കീഴുപറമ്പ്: കീഴുപറമ്പ് പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം നിരന്തരം തടസ്സപ്പെടുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കീഴുപറമ്പ് സ്വദേശിയായ കെ.എം സലീമാണ് ജലസേചന മന്ത്രി, ജല അതോറിറ്റി എം.ഡി എന്നിവർക്ക് പുറമെ മുഖ്യമന്ത്രിക്കും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇമെയിൽ വഴി പരാതി നൽകിയത്.

നാല്പതു വർഷത്തോളം പഴക്കമുള്ള എസി (AC) പൈപ്പുകൾ ജലത്തിന്റെ മർദ്ദം താങ്ങാനാവാതെ പൊട്ടുന്നതാണ് ഈ മേഖലയിൽ നിരന്തരം ജലവിതരണം മുടങ്ങാൻ കാരണമെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്വന്തമായി കിണറോ മറ്റ് കുടിവെള്ള സ്രോതസ്സുകളോ ഇല്ലാത്ത സാധാരണക്കാരായ ഭൂരിഭാഗം ജനങ്ങളും ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. മുൻകൂട്ടി യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് പൈപ്പ്‌ലൈൻ തകരാറുകളുടെ പേരിൽ ജലവിതരണം തടസ്സപ്പെടുത്തുന്നത്. ഇത് കാരണം കുടിവെള്ളം ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾക്കുള്ള വെള്ളം പോലും ശേഖരിച്ചു വെക്കാൻ പ്രദേശവാസികൾക്ക് സാധിക്കുന്നില്ല.

വൈദ്യുതി വകുപ്പ് ചെയ്യുന്നത് പോലെ, പൈപ്പ്‌ലൈൻ തകരാറുകൾ മൂലമോ മറ്റ് കാരണങ്ങളാലോ ജലവിതരണം തടസ്സപ്പെടുമ്പോൾ ആ വിവരം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും സലീം പരാതിയിലൂടെ ആവശ്യപ്പെട്ടു.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.