാൻ മാസ്റ്റർ, എം കെ. ഫാസിൽ, ഷഫീഖലി എൻവി, ശരീഫ് എംപി എന്നിവരും നേതൃത്വം നൽകി. വാർഡ് മെമ്പർ എംപി. അബ്ദുറഹിമാൻ അധ്യക്ഷനായി. എ പി. ഹനീഫ സ്വാഗതവും ടി. മുഹമ്മദലി നന്ദിയും പറഞ്ഞു.

കുനിയിൽ : കെ എം ടൂൾസ് കുനിയിൽ, പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് സ്പോൺസർ ചെയ്ത ജെഴ്‌സി അൻഷാദ് കെ.എം ൽ നിന്നും ക്ലബ്ബ്‌ പ്രസിഡന്റ്‌ റിഷാദ് കെ.ടി, സെക്രട്ടറി നിസാർ കെ.പി, ഷഫീഖ് കെ എന്നിവർ ഏറ്റുവാങ്ങുന്നു.

കുനിയിൽ: പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവംബർ 1ന് കേരളപിറവി ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ഷബീർ പി പി, എക്സൈസ് മെഡൽ ജേതാവ് അബ്ദുറഹ്മാൻ കെ സി, ജെ ആർ എഫ് ഹോൾഡർ മിൻഹാജത്ത് കെ, എം ബി ബി എസ് അഡ്മിഷൻ നേടിയ മുഹമ്മദ്‌ ഷഹൽ, റാനിയ എം കെ എന്നിവരെ ആദരിച്ചു. കോടഞ്ചേരി ഗവ കോളേജ് പ്രിൻസിപ്പൽ ഡോ. വൈ സി ഇബ്രാഹിം ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. വായനശാല പ്രസിഡന്റ്‌ ഷുക്കൂർ ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി അഷ്‌റഫ്‌ മുനീർ കെ സ്വാഗതവും പി ടി ഹുസൈൻ നന്ദിയും പറഞ്ഞു. കുഞ്ഞാലിക്കുട്ടി കെ, ഗോപാലൻ പി, നിസാർ കെ പി, അലി കരുവാടൻ എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ പുതിയ സമയക്രമത്തില്‍ ഇന്ന് മുതല്‍ യാത്ര ആരംഭിച്ചു. യാത്രക്കാര്‍ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍ വേ അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍, രാജധാനി വീക്കിലി എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ വീക്കിലി എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ് തുടങ്ങി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.