Author

admin

Browsing

മലപ്പുറം: സ്‌കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കൽ കോട്ടൂർ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളിൽ പി ഇ ടി പീരിയഡിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.

 

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവശിപ്പിച്ച തപസ്യയെ പിന്നീട് സ്വദേശമായ മുംബൈയിലേക്ക് കൊണ്ട് പോയി. ശേഷം മുംബൈയിലായിരുന്നു തുടർചികിത്സകൾ.

ഇന്നലെ വൈകീട്ടാണ് മരണം സംഭവിച്ചത്. സ്വർണാഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായി കോട്ടക്കലിൽ താമസിച്ച് വരികയായിരുന്നു മുംബൈ സ്വദേശിയായ തപസ്യയുടെ കുടുംബം. പരശു സേട്ടുവാണ് പിതാവ്. സുപ്രിയ മാതാവും സ്നേഹ, വേദാന്ത് എന്നിവർ സഹോദരങ്ങളുമാണ്.

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ദീപം കൊളുത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ഇന്ന് രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കുന്നു.

തിന്മയുടെ ഇരുളിൻ മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയമാണ് ദീപാവലി. ലക്ഷ്മിദേവീ അവതരിച്ച ദിവസമാണെന്നും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ഓർമ്മ പുതുക്കലാണെന്നും ശ്രീരാമൻ രാവണനിഗ്രഹം നടത്തി അയോധ്യയിൽ തിരിച്ചെത്തിയ ദിനമാണെന്നുമൊക്കെ ഐതിഹ്യങ്ങൾ പലതുണ്ട്. ദീപാവലി വ്രതം അനുഷ്ഠിച്ചാൽ സർവ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.

ഐതിഹ്യം എന്തുതന്നെയായാലും കുടുംബങ്ങൾ ഒത്തുചേരുന്നതിനും പരസ്പരം മധുരം പങ്കിടുന്നതിനുമൊക്കെയുള്ള അവസരമാണ് ദീപാവലി. മധുരത്തിനൊപ്പം പുതുവസ്ത്രങ്ങളണിഞ്ഞ്, മൺചിരാതുകളിൽ പ്രകാശത്തിന്റെ പ്രഭാപൂരം സൃഷ്ടിക്കുമ്പോൾ മനസ്സുകളിൽ പ്രതീക്ഷയുടെ പ്രകാശമാണത് പകരുന്നത്.

അതേസമയം ദീപാവലി ആഘോഷ നിറവിലാണ് ഉത്തരേന്ത്യയും. അലങ്കാര വിളക്കുകൾ തെളിയിച്ചും ചിരാതുകൾ കത്തിച്ചും മധുരം പങ്കുവെച്ചുമൊക്കെ ആണ് ഡൽഹിയിലെ ദീപാവലി ആഘോഷം. കടുത്ത വായുമലിനീകരണം നേരിടുന്നതിനാൽ ഇത്തവണ പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്: മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലിസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സമസ്ത മുശാവറ അംഗങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മതത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും വിശ്വാസികളെ ബോധ്യപ്പെടുത്തുക എന്നത് പണ്ഡിത ധര്‍മമാണ്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങളും കേസ് കൊടുത്ത നടപടിയും അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.

മതപണ്ഡിതന്മാരെയും സമൂഹം ഏറെ ആദരിക്കുന്ന പ്രവാചക കുടുംബത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്തു വര്‍ധിച്ചു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമസ്ത പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ക്കും സംഘടനക്കും നേരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട ആളുകള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരന്തരം ഇതാവര്‍ത്തിക്കുന്നതില്‍ സമസ്ത നേതൃത്വം നേരത്തെ പ്രതിഷേധം അറിയിച്ചതാണ്. ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നത് സുന്നി വിശ്വാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്.

കേരള മുസ്ലിംകളിലെ സിംഹഭാഗത്തെ പ്രധിനിധീകരിക്കുന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ശാക്തീകരണത്തെ തടയിടുന്നതില്‍ സലഫി  ജമാഅത്ത് തീവ്രവാദ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ സുന്നികളുമായുള്ള ആശയപരമായ പോരാട്ടത്തില്‍ ദയനീയമായി പരാജയപ്പെട്ട പരിഷ്‌കരണ വാദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം സമസ്തയുടെ ഘടനാപരമായ പ്രവര്‍ത്തനങ്ങളിലും സ്ഥാപനങ്ങളിലും നുഴഞ്ഞുകയറുകയും ഇടപെടുകയും ചെയ്യുന്നതിന്റെ അനന്തര ഫലമാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് കാരണം.

സി.ഐ.സി വിഷയത്തില്‍ സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള മധ്യസ്ഥന്മാര്‍ പലതവണ എടുത്ത മധ്യസ്ഥ തീരുമാനങ്ങള്‍ തള്ളിക്കളഞ്ഞെന്നു മാത്രമല്ല, മധ്യസ്ഥന്മാര്‍ വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെയാണ് മാറ്റിനിര്‍ത്തപ്പെട്ടയാളെ വീണ്ടും ജനറല്‍ സെക്രട്ടറിയായി അവരോധിച്ചത്. ഇതെല്ലാം തിരിച്ചറിഞ്ഞ് സമുദായത്തിനിടയിലെ ഐക്യം നിലനിര്‍ത്തിയും സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും മുശാവറ അംഗങ്ങളായ കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍ നെല്ലായ, യു.എം അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഐ.ബി ഉസ്മാന്‍ ഫൈസി എറണാകുളം, ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ ബംബ്രാണ, അബ്ദുസലാം ദാരിമി ആലമ്പാടി, ഉസ്മാനുല്‍ ഫൈസി തോടാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

മലപ്പുറത്ത് 15 കാരനെ പീഡനത്തിനിരയാക്കിയ കേസിൽ 62 കാരനെ ശിക്ഷിച്ചു കോടതി. നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നാലുവർഷം കഠിനതടവിന് ശിക്ഷിച്ചത്. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പത്തനാപുരം: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായിരുന്ന എം. പി. ഇസ്മായിൽ ഹാജി (80)യുടെ നിര്യാണത്തിൽ പത്തനാപുരത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ഇസ്മായിൽ ഹാജി 55 വർഷത്തിലേറെ സാമൂഹ്യ, രാഷ്ട്രീയ, മത സംഘടന മേഖലകളിൽ സജീവമായിരുന്നു.

കീഴുപറമ്പ് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് കെ. സി. എ. ശുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് വി. തൻനേ ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. പി. എ. റഹ്‌മാൻ, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ പി. കെ. കമ്മദ്കുട്ടി ഹാജി, പ്രൊഫ. കെ. എ. നാസർ സാഹിബ്, ഡി. സി. സി. അംഗം എം. കെ. കുഞ്ഞുമുഹമ്മദ്, വാർഡ് മെമ്പർ എം. പി. അബ്ദുറഹിമാൻ, മുൻ വാർഡ് മുസ്ലിംലീഗ് പ്രസിഡൻറ് ഇ. കെ. മായിൽ മാസ്റ്റർ, എം. പി. മുഹമ്മദ്, മുഹമ്മദ് മാസ്റ്റർ, കെ. അബ്ദുസലാം, കെ. പി. അഷ്റഫ്, അസ്സനാർ എം. പി., അൽമോയ റസാക്ക് എന്നിവരും അനുശോചന പ്രസംഗം നടത്തി.

മുസ്ലിംലീഗ് വാർഡ് സെക്രട്ടറി എൻ. വി. ഷഫീക്കലി മാസ്റ്റർ സ്വാഗതവും വാർഡ് ജോയിന്റ് സെക്രട്ടറി ടി. മുഹമ്മദ് അലി മാസ്റ്റർ നന്ദിപറഞ്ഞു.

മഞ്ചേരി: ആകാശവാണി മഞ്ചേരി എഫ്‌.എം. നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവും പ്രോഗ്രാം ഹെഡുമായിരുന്ന കെ. പ്രതാപ് പോൾ അഭിനന്ദനാർഹമായ സേവനത്തിന് ശേഷം വിരമിച്ചു. അദ്ദേഹത്തിന് റേഡിയോ ശ്രോതാക്കളുടെ സംഘടനയായ അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

ജില്ലാ പ്രസിഡണ്ട് കെ.കെ. കുഞ്ഞാണി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രമോദ് ഗോപു (തിരൂർ), സംസ്ഥാന കമ്മിറ്റി പ്രതിനിധി പൗലോസ് മാസ്റ്റർ (പട്ടിമറ്റം), അനീഷ് കൊല്ലപടി, നദീറ പുത്തനത്താണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മഞ്ചേരി എഫ്‌.എം. ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് മുനീർ ആമയൂർ, ആകാശവാണി മുൻ സീനിയർ അനൗൺസർ ആർ. കെ. എന്നിവരും ചടങ്ങിൽ പങ്കാളികളായി.

മലപ്പുറം: ഗ്യാസിന് പകരം പാചക വാതക സിലിണ്ടറുകളില്‍ വെള്ളം നിറച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഗ്യാസ് ഏജന്‍സികളുടെ നോട്ടീസ്. മലപ്പുറത്താണ് സംഭവം. ഇന്‍ഡേന്റെ പാചക വാതക സിലിണ്ടറുകളിലാണ് വെള്ളം നിറച്ച നിലയില്‍ കണ്ടെത്തിയത്. ചേളാരി ഐഒസി എല്‍പിടി ബോട്‌ലിങ് പ്ലാന്റുമായി ബന്ധപ്പെട്ട പത്ത് സിലിണ്ടര്‍ ലോറി ഡ്രൈവര്‍മാര്‍ക്കാണ് നോട്ടീസ് ലഭിച്ചത്

വെള്ളം നിറച്ച സിലിണ്ടറുകള്‍ ഗ്യാസ് ഏജന്‍സികളില്‍ കെട്ടിക്കിടക്കുകയാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇതിന്റെ നഷ്ടം ഡ്രൈവര്‍മാര്‍ നല്‍കണമെന്നും ഗ്യാസ് ഏജന്‍സികള്‍ പറയുന്നു. ഡ്രൈവര്‍മാര്‍ക്ക് പുറമേ അവരുടെ സംഘടനാ നേതൃത്വത്തിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഡ്രൈവര്‍മാരുടെ നിലപാട്. സിലിണ്ടറില്‍ വെള്ളം നിറച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പകരം ഗ്യാസ് ഏജന്‍സികള്‍ തങ്ങളെ ലക്ഷ്യംവെയ്ക്കുകയാണെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.

ചിലര്‍ തട്ടിപ്പ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് ഐഒസി ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വെള്ളം നിറച്ച സിലിണ്ടര്‍ സംബന്ധിച്ച ദുരൂഹത നീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് എഎഎന്‍ടിയുസി പ്രതിനിധികളും ആവശ്യപ്പെട്ടു.

മലപ്പുറം: മലപ്പുറം എടപ്പാളില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞാണ് മരണം സംഭവിച്ചത്. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശി പ്രജീഷാണ് (43) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായ യാത്രക്കാരന് നിസ്സാരമായ പരിക്കേറ്റു.

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ -അബുദാബി വിമാനത്തിന് നേരെയായിരുന്നു ഇയാൾ വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്.

കരിപ്പൂർ വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നു. അതിലെ ആദ്യ കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ 29 നാണ് ഇയാൾ വ്യാജ ബോംബ് ഭീഷണി സന്ദേശം കരിപ്പൂർ എയർപ്പോർട്ട് ഡയറക്ടർക്ക് ഇ മെയിൽ വഴി അയക്കുന്നത്. കരിപ്പൂർ – അബുദാബി വിമാനം നിങ്ങൾ കാൻസൽ ചെയ്യണം അല്ലെങ്കിൽ വിമാനം പൂർണമായും തകരും. വിമാനത്തിനകത്തുള്ള മുഴുവൻ യാത്രക്കാരുടെയും കുടുംബങ്ങളോട് നിങ്ങൾ മറുപടി പറയേണ്ടി വരും. അതുകൊണ്ട് നിങ്ങൾ വിമാനം അടുത്ത ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്യണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തന്നെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഓഫീസ് സമയത്ത് സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ വേണ്ടെന്ന് സര്‍ക്കാര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാത്ത കൂട്ടായ്മകള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഈ വിഷയത്തില്‍ മേലധികാരികള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം എന്നും സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സാംസ്‌കാരിക കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നത് ഓഫിസ് സമയം കഴിഞ്ഞ് മതി. ഉത്തരവ് ലംഘിടച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.