തിരുവനന്തപുരം: വർഗീയതയുടെ ആടയാഭരണം എടുത്തണിഞ്ഞു വർഗീയതയെ എതിർക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കാൻ എൽഡിഎഫിന് സാധിക്കുന്നുണ്ട്. കോൺഗ്രസിനോ ബിജെപിക്കോ അത്തരമൊരു അവകാശ വാദം ഉന്നയിക്കാൻ ആവില്ല. കോൺഗ്രസിന്റെ ഒരുപാട് അനുഭവങ്ങൾ രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ചേലക്കരയിൽ ചേർന്ന കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത ഇല്ലാത്ത നാടാണ് കേരളമെന്ന് പറയാൻ ആവില്ല. പക്ഷെ വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത നാടാണ് കേരളം. വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത് പോലെ നാട് മാറിയിട്ടില്ല. തങ്ങൾക്ക് സ്വാധീനമുണ്ടെന്ന് ചില വർഗീയ കക്ഷികൾ കരുതുന്ന നാടാണ് കേരളം. ഈ വർഗീയ ശക്തികൾക്ക് മറ്റു സംസ്ഥാനങ്ങളിൽ ഭരിക്കുന്നവർ പിന്തുണ നൽകുകയാണ്. കേരളത്തിൽ സർക്കാർ വർഗീയതയോട് വിട്ടു വീഴ്ച ചെയ്യുന്നില്ലെന്നും മത നിരപേക്ഷമെന്ന് അവകാശപ്പെട്ടത് കൊണ്ട് ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഉരകല്ല് വർഗീയതക്കെതിരായ നിലപാടാണ്. നാലു വോട്ടിന് വേണ്ടി കോൺഗ്രസ് സ്വീകരിച്ച അവസരവാദ നിലപാടുകൾ കേരളത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിവുകൾ തെറ്റിച്ചാണ് കേരളത്തിൽ തുടർ ഭരണം ഉണ്ടായത്. വികസന -ക്ഷേമ കാര്യങ്ങളിലെ എൽഡിഎഫ് നിലപാടാണ് തുടർ ഭരണത്തിലേക്ക് നയിച്ചത്. തുടർ ഭരണം സമ്മാനിച്ച വിധി തെറ്റിയില്ലെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. കൂടുതൽ ജനാവിഭാഗങ്ങൾ ഇടതുമുന്നണിക്കൊപ്പം അണിചേരുന്നു. തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. കാണാതായത് കോൺഗ്രസിന്റെ വോട്ടുകളാണ്. എൽഡിഎഫ് വിജയിച്ചില്ലെങ്കിലും വോട്ട് വിഹിതം കൂടി. എല്ലാവരുടെയും കൺമുന്നിൽ ഉള്ള കാഴ്ച്ചയാണതെന്നും ആർക്കും മറച്ചുവെയ്ക്കാൻ പറ്റുന്ന കണക്കല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ അവസ്ഥ പരിശോധിക്കേണ്ടതുണ്ട്. അവരെ വിട്ടുപോകുന്നവരുടെ എണ്ണം കൂടുകയാണ്. പലരും ബിജെപിയിലേക്ക് കുടിയേറുന്നു. കോൺഗ്രസ് ശോഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ന്യൂനപക്ഷ വർഗീതയുടെ വക്താക്കളാണ്. അവരുടെ വോട്ടുകളും പോരട്ടെ എന്നതാണ് യുഡിഎഫ് നിലപാട്. വോട്ടാണ് യുഡിഎഫിന് പ്രധാനം. ലീഗും അതുമായി സഹകരിക്കുന്നു. അവരുടെ പോക്കും ആപത്തിലേക്ക് ആണെന്നും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് പല കാര്യങ്ങൾ ചെയ്യുന്നുണ്ട്. കള്ളക്കടത്ത് സ്വർണം – ഹവാല പണം പിടിക്കുന്നത് ചെയ്യാൻ പാടില്ലാത്ത കാര്യമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ചിലർ ജാഥകൾ സംഘടിപ്പിക്കുന്നു. 124 കിലോ സ്വർണം പിടികൂടിയത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇത് മലപ്പുറം ജില്ലയ്ക്ക് എതിരായ നീക്കമാണോ. അതിൽ എന്തിനാണ് വല്ലാതെ പൊള്ളുന്നത്. കരിപ്പൂർ വിമാനത്താവളം വഴി വലിയ തോതിൽ സ്വർണം – ഹവാല പണം കടത്തുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇത് തടയണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
അതിനെ എന്തിനാണ് മലപ്പുറത്തിനെതിരായ നീക്കമായി പ്രചരിപ്പിപ്പിക്കുന്നത്. മലപ്പുറത്തെ മോശമായി ചിത്രീകരിക്കാൻ എന്നും ശ്രമിച്ചിട്ടുള്ളത് സംഘ് പരിവാർ ആണ്. മലപ്പുറം ജില്ലാ രൂപീകരണത്തെ എതിർത്തവരാണ് ബിജെപിയും കോൺഗ്രസും. കൊച്ചു പാകിസ്താൻ എന്ന് മലപ്പുറത്തെ വിശേഷിപ്പിച്ചത് ആരാണെന്ന് ഓർമയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഏതൊരിടത്തും നടക്കുന്ന കുറ്റ കൃത്യം പോലെ തന്നെയാണ് മലപ്പുറത്തെയും കുറ്റ കൃത്യങ്ങൾ. അതിനെ ഒരു സമുദായത്തിന്റെ പിടലിയിൽ വെക്കേണ്ടതില്ല. സർക്കാർ അത്തരമൊരു സമീപനം സ്വീകരിചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments are closed.