Author

admin

Browsing

മലപ്പുറം: വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്‍മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവരുടെ യോഗം ജൂണ്‍ 13 ന് മുമ്പ് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. യൂസര്‍ഫീ ശേഖരണം 25 ശതമാനത്തില്‍ കുറവുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയാണ് യോഗത്തില്‍ പങ്കെടുപ്പിക്കുക.

വാതില്‍പ്പടി മാലിന്യശേഖരണം, തരംതിരിക്കല്‍, സംസ്‌കരണം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം തേടുക എന്നതാണ് ലക്ഷ്യം. തിരൂരങ്ങാടി നഗരസഭയും ചീക്കോട്, കാളികാവ്, മാറാക്കര, തേഞ്ഞിപ്പലം, പുഴക്കാട്ടിരി, കണ്ണമംഗലം, മൂന്നിയൂര്‍, ആതവനാട്, പാണ്ടിക്കാട്, നന്നംമുക്ക്, അരീക്കോട്, പോരൂര്‍, പുലാമന്തോള്‍, വേങ്ങര, മൂര്‍ക്കനാട്, ആലിപ്പറമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് ഏപ്രില്‍ മാസത്തില്‍ 25 ശതമാനത്തില്‍ താഴെ യൂസര്‍ഫീ പിരിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. പെരിന്തല്‍മണ്ണ, വളാഞ്ചേരി, പരപ്പനങ്ങാടി നഗരസഭകളും കീഴാറ്റൂര്‍, മൂത്തേടം, കാലടി, പുറത്തൂര്‍, വളവന്നൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് വാതില്‍പ്പടി ശേഖരണത്തില്‍ മുന്നില്‍.

ജൂണ്‍ ആറിന് രാവിലെ 10ന് ശുചിത്വമിഷന്‍ യങ് പ്രൊഫണല്‍സ്, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയര്‍മാര്‍, തീമാറ്റിക് വിദഗ്ധര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ശില്പശാല സംഘടിപ്പിക്കും. സ്കൂള്‍ പ്രവേശനോത്സവം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്താന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വഴി സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കില ഫെസിലിറ്റേറ്റര്‍ എ.ശ്രീധരന്‍, മാലിന്യമുക്ത നവകേരളം കോ-കോഡിനേറ്റര്‍ ബീന സണ്ണി, സോഷ്യല്‍ കമ്യൂണിക്കേഷന്‍ എക്‌പേര്‍ട്ട് ഇ. വിനോദ് കുമാര്‍, ഹരിതകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജിതിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അരീക്കോട്: താഴത്തങ്ങാടി യുവധാര- ഡിവൈഎഫ്ഐ സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് മെമ്പർ ജമീലാ ബാബുവിന്റെ അധ്യക്ഷതയിൽ കരിയർ ഗൈഡൻസ് ക്ലാസും, വിവിധ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും ഡോ. ലവീസ് വസീം ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികൾക്കുള്ള കരിയർ ഗൈഡൻസ് ക്ലാസ്സിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി. ചടങ്ങിൽ നോട്ട് ബുക്ക്‌ വിതരണോത്ഘാടനം എഎസ്സി ബാങ്ക് ഡയറക്ടർ റിഷാബുദ്ധീൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഷ്‌റഫ്‌ ഒതുക്കുങ്ങൽ, സഹീർ എം.ടി, റമീസലി കരിമ്പിലാക്കൽ, സാബിത്ത് കരുവാട്ട്, പ്രശസ്ത ഗാനരചയിതാവ് താജുദ്ധീൻ അരീക്കോട്, ശറഫുദ്ധീൻ, മുജീബ്. എം, ഫൈസൽ പി.പി, ഫെബിൻ കെ, കുഞ്ഞാണി എം.പി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ റഹ്മത്തുള്ള മാസ്റ്റർ നാലകത്ത് സ്വാഗതവും, റാസിഖ് എ.പി നന്ദിയും പറഞ്ഞു.

വെറ്റിലപ്പാറ : അരീക്കോട് വെറ്റിലപ്പാറ സ്വദേശി ഭരതൻ ചൂരക്കാട്ട്കുന്നുമ്മൽ എന്ന ആളെ ഇന്ന് (27/05/24 തിങ്കൾ) പുലർച്ചെ മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക.

8086708218
8075847887

കീഴുപറമ്പ്: തൃക്കളയൂർ തണൽ ജനസേവന കേന്ദ്രത്തിന് കീഴിൽ 150ഓളം പേർക്ക് നോട്ട്ബുക്ക് വിതരണവും എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് വിജയികൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് ജേതാക്കൾ എന്നിവർക്ക് അവാർഡ് ദാനവും നടത്തി. തൃക്കളയൂർ ദയ സെന്ററിൽ നടന്ന ചടങ്ങ് കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഉദ്ഘാടനം ചെയ്തു. പി.കെ ഷിഹാബ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ജാഫർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹ്ല മുനീർ, എം. റഹ്മത്തുള്ള എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വി. ഷഹീദ് മാസ്റ്റർ സ്വാഗതവും തണൽ സെക്രട്ടറി ഇ. ഫാസിൽ അലി നന്ദിയും പറഞ്ഞു. പി.കെ. അൻവർ, വി. അബൂബക്കർ, ടി. നജീബ്, എം.മുബഷിർ, വി.പി. ഖമറുദ്ദീൻ, കെ. അബ്ദുസ്സമദ്, ഷാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. തൃക്കളയൂർ പ്രദേശത്ത് നിർധനരായ ആളുകൾക്ക് വീട് നിർമ്മാണം, വീട് പുനരുദ്ധാരണം, സൗജന്യ മെഡിക്കൽ ക്ലിനിക്, ഫിസിയോ തെറാപ്പി തുടങ്ങിയ സേവനങ്ങൾ നൽകി വരുന്ന വേദിയാണ് തണൽ ജനസേവന കേന്ദ്രം.

അരീക്കോട് : കേരള മാപ്പിള കലാ അക്കാദമി ‘കുടുംബമീറ്റ്’ കിഴിശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഗൃഹ പ്രവേശനത്തോടനുബന്ധിച്ചു കിഴിശ്ശേരി അബൂക്കർ സാഹിബിന്റെ വസതിയിൽ മാപ്പിള കലാ അക്കാദമിയുടെ കുടുംബാഗങ്ങൾ ചേർന്ന് നടത്തിയ കുടുംബസംഗമവും വിവിധ ഗായിക ഗായഗന്മാരുടെ ആലാപനവും ആകർഷകമായി.

സംസ്ഥാന സെക്രട്ടറിമാരായ ഇശ്റത്ത് സബാഹ് ടീച്ചർ, ജിൽസിയ ടീച്ചർ, പി.വി ഹസീബ് റഹ്മാൻ, ബഷീർ തൊട്ടിയൻ, വി.എം ഹുസൈൻ, ഷരീഫ് ബാവ മോങ്ങം, പി.പി സഫറുല്ല അരീക്കോട്, അയിശ മൊറയൂർ, ഖൈറുന്നീസ കുറ്റിപ്പാല, ശിഹാബ് അരീക്കോട്, റഫീഖ് അരീക്കോട്, എ.എം റഫീഖ്‌ മാസ്റ്റർ, കെ. സക്കീർ എന്നിവർ സംസാരിച്ചു. വി.കെ അബൂബക്കർ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു.

അരീക്കോട്: അരീക്കോട് ബ്ലോക്ക്‌ പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് കുട നിർമ്മാണ പരിശീലനം നൽകി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പരിവാർ രക്ഷാധികാരി എംപിബി ഷൗക്കത്തിൻ്റെ സാന്നിദ്യത്തിൽ പരിവാർ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജാഫർ ചാളക്കണ്ടി ചിക്കോട്, പരിവാർ മെമ്പർ മുബഷിറക്ക് കുട നിർമ്മാണ കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡൻ്റ് സൈനുദ്ധീൻ പൊന്നാട്, സെക്രട്ടറി സലാം കുഴിമണ്ണ, ട്രഷറർ റഫീഖ, കോഡിനേറ്റർ നാസർ അരീക്കോട്, അരിക്കോട് പരിവാർ സെക്രട്ടറി നസിയ എന്നിവർ പങ്കെടുത്തു. ഒന്നാം ഘട്ടത്തിൽ 10 രക്ഷിതാക്കൾക്ക് പരിശീലനം നൽകി. കുട നിർമ്മാണ പരിശീലനത്തിന് ശ്രീനി മേലാറ്റൂർ നേതൃത്വം നൽകി.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് 2023 -24 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളിൽ ഫുൾ എ പ്ലസ് നേടിയ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും ‘അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് ഏറനാട് നിയോജക മണ്ഡലം എം ൽ എ പി.കെ ബഷീർ സാഹിബ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ എം.എ സുഹൈൽ ക്ലാസ്സിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, ജില്ല പഞ്ചായത്ത്‌ മെമ്പർ റൈഹാനത്ത് കുറുമാടൻ, ബ്ലോക്ക് മെമ്പർമാരായ രത്നകുമാരി, ബീന വിൻസൻൻറ്, ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാന്മാരായ സി.കെ. സഹ ല മുനീർ, ജംഷീറബാനു, മെമ്പർമാരായ എം.പി അബ്ദുറഹ്മാൻ, തസ് ലീന ഷബീർ, സാക്കിയ നിസാർ, റഫീഖ് ബാബു, എം.എം മുഹമ്മദ്‌, വിജയ ലക്ഷ്മി, ഷഹർബാൻ, ഷൈജു, ആസൂത്രണ സമിതി അംഗം കെ. നജീബ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി.എ ഷുക്കൂർ, പി.സി ചെറിയാത്തൻ, മുഹമ്മദ് മാസ്റ്റർ, ശശി കുമാർ എന്നിവർ പ്രസംഗിച്ചു.

കൊഴക്കോട്ടൂർ : അരീക്കോട് സർവീസ് സഹകരണ ബാങ്കിന്റെയും കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകാരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടന ചടങ്ങ് അരീക്കോട് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഹഫ്‌സത്ത് നിർവഹിച്ചു. ചടങ്ങിന് കെ.കെ രമേഷ് ബാബു അധ്യക്ഷനായി. വാർഡ്‌ മെമ്പർ ശ്രീജ അനിയൻ, ഗോപൻ മാസ്റ്റർ, സുരേഷ് തയ്യിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നഹീം. പി നന്ദി പ്രകാശിപ്പിച്ചു.

കുനിയിൽ : സ്ക്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കീഴുപറമ്പ മണ്ഡലം ഐ.എസ്.എം യൂണിറ്റി വളണ്ടിയർമാർ കുനിയിൽ അൽ അൻവാർ സ്ക്കൂൾ ക്ലാസ് റൂമുകളും പരിസരവും ശുചീകരിച്ചു. യൂണിറ്റി വളണ്ടിയർമാരായ മുജീബ് കൊട്ടുപ്പുറം, നവാസ്. പി.കെ, മെഹ്ബൂബ് കെ.ടി, വി.പി അമീൻ, ഷമീൽ, റഊഫ് എം.പി തുടങ്ങിയവർ നേതൃത്വം നൽകി. സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.എ. ലത്തീഫ് നിർദ്ദേശങ്ങൾ നൽകി.

മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ. ഇവരിൽ 81,​122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചത് മലപ്പുറത്താണ്. സംസ്ഥാനത്തൊട്ടാകെ 4,​64,​994 വിദ്യാർത്ഥികളാണ് പ്ലസ്‌വണ്ണിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത്. സ്‌പോർട്സ് ക്വാട്ടയിലേക്ക് 1,​500 പേർ അപേക്ഷ നൽകി. ഇതിൽ 874 അപേക്ഷകൾ ജില്ലാ സ്‌പോർട്സ് കൗൺസിൽ പരിശോധിച്ചു. 563 അപേക്ഷകൾ ഓൺലൈൻ കൺഫർമേഷൻ നൽകുകയും ചെയ്തു.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളിലേക്കുള്ള പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണമാണ് ഇന്ന് വൈകിട്ട് അഞ്ചോടെ അവസാനിക്കുക. 29ന് പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂൺ 19നും ആയിരിക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും.

ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റും കൂട്ടുമെന്ന് നേരത്തേ തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. അപേക്ഷിക്കുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 ശതമാനം സീറ്റ് കൂടി അധികമായി നൽകും.