Author

admin

Browsing

കൊഴക്കോട്ടൂർ : സിപിഐഎം താഴെ കൊഴക്കോട്ടൂർ കുഞ്ഞാലി മന്ദിരം നിർമാണ ഫണ്ടിലേക്ക് താഴെ കൊഴക്കോട്ടുർ പ്രവാസികൾ ഫണ്ട് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പറും ചെയർമാനുമായ കൊല്ലത്തൊടി മുക്താർ, കൺവീനർ സുന്ദരൻ കുട്ടൻ കുന്നതൊടി. ബ്രാഞ്ച് സെക്രട്ടറി ഹരീഷ്, വാർഡ് മെമ്പർ സി.കെ അഷറഫ്, ചന്ദ്രൻ ആലുക്കൽ, മറ്റു സഖാക്കൾ എന്നിവർ ചേർന്ന് പ്രവാസികളായ ഉനൈസ്, മുനീബ് എന്നിവരിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.

അരീക്കോട്: ‘വേ ടു ഹെൽത്തി ലൈഫ്സ്റ്റൈൽ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആരോഗ്യസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ യുവ തലമുറയെ ഓർമ്മപ്പെടുത്താൻ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന വെൽനസ് കാമ്പയിൻ 2024 ൻ്റെ അരീക്കോട് ഏരിയാ തല ഉദ്ഘാടനം ദേശീയ കായികതാരവും ഫിറ്റ്നസ് ട്രെയിനറുമായ റിബാസ് മൊസാഹി നിർവ്വഹിച്ചു. വാവൂർ ഫുട്ബോൾ മൈതാനത്ത് വെച്ച് നടന്ന ചടങ്ങിൽ തയ്‌ക്വാണ്ടോ പരിശീലകൻ ശിഹാബ് കുനിയിൽ, ഫാസിൽ അലി, സിയാദ്, സലാഹ് തുടങ്ങിയവർ സംസാരിച്ചു. ഏരിയാ പ്രസിഡൻ്റ് സമീറുല്ല കെ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ഫുട്ബോൾ മത്സര വിജയികൾക്ക് നിസ്‌താർ കീഴുപറമ്പ, ശംസുദ്ധീൻ മനന്തല എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് 10 അൻവാർ നഗർ എ.ഡി.എസ് എന്നിടം ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വയോജന സംഗമവും സാംസ്കാരിക സദസും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സഫിയ ഹുസൈൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി.എ റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എംപി അബ്ദുറഹീം, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെസിഎ ശുക്കൂർ, അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ, എഡിഎസ് ചെയർപേഴ്സൺ ആയിഷ കെ.ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് മുൻ ഹെൽത്ത് ഇൻസ്പെക്ടറൂം റിസോഴ്സ് പേഴ്സനുമായ സി പി സുരേഷ് ക്ലാസ്സിന് നേതൃത്വം നൽകി. ശേഷം സമീർ സപ്പുവിന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടത്തി. സിഡിഎസ് ചെയർപേഴ്സൺ പി പി റംല ബീഗം സ്വാഗതവും
എഡിഎസ് മെമ്പർ സാബിത നന്ദിയും പറഞ്ഞു.

മുക്കം: മുക്കം മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ 24 ആണ് മരിച്ചത്.

നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത്.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഇരുപത്താറാം വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങ് 2024 ന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സഫിയ ഉസൈൻ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി.പി റംല ബീഗം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറാ ബാനു, ബ്ലോക്ക് ഡിവിഷൻ മെമ്പർ രത്നകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റഫീഖ് ബാബു, വിജയ ലക്ഷ്മി, തസ്ലീനാ ഷബീർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ സി എ ശുക്കൂർ, എം ഇ റഹ്മത്ത് മാസ്റ്റർ, പിസി ചെറിയാത്തൻ, ശശി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ടി ആയിഷ, സിഡിഎസ്സ് മെമ്പർമാരായ ബുഷറ, സുനീറ, ജുമൈല, ശർമിള, ഷാഹിന, മുൻ സി ഡി എസ് ചെയർ പേഴ്സൺ കാമറുനീസ ആർ പി രമാദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. സിഡിഎസ് മെമ്പർ മഹറുന്നിസ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ സാർ നന്ദിയും പറഞ്ഞു. തുടർന്ന് വാർഡുകൾ തമ്മിൽ ഇരുപതോളം ഇനങ്ങളിലായി കലാ മത്സരങ്ങൾ നടന്നു.

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജും മലപ്പുറം ലോക്‍സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ കോളേജും വയനാട് ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്കൂളുമാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്‍സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്ന‍ിക് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് എണ്ണുക.
വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ എണ്ണുന്നതിനായി 218 ഉം പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി 31 ഉം അടക്കം ആകെ 249 കൗണ്ടിങ് ടേബിളുകളാണ് ഈ നാലു കേന്ദ്രങ്ങളിലുമായി സജ്ജീകരിക്കുക. വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍ വൈസര്‍, ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‍സര്‍വര്‍ എന്നിവരെ നിയോഗിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഓരോ ടേബിളുകളിലും ഒരു കൗണ്ടിങ് സൂപ്പര്‍ വൈസര്‍, രണ്ട് കൗണ്ടിങ് അസിസ്റ്റന്റുമാര്‍, ഒരു മൈക്രോ ഒബ്‍സര്‍വര്‍ എന്നിവരെയും നിയോഗിക്കും. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് വോട്ടിങ് മെഷീന്‍ ടേബിളിലെ കൗണ്ടിങ് സൂപ്പര്‍വൈസര്‍, പോസ്റ്റല്‍ ബാലറ്റ് ടേബിളിലെ കൗണ്ടിങ് സൂപ്പര്‍ വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരായി നിയമിക്കുക.

വോട്ടണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായുള്ള, ആദ്യ ഘട്ട റാന്‍‍‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. 25 ശതമാനം റിസര്‍വ് അടക്കം ആകെ 989 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചു.

കൗണ്ടിങ് ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കേണ്ട നിയമസഭാ മണ്ഡലം നിശ്ചയിക്കുന്നതിനായുള്ള, രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ ജൂണ്‍ മൂന്നിന് തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ നടക്കും. ഉദ്യോഗസ്ഥരുടെ കൗണ്ടിങ് ടേബിള്‍ നിശ്ചയിക്കുന്നതിനായുള്ള, മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പായും നടക്കും. അതത് നിയമസഭാ മണ്ഡലങ്ങളുടെ അസി. റിട്ടേണിങ് ഓഫീസര്‍മാരാണ് മൂന്നാം ഘട്ട റാന്‍ഡമൈസേഷന്‍ നിര്‍വഹിക്കുക.

നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‍സര്‍വര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മെയ് 22 മുതല്‍ ആരംഭിക്കും. വിവിധ ബാച്ചുകളിലായാണ് പരിശീലനം നല്‍കുക.

അരീക്കോട്: ‘അവധിക്കാലം നന്മയുടെ പൂക്കാലം’ എന്ന പ്രമേയത്തിൽ എംഎസ്എം അരീക്കോട് മണ്ഡലം കമ്മിറ്റി എട്ട് ദിവസങ്ങളിലായി സുല്ലമുസ്സലാം അറബിക് കോളജിൽ സംഘടിപ്പിച്ച ഇഖ്റഅ് മോറൽ സ്കൂൾ സമാപിച്ചു. മോറൽ സ്കൂളിന്റെ സമാപന ദിവസം രക്ഷിതാക്കൾക്കും പഠിതാക്കൾക്കുമായി വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് ബരീർ അസ്ലം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.എസ്.എം അരീക്കോട് മണ്ഡലം സെക്രട്ടറി കൊല്ലത്തൊടി ഹാഫിസ്, അലി ശാക്കിർ മുണ്ടേരി, കെ.എൻ.എം മണ്ഡലം ഭാരവാഹികളായ കെ.സി മുഹമ്മദ് ഫള്ലുള്ള, കെ. അബ്ദുസ്സലാം സുല്ലമി, എ. സലാം അരീക്കോട്, എ.ഡബ്ല്യൂ ജുഹൈമാൻ, എ.എം.റഫീഖ് മാസ്റ്റർ, അബ്ദുസ്സലാം ആലുക്കൽ, മേത്തൽ നാസർ, നദീർഷ കൊഴക്കോട്ടൂർ, ഷിഹാൻ ചീമാടൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിലായി ഹാഫിദ് അബ്ദുറഹ് മാൻ, നജീം റംസാൻ, ജാബിർ ഫാറൂഖി, അസീം തെന്നല, എം. അബ്ദുല്ല ഫാറൂഖി, ബിലി മുഹമ്മദ്, ഷരീഫ് അൻസാരി എന്നിവർ ക്ലാസ്സെടുത്തു. എം.എസ്.എം.അരീക്കോട് മണ്ഡലം പ്രസിഡൻ്റ് റനീൻ നാസർ അരീക്കോട് അധ്യക്ഷത വഹിച്ചു.

വാഴക്കാട് : കേരള മാപ്പിള കലാ അക്കാദമി സ്ഥാപക നേതാവും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പി.എച്ച് അബ്ദുള്ള മാസ്റ്ററുടെ അനുസ്മരണം കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ചു.

പരിപാടി ലക്ഷദ്വീപ് മുൻ ഡെപ്യൂട്ടി കളക്ടർ പി. എസ് ഹമീദ് തങ്ങൾ ലക്ഷദ്വീപ് ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറൻ അധ്യക്ഷനായിരുന്നു. കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ലുക്മാൻ അരീക്കോട്, ചാപ്റ്റർ പ്രസിഡണ്ട്‌ കെ.പി.എം ബഷീർ സാഹിബ്‌, സംഗീത സംവിധായകനും ഗായകനുമായ ശിഹാബ് അരീക്കോട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചാരിറ്റി വിംഗ് സംസ്ഥാന ജനറൽ കൺവീനർ അബ്ദുറഹ്മാൻ കള്ളിത്തൊടി, എ.പി മോഹൻദാസ്, അബ്ദുൽ അലി മാസ്റ്റർ, മുജീബ് മാസ്റ്റർ മൊട്ടമ്മൽ, ടി.പി അഷ്‌റഫ്‌, പ്രൊഫ. എ.കെ ഗഫൂർ, സുരേഷ് അനന്തായൂർ, കബീർ വാഴക്കാട്, ബഷീർ പുളിയംതൊടി, ഉമ്മർ ചങ്കരത്ത്, നസീം അക്കോട്, കുഞ്ഞാൻ വാഴക്കാട്, ബി.പി ഹമീദ്, ബി.പി ബഷീർ, ബി.പി റഷീദ്, ബി.പി ഗഫൂർ, ഉമ്മർ മാവൂർ, പി.എം.എ ഖാലിഖ്, ഹമീദ് എടവണ്ണപ്പാറ, മൂസ കയനിക്കൽ, ബാലൻ ചെരുവായൂർ, മുഹമ്മദ്‌ വാഴക്കാട്, അലി വെട്ടുപാറ, നജീബുദ്ധീൻ കീഴുപറമ്പ്, തുടങ്ങിയവർ സംബന്ധിച്ചു. ബഷീർ മാസ്റ്റർ ചെറുവട്ടൂർ സ്വാഗതവും കെ.സി അബുട്ടി ഹാജി നന്ദിയും പറഞ്ഞു.

കുനിയിൽ : 2023 -24 അധ്യയന വർഷത്തിൽ കുനിയിൽ അൽ അൻവാർ സ്കൂളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഗഫൂർ കുറുമാടൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ കീഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.സി സഫിയ, വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, ഹുമാത്തുൽ ഇസ്ലാം സംഘം സെക്രട്ടറി കെ. മുഹമ്മദ് അൻവാരി, വൈസ് പ്രസിഡൻ്റ് വി.പി. ശിഹാബുദ്ധീൻ അൻവാരി, സ്കൂൾ സെക്രട്ടറി റഊഫ് എം.പി, മാനേജർ കെ.എൻ മുഹമ്മദലി മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറാബാനു, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വി റഫീഖ് ബാബു, സ്കൂൾ മാനേജിംഗ് കമ്മിറ്റി ട്രഷറർ പി.പി. ഷബീർ ബാബു, കെ. നജീബ്, സത്താർ കെ.ടി, കെ.കെ. റസാക്ക് എന്നിവർ സംബന്ധിച്ചു. എൻ.ടി ഹമീദലി, കെ. അബ്ദുൽ ലത്തീഫ്, മുസ്തഫ കെ.കെ, ജസീർ കെ.പി, ചന്ദ്രദാസ് കെ, അബ്ദുൽ മജീദ് എം.കെ, ഷബീർ പി.ടി, അൻസാർ ഖാലിദ്, നസീം വാളപ്ര, വീരാൻകുട്ടി എം തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.യൂസഫ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ വെച്ച് അൻവാർ സ്പോർട്സ് അക്കാദമിയുടെ ലോഞ്ചിംഗും നടന്നു.

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് മെയ് 20 ന് രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21 ന് പുലര്‍ച്ചെ 12.05 ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ 8 നും വൈകീട്ട് 3 നും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26 നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

ക്യാമ്പിന്റെ അവസാനഘട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ഹജ്ജ് ഹൗസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. എയര്‍പോര്‍ട്ട് അതോറിറ്റി, എമിഗ്രേഷന്‍, കസ്റ്റംസ്, സി.ഐ.എസ്.എഫ്., എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, പി.ആര്‍.ഡി, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി, ആര്‍.ടി.ഒ., കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, പി.ഡബ്ലിയു.ഡി റോഡ്‌സ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും കണ്ണൂര്‍, എറണാകുളം ജില്ലാ ഭരണകൂടങ്ങളുടെ പ്രതിനിധികളും ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു.

യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.ടി.എ റഹീം എം.എല്‍.എ, അഡ്വ.പി. മൊയ്തീന്‍കുട്ടി, ഉമ്മര്‍ ഫൈസി മുക്കം, ഡോ.ഐ.പി. അബ്ദുസ്സലാം, കെ.പി സുലൈമാന്‍ ഹാജി, മുഹമ്മദ് ഖാസിംകോയ പൊന്നാനി, പി.പി മുഹമ്മദ് റാഫി, പി.ടി അക്ബര്‍, ഹജ്ജ് സെല്‍ സ്‌പെഷല്‍ ഓഫീസര്‍ യു. അബ്ദുല്‍ കരീം, അസിസ്റ്റന്റ് സെക്രട്ടറി എന്‍. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.