Author

admin

Browsing

മുണ്ടക്കൈ: പുഞ്ചിരിമട്ടത്തെ മലനിരകളിൽ ഇപ്പോഴും കോട പെയ്തിറങ്ങുന്നുണ്ട്; പ്രകൃതിക്കലി നൂറു കണക്കിനാളുകളുടെ ജീവനും ആയുഷ് കാലത്തെ സമ്പാദ്യങ്ങളും കശക്കി എറിഞ്ഞതിന്റെ കാഴ്ചകളെ മറയ്ക്കാനെന്നപോലെ. ചൂരൽമലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മുകളിലേക്ക് കയറുമ്പോൾ എത്തുന്ന മുണ്ടക്കൈയിൽ നിന്ന് കഷ്ടിച്ച് ഒന്നര കിലോ മീറ്ററാണ് പുഞ്ചിരിമട്ടത്തേക്കുള്ള ദൂരം. കുന്നും മലകളും തേയിലത്തോട്ടങ്ങളും മാടിവിളിച്ചിരുന്ന ഇവിടം ഇന്ന് അവശേഷിക്കുന്നത് മനുഷ്യനേക്കാൾ ഉയരമുള്ള പാറകളും തരിപ്പണമായ കെട്ടിടങ്ങളും ഗതിമാറി ഒഴുകുന്ന പുഴയും വന്‍തോതിൽ കുന്നു കൂടിക്കിടക്കുന്ന മരത്തടികളുമൊക്കെയാണ്. ഇന്നേക്ക് മൂന്നുമാസം തികയുന്ന, രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഉരുളിൽ ആണ്ടുപോയ 47 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഔദ്യോഗിക കണക്ക് പ്രകാരം 231 മൃതദേഹങ്ങളും 222 ശരീര ഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍ നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്നുമായി കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതിൽ 208 എണ്ണത്തിന്റെ പരിശോധനഫലം പോലും ഇനിയും ലഭിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയുന്നതിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിന് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡി.എൻ.എ സാമ്പിളുകൾ അയച്ചതായും ഫലം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൽപറ്റ ഡിവൈ.എസ്.പി സുരേഷ് പറഞ്ഞു.

മൂന്നു മാസം പിന്നിടുമ്പോഴും ദുരന്തത്തിൽ ബാക്കിയായവരെ ചേർത്തു നിർത്തുന്ന കാര്യത്തിൽ സർക്കാർ നിസ്സംഗതയിലാണെന്ന പരാതിയും വ്യാപകമാണ്. അടിയന്തര സഹായം ഇപ്പോഴും കിട്ടാത്തവർ നൂറിലധികം. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികപോലും പ്രസിദ്ധീകരിക്കാൻ ഭരണ കൂടത്തിനായിട്ടില്ല. പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് വേണ്ട സ്ഥലമെടുപ്പും നിയമക്കുരുക്കിൽ അനിശ്ചിതത്വത്തിലായി.

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തിൽ പെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതർ തയാറായിട്ടില്ല. ഉറ്റവരും ജോലിയും വീടുമെല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാനോ സർക്കാർ ഏറ്റെടുക്കാനോ ഇപ്പോഴും വിമുഖത. പ്രധാനമന്ത്രി ലക്ഷങ്ങൾ മുടക്കി ദുരന്ത പ്രദേശങ്ങളും ഇരകളെയും സന്ദർശിച്ചതല്ലാതെ കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല. പുതിയ റിപ്പോർട്ട് അനുസരിച്ച് നൂറുകണക്കിന് കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽ നിന്ന് പുറത്താവാനുള്ള സാധ്യത ഏറെയാണ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ആരോഗ്യസര്‍വകലാശാല വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധം. സനാതന ധര്‍മ പീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനായാണ് ഗവര്‍ണര്‍ ക്യാമ്പസിലെത്തിയത്.

ഗവര്‍ണറുടെ പരിപാടി നടക്കുന്നതിന് തൊട്ടരികിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ക്യാമ്പസുകളെ സംഘപരിവാറിന്റെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചാന്‍സിലറായ ഗവര്‍ണര്‍ അത്തരം പരിപാടികളുമായി മുന്നോട്ട് പോയാല്‍ ശക്തമായ പ്രതിഷേധവുമായി തങ്ങള്‍ മുന്‍ നിരയില്‍ ഉണ്ടാകുമെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്.

‘സംഘി ചാന്‍സലര്‍ ഗോ ബാക്ക്‘ എന്ന് എഴുതിയിട്ടുള്ള ബാനറുകളുമായാണ് പ്രതിഷേധം. ‘വി നീഡ് ചാന്‍സലര്‍, നോട്ട് സവര്‍ക്കര്‍’ എന്ന ബോര്‍ഡും വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ബാരിക്കേഡുകള്‍ വച്ചുകൊണ്ട് പൊലീസ് തടഞ്ഞു. എസ്എഫ്‌ഐയുടെ കേന്ദ്ര കമ്മറ്റി അംഗം ഇ അഫ്‌സലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

എസ്എഫ്‌ഐ പ്രതിഷേധം നടത്തിക്കോട്ടെ, അത് താന്‍ ആസ്വദിക്കുന്നുവെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ബാനറുകള്‍ കെട്ടിക്കോട്ടെ,പക്ഷെ അക്രമം അംഗീകരിക്കാന്‍ കഴിയില്ല. അക്രമം കാണിച്ചപ്പോഴാണ് നേരത്തെയെല്ലാം പ്രതികരിച്ചത്. യൂണിവേഴ്‌സിറ്റികള്‍ പഠനത്തിനായുള്ളതാണ് – ഗവര്‍ണര്‍ വ്യക്തമാക്കി.

എടവണ്ണപ്പാറ: വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഊർക്കടവ് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. 40 വയസായിരുന്നു. അപകട സമയത്ത് കടയിൽ അബ്ദുൽ റഷീദ് മാത്രമാണ് ഉണ്ടായിരുന്നത്. മറ്റാർക്കും പരുക്കുകളില്ല.

ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാൽ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചത്. കടയുടെ അടുത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കടയിലെ സാധനങ്ങളെല്ലാം നശിച്ചതായി കാണുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും.

നിലമ്പൂർ: പോത്തുകല്ലിൽ ഇന്നലെ ഭൂമിയ്ക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം കേട്ട പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ ശബ്ദം കേട്ടത്. ഇന്നലെ ഉഗ്ര ശബ്ദം അനുഭവപ്പെട്ടതിനു പിന്നാലെ വില്ലേജ് ഓഫിസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ചൊവാഴ്ച രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിയ്ക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. പിന്നാലെ ഇവരെ ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ആനക്കല്ല് നഗറിലെ 2 വീടുകൾക്കും മുറ്റത്ത് വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ സ്ഫോടന ശബ്ദം മേഖലയിൽ കേട്ടിരുന്നു.

മലപ്പുറം: വയനാട് ലോക്‌‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിൽ ആവേശത്തുടക്കം. നിലമ്പൂർ, വണ്ടൂർ‌, ഏറനാട് നിയോജക മണ്ഡലങ്ങളിലെ മൂന്നിടങ്ങളിലായി സംഘടിപ്പിച്ച കോർണർ മീറ്റിംഗുകളിലേക്ക് സ്ത്രീകൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമെത്തി. സ്ഥാനാർത്ഥിത്വത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ പ്രിയങ്കയെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മൂന്നിടങ്ങളിലും അരമണിക്കൂറോളം നീണ്ട പ്രസംഗങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങളെ പ്രിയങ്ക നിശിതമായി വിമർശിച്ചു.

കോഴിക്കോട് തിരുവമ്പാടിയിലെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12.30ഓടെ അരീക്കോട് തെരട്ടമ്മലിൽ ആയിരുന്നു മലപ്പുറത്തെ ആദ്യ പ്രചാരണ യോഗം.തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പ്രിയങ്ക വേദിയിലേക്ക് എത്തിയത്. മുത്തുക്കുടയുടെ അകമ്പടിയോടെ പ്രവർത്തകർ പ്രിയങ്കയെ സ്വീകരിച്ചു. മമ്പാടിലെ പ്രചാരണ യോഗത്തിലേക്കുള്ള യാത്രാമദ്ധ്യേ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലെ ഫുട്ബാൾ മത്സരം കാണാൻ പ്രിയങ്കയെത്തി. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ച പ്രിയങ്ക കളിക്കാരുമായി പരിചയപ്പെട്ടു. പ്രിയങ്കയുടെ വരവറിഞ്ഞ് നിരവധി പേർ തടിച്ചുകൂടി. ഹസ്തദാനം ചെയ്യാനും ഫോട്ടോയെടുക്കാനും തിരക്കുകൂട്ടി. കുണ്ടുതോട് പാലത്തിന് സമീപം വാഹനം ഒതുക്കിനിറുത്തിയ ശേഷം കൈവശം കരുതിയ ഉച്ച ഭക്ഷണം പ്രിയങ്ക കഴിച്ചു. ഉച്ചയ്ക്ക് രണ്ടോടെ മമ്പാടും വൈകിട്ട് അഞ്ചോടെ ചുങ്കത്തറയിലും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ എം.പി, ദീപാ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.പി. അനിൽകുമാർ എം.എൽ.എ, ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ആയതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നവംബര്‍ 1, 2 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നവംബര്‍ ഒന്ന് വെള്ളിയാഴ്ച്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ശനിയാഴ്ച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

2024 ഒക്ടോബർ 31, നവംബർ 01, 02 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍. സൈന്യം നിര്‍മിച്ച ടെന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കിയതായാണ് വിവരം. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക പിന്മാറ്റം നടത്തിയത്. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ മേഖല സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.

സൈനിക പിന്മാറ്റം സ്ഥിരീകരിക്കും. ഇതിനു ശേഷം നാളെ പട്രോളിങ് പുനഃരാരംഭിക്കാനാണ് നീക്കം. 2020 ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മേഖലയില്‍ ഇരു സൈന്യവും പട്രോളിങ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ നാല് വര്‍ഷമായി തുടരുന്ന നയതന്ത്ര, സൈനിക ഭിന്നതകള്‍ക്ക് അവസാനം കുറിക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് കരാറില്‍ കഴിഞ്ഞയാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ധാരണയായത്. 2020 മെയ്-ജൂണ്‍ മാസങ്ങളില്‍ ഗാല്‍വാനില്‍ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം വഷളായത്.

നിലമ്പൂർ പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രാത്രി 9:30 ഓടെയാണ് സംഭവം. ശബ്ദം കേട്ട ജനങ്ങള്‍ ആശങ്കയിലായി.

ഭൂമിക്കടിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉണ്ടായത് സ്വാഭാവിക പ്രതിഭാസം എന്നാണ്് പ്രാഥമിക വിലയിരുത്തല്‍
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിശദീകരണം. രണ്ടാഴ്ച മുന്‍പും ഇത്തരത്തില്‍ ശബ്ദം കേട്ടിരുന്നു. ജിയോളജി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. ഭൂമിക്കടിയില്‍ പാറകള്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് അന്നവര്‍ പറഞ്ഞത്.

മലപ്പുറം : സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി. യൂത്ത് ലീഗ് പ്രവർത്തകനാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങൾക്കും എതിരായ പ്രസംഗം സമൂഹത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം. പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വിപി റിയാസ് ആണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ഉമ്മർ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വിമർശിച്ചു. സമസ്ത ജോയിൻ്റ് സെക്രട്ടറിയായ ഉമർ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിൻ്റ് സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമർ ഫൈസി മുക്കത്തിൻ്റെ നിലപാടെന്നും ഒരു ജനസദസിൽ പാണക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമർ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടിൽ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാൻ ശ്രമിച്ചാൽ, അങ്ങനെ ശ്രമിക്കുന്നവർ ചെറുതാവുമെന്നും വിമർശനമുണ്ട്. ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഉമർ ഫൈസി അത് സംഘടനയിൽ പറയണം. പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്. ഈ രീതിയിൽ തുടർന്നാൽ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാൻ നിർബന്ധിക്കപ്പെടും. വിഷയം ചർച്ച ചെയ്യാൻ മുശാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

ജറുസലേം: പലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) നിരോധനം ഏർപ്പെടുത്തി ഇസ്രയേൽ. ഏജൻസിയിലെ ഏതാനും പേർ ഹമാസ് അംഗങ്ങളാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കുണ്ടെന്നും പറഞ്ഞാണ് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഇസ്രയേൽ പാർലമെന്റിൽ പാസാക്കിയത്.

വടക്കൻ ഗസയിലെ ജനവാസ മേഖലയിലും അഭയാർഥി ക്യാമ്പിലും ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വ്യാപക നഷ്ടം റിപ്പോർട്ട് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുഎൻ ഏജൻസിയെ വിലക്കിയത്. തിങ്കളാഴ്ചത്തെ ആക്രമണത്തെ തുടർന്ന് ഒരു ലക്ഷത്തോളം പലസ്തീനികളാണ് മേഖലയിൽ കുടുങ്ങിയിരിക്കുന്നതെന്നും 19 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഹമാസ് പുനഃസംഘടിക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ പറഞ്ഞു.

വടക്കൻ ഗസയില്‍ ഇസ്രയേൽ ആക്രമണം രൂക്ഷമായിരിക്കെ സഹായ ഏജൻസിക്ക് മൂന്ന് ആഴ്ചയായി പ്രദേശത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണം, മരുന്ന് ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇവിടെ ആളുകൾക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിനിടെ ഇസ്രയേൽ, യു എൻ ഏജൻസിക്കുമേൽ ഏർപ്പെടുത്തിയ നിരോധനത്തിൽ എതിർപ്പ് അറിയിച്ച് യുകെ, ആസ്ട്രേലിയ, ബെൽജിയം ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.