Author

admin

Browsing

കൊച്ചി: ബലാത്സംഗ പരാതിയില്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ ഹൈക്കോടതി തീരുമാനം വരുന്നതുവരെ, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പൊന്നാനി സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ പരാതിയില്‍, എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് നല്‍കിയത്. വീട്ടമ്മയുടെ പരാതിയില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്. ഇതാണ് കോടതി തടയുന്നത്.

പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി വി ബെന്നി, മുന്‍ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി. വസ്തു പ്രശ്നത്തില്‍ പരിഹാരം തേടിയാണ് യുവതി പൊന്നാനി സിഐയെ സമീപിച്ചത്. തുടര്‍ന്ന് സിഐ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് മറ്റു പൊലീസ് ഉദ്യോഗസ്ഥരും യുവതിയെ പല സ്ഥലങ്ങളില്‍ വെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീട്ടമ്മ നല്‍കിയത് കള്ളപ്പരാതിയാണെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ബലാത്സംഗ പരാതി നല്‍കിയിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണ്. എസ്.പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല.

വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. പരാതിക്കാരി നല്‍കിയ മൊഴിയില്‍ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളും തീയതിയുമെല്ലാം പരസ്പരവിരുദ്ധമാണെന്നും ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വയനാട് ദുരിതാശ്വാസത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്രസ്വഭാവമുള്ള ദുരന്തമായി വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല, ആവശ്യം അംഗീകരിച്ചെങ്കില്‍ പുനര്‍ നിര്‍മ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.

ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ബാക്കിയുണ്ടായിരുന്നത് 782.99 കോടി രൂപയാണ് ഈ ഫണ്ട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ലെന്നും ഹൈക്കോടതിയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

തിരുവനന്തപുരം: വർഗീയതയുടെ ആടയാഭരണം എടുത്തണിഞ്ഞു വർഗീയതയെ എതിർക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാൻ എൽഡിഎഫിന് സാധിക്കുന്നുണ്ട്. കോൺഗ്രസിനോ ബിജെപിക്കോ അത്തരമൊരു അവകാശ വാദം ഉന്നയിക്കാൻ ആവില്ല. കോൺഗ്രസിന്റെ ഒരുപാട് അനുഭവങ്ങൾ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ചേലക്കരയിൽ ചേർന്ന കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയത ഇല്ലാത്ത നാടാണ് കേരളമെന്ന് പറയാൻ ആവില്ല. പക്ഷെ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത നാടാണ് കേരളം. വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത് പോലെ നാട് മാറിയിട്ടില്ല. തങ്ങൾക്ക്‌ സ്വാധീനമുണ്ടെന്ന് ചില വർഗീയ കക്ഷികൾ കരുതുന്ന നാടാണ് കേരളം. ഈ വർഗീയ ശക്തികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ഭരിക്കുന്നവർ പിന്തുണ നൽകുകയാണ്. കേരളത്തിൽ സർക്കാർ വർഗീയതയോട് വിട്ടു വീഴ്ച ചെയ്യുന്നില്ലെന്നും മത നിരപേക്ഷമെന്ന് അവകാശപ്പെട്ടത് കൊണ്ട് ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഉരകല്ല് വർഗീയതക്കെതിരായ നിലപാടാണ്. നാലു വോട്ടിന് വേണ്ടി കോൺഗ്രസ് സ്വീകരിച്ച അവസരവാദ നിലപാടുകൾ കേരളത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിവുകൾ തെറ്റിച്ചാണ് കേരളത്തിൽ തുടർ ഭരണം ഉണ്ടായത്. വികസന -ക്ഷേമ കാര്യങ്ങളിലെ എൽഡിഎഫ് നിലപാടാണ് തുടർ ഭരണത്തിലേക്ക് നയിച്ചത്. തുടർ ഭരണം സമ്മാനിച്ച വിധി തെറ്റിയില്ലെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. കൂടുതൽ ജനാവിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പം അണിചേരുന്നു. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. കാണാതായത് കോൺ​ഗ്രസിന്റെ വോട്ടുകളാണ്. എൽഡിഎഫ് വിജയിച്ചില്ലെങ്കിലും വോട്ട് വിഹിതം കൂടി. എല്ലാവരുടെയും കൺമുന്നിൽ ഉള്ള കാഴ്ച്ചയാണതെന്നും ആർക്കും മറച്ചുവെയ്ക്കാൻ പറ്റുന്ന കണക്കല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ അവസ്ഥ പരിശോധിക്കേണ്ടതുണ്ട്. അവരെ വിട്ടുപോകുന്നവരുടെ എണ്ണം കൂടുകയാണ്. പലരും ബിജെപിയിലേക്ക് കുടിയേറുന്നു. കോൺ​ഗ്രസ് ശോഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ന്യൂനപക്ഷ വർഗീതയുടെ വക്താക്കളാണ്. അവരുടെ വോട്ടുകളും പോരട്ടെ എന്നതാണ് യുഡിഎഫ് നിലപാട്. വോട്ടാണ് യുഡിഎഫിന് പ്രധാനം. ലീഗും അതുമായി സഹകരിക്കുന്നു. അവരുടെ പോക്കും ആപത്തിലേക്ക് ആണെന്നും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് പല കാര്യങ്ങൾ ചെയ്യുന്നുണ്ട്. കള്ളക്കടത്ത് സ്വർണം – ഹവാല പണം പിടിക്കുന്നത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ചിലർ ജാഥകൾ സംഘടിപ്പിക്കുന്നു. 124 കിലോ സ്വർണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇത് മലപ്പുറം ജില്ലയ്ക്ക് എതിരായ നീക്കമാണോ. അതിൽ എന്തിനാണ് വല്ലാതെ പൊള്ളുന്നത്. കരിപ്പൂർ വിമാനത്താവളം വഴി വലിയ തോതിൽ സ്വർണം – ഹവാല പണം കടത്തുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത് തടയണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതിനെ എന്തിനാണ് മലപ്പുറത്തിനെതിരായ നീക്കമായി പ്രചരിപ്പിപ്പിക്കുന്നത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാൻ എന്നും ശ്രമിച്ചിട്ടുള്ളത് സംഘ് പരിവാർ ആണ്. മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്തവരാണ് ബിജെപിയും കോൺഗ്രസും. കൊച്ചു പാകിസ്താൻ എന്ന് മലപ്പുറത്തെ വിശേഷിപ്പിച്ചത് ആരാണെന്ന് ഓർമയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഏതൊരിടത്തും നടക്കുന്ന കുറ്റ കൃത്യം പോലെ തന്നെയാണ് മലപ്പുറത്തെയും കുറ്റ കൃത്യങ്ങൾ. അതിനെ ഒരു സമുദായത്തിന്റെ പിടലിയിൽ വെക്കേണ്ടതില്ല. സർക്കാർ അത്തരമൊരു സമീപനം സ്വീകരിചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ടുള്ളത്.

അരീക്കോട് : ഔഷധസസ്യങ്ങളായ തിപ്പല്ലി, ആര്യവേപ്പ് സൗജന്യ വിതരണത്തിനായി അരീക്കോട് കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ നാളെ 26/10/24 കൃഷിഭവനിൽ എത്തി കൈപ്പറ്റേണ്ടതാണ്. പഞ്ചായത്തിലെ സ്ഥിര താമസക്കാരാണ് എന്ന് തെളിയിക്കുന്നതിന് ആധാർ കാർഡോ നികുതി ഷീട്ടോ ഒപ്പം ഹാജരാക്കണം എന്ന് അരീക്കോട് കൃഷി ഓഫീസർ അറിയിച്ചു.

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ചെയ്തു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്.

”ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം വിനിയോഗിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിൽ സന്തോഷമുണ്ട്. 2024 നവംബർ 11-ന് ചുമതലയേൽക്കും,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ ശുപാർശ ചെയ്തിരുന്നു.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തശേഷം ഡൽഹിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2005-ൽ ഖന്ന ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി.

മലപ്പുറം: ഗതാഗത നിയമലംഘനത്തിന് ഒരു വർഷത്തിനിടെ ജില്ലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പും പിഴയിട്ടത് 44 കോടി കോടി രൂപ. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരമാണിത്. 5,13,464 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കേസുകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് നാലാമത് മലപ്പുറം ജില്ലയാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസും പിഴകളുമുള്ളത്. 11.21 ലക്ഷം കേസുകളിലായി 88.69 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എറണാകുളത്ത് 6.28 ലക്ഷം കേസുകളുണ്ട്. 56.54 കോടി രൂപയാണ് പിഴ. കോഴിക്കോടാണ് മൂന്നാമത്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, അമിത വേഗത എന്നീ കേസുകളാണ് മലപ്പുറത്ത് കൂടുതലും. നല്ലൊരു പങ്കും ക്യാമറകളിൽ പതിഞ്ഞ നിയമ ലംഘനങ്ങളാണ്. പിഴ തുക സംബന്ധിച്ച വിവരങ്ങൾ മൊബൈൽ വഴിയാണ് ലഭിക്കുക.

നിരത്തുകളിലെ പരിശോധന വർദ്ധിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഏഴ് താലൂക്കുകളിലേക്കായി ആറ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളെ അനുവദിച്ചിട്ടുണ്ടെങ്കിലും ആകെയുള്ളത് നാല് വാഹനങ്ങളാണ്. ഒരു സ്ക്വാഡിൽ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐമാരും വേണം. ജീവനക്കാരുടെ കുറവ് മൂലം ഒരു എം.വി.ഐയും എ.എം.വി.ഐയുമുള്ള സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

ഡൽഹി: ദീപാവലിക്കും ഛഠ് പൂജയ്ക്കുമായി 7,000 സ്പെഷ്യൽ ട്രെയിനുകളുമായി റെയിൽവെ. ദിനംപ്രതി രണ്ട് ലക്ഷം അധിക യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഉത്സവ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 4,500 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചതായി റെയിൽവേ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്താണ് ഈ വർഷം സർവീസുകൾ വർധിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

ഈ സമയത്ത് ധാരാളം യാത്രക്കാർ രാജ്യത്തിന്‍റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാൽ നോർത്തേൺ റെയിൽവേയാണ് കൂടുതലായി സ്പെഷ്യൽ ട്രെയിനുകൾ ട്രാക്കിലിറക്കുക. 3,050 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം നോർത്തേൺ റെയിൽവേ 1,082 സ്പെഷ്യൽ ട്രെയിനുകൾ ഓടിച്ചു. ഈ വർഷം181 ശതമാനം വർദ്ധനയുണ്ടാവുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. പ്രത്യേക ട്രെയിനുകൾക്ക് പുറമേ ട്രെയിനുകളിൽ അധിക കോച്ചുകൾ ഏർപ്പെടുത്തുമെന്നും റെയിൽവെ അറിയിച്ചു.

മലപ്പുറം: പൊന്നാനി പീഡന പരാതിയില്‍ പൊലീസ് ഉന്നതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പൊന്നാനി പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ്, കസ്റ്റംസ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാനാണ് നിര്‍ദേശം. നിലവില്‍ മൂന്ന് പേരും സര്‍വീസില്‍ തുടരുന്നുണ്ട്. എന്നാല്‍ എസ്പി സുജിത് ദാസ് മറ്റൊരു കേസില്‍ സസ്‌പെന്‍ഷനിലാണ്.

2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് തന്നെ അതിജീവിത പരാതി നല്‍കിയെങ്കിലും പരാതി പൊലീസ് അട്ടിമറിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ മാസം യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. കേസ് എടുക്കാതായതോടെ കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ മജിസ്‌ട്രേറ്റ് കോടതി പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എഫ്‌ഐആര്‍ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

കിഴുപറമ്പ് : KNM കിഴുപറമ്പ് മദ്റസ കോംപ്ലക്സ് സർഗ്ഗമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. 2024 നവംബർ 16-ന് ശനിയാഴ്ച നോൺ-സ്റ്റേജ് മത്സരങ്ങൾ കുനിയിൽ അൽ അൻവാർ ഹൈസ്കൂളിലും 24 നവംബർ ഞായറാഴ്ച സ്റ്റേജ് മത്സരങ്ങൾ കല്ലരട്ടിൽ AMLP സ്കൂളിലും നടത്തും. 51 അംഗ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും ചേർന്നാണ് പരിപാടികളുടെ സംഘാടക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

മുഖ്യ രക്ഷാധികാരികൾ: കെ.പി. കുട്ടി മുഹമ്മദ് സുല്ലമി, എം.ടി. അബ്ദുസ്സമദ് സുല്ലമി (KNM സംസ്ഥാന സെക്രട്ടറി), EKM പന്നൂർ, സെക്കീനാ മുനീബ് (വാർഡ് മെംബർ), K. അബ്ദുൽ ഖയ്യും സുല്ലമി, ബരീർ അസ്ലം (ISM സംസ്ഥാന സെക്രട്ടറി), M. അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവരാണ്.

കല്ലരട്ടിക്കൽ സലഫി സെന്ററിൽ ചേർന്ന യോഗത്തിൽ KNM വിദ്യാഭ്യാസ ബോർഡ് മലപ്പുറം (ഈസ്റ്റ്) ജില്ലാ ട്രഷറർ K. അബ്ദുൽ ഖയ്യൂം സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. KNM കിഴുപറമ്പ് മദ്റസ കോംപ്ലക്സ് പ്രസിഡൻറ് ടി. മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. KNM ഊർങ്ങാട്ടിരി മണ്ഡലം പ്രസിഡൻറ് കെ. ഇബ്രാഹിം സാഹിബ്, സെക്രട്ടറി എ.പി. അബ്ബാസ്, വൈസ് പ്രസിഡൻറ് ഡോ. CH അബ്ദുൽ ഗഫൂർ, സ്വഗതസംഘം ചെയർമാൻ എം. അബ്ദുറഷീദ്, ഫിനാസ് ചെയർമാൻ വി. മൊയ്തിൻ കുട്ടി എന്നിവർ പ്രസംഗിച്ചു.

KNM കിഴുപറമ്പ് മദ്റസ കോംപ്ലക്സ് സെക്രട്ടറി എം. മുഹമ്മദ് അലി മാസ്റ്റർ സ്വാഗതവും, വർക്കിംഗ് ചെയർമാൻ പി.ടി. അബ്ദുറഷീദ് നന്ദിയും പറഞ്ഞു.