Author

admin

Browsing

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭ മണ്ഡലത്തിൽ 16 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. പാലക്കാട് ലോക്സഭ മണ്ഡലത്തിൽ  12 സ്ഥാനാർത്ഥികളും ചേലക്കരയിൽ 7 സ്ഥാനാർത്ഥികളുടെയും പത്രികകളാണ് സ്വീകരിച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 നാണ്.

വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അജിത്ത് കുമാര്‍, സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ പത്മരാജന്‍, ആര്‍ രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിംഗ് യാദവ് എന്നിവരുടെ പത്രികയാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിലുള്ളത്.

പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളി. 12 സ്ഥാനാർത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി), സരിന്‍. പി (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സി. കൃഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍ വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍.

സൂഷ്മ പരിശോധ പരിശോധന പൂർത്തിയായപ്പോൾ ചേലക്കരയിൽ 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യു ആര്‍ പ്രദീപ് (സിപിഎം), കെ ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് മുന്‍നിരയിലുള്ള ചേലക്കരയിലെ സ്ഥാനാര്‍ത്ഥികള്‍.

തിരുവനന്തപുരം : വാഹനങ്ങളുടെ എണ്ണത്തില്‍ കേരളം പത്താമതാണെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ രണ്ടാം സ്ഥാനത്ത്. മൊബൈല്‍ ഫോണ്‍ വഴിയും, എ.ഐ. ക്യാമറകളിലൂടെയും പിഴചുമത്താൻ കഴിയുന്ന ഇ-ചെലാൻ സംവിധാനം നിലവില്‍വന്നശേഷം 92.58 ലക്ഷം കേസുകളാണ് പോലീസും മോട്ടോർവാഹനവകുപ്പും എടുത്തത്. 1.06 കോടി കേസുകളുള്ള ഉത്തർപ്രദേശാണ് ഒന്നാമതുള്ളത്. 90 ലക്ഷം കേസുകളുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുണ്ട്.

2020-ലാണ് സംസ്ഥാനത്ത് ഇ-ചെലാൻ സംവിധാനം നടപ്പായത്. കഴിഞ്ഞവർഷം എ.ഐ. ക്യാമറകള്‍ നിലവില്‍വന്നതോടെ പിഴ ചുമത്തലിന്റെ വേഗംകൂടി. കേസെടുക്കുന്നതില്‍ ഒരുപടി മുന്നില്‍ മോട്ടോർവാഹനവകുപ്പാണ്. 52.45 ലക്ഷം കേസുകള്‍ മോട്ടോർവാഹനവകുപ്പ് എടുത്തിട്ടുള്ളപ്പോള്‍ പോലീസിന് 40.30 ലക്ഷം കേസുകളാണുള്ളത്. അതേസമയം പിഴചുമത്തുന്നതില്‍ മറ്റ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പോലീസാണ് മുന്നിലുള്ളത്. ഉത്തർപ്രദേശില്‍ 95.50 ലക്ഷം കേസുകളും പോലീസിന്റേതാണ്. 11.04 ലക്ഷം കേസുകള്‍ മാത്രമാണ് ഗതാഗത വകുപ്പിനുള്ളത്.

സ്മാർട്ട് ഫോണുകള്‍ വ്യാപകമായതും എ.ഐ. ക്യാമറകളുമാണ് സംസ്ഥാനത്തെ ഇ-ചെലാൻ ചുമത്തല്‍ വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥർക്ക് മൊബൈല്‍ ഫോണ്‍ ആപ്പിലൂടെ ഗതാഗത നിയമലംഘനങ്ങള്‍ പകർത്തി പിഴചുമത്താനാകും. മൊബൈല്‍ നെറ്റ്വർക്കിന്റെ പരിമിതിയും മറ്റു സംസ്ഥാനങ്ങളില്‍ ഇ-ചെലാൻ ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇ-ചെലാൻ സംവിധാനം വന്നതിനുശേഷം പിഴവരുമാനത്തിലും വർധനയുണ്ട്. 526 കോടി രൂപയുടെ പിഴചുമത്തിയതില്‍ 123 കോടിരൂപ പിഴയായി ലഭിച്ചിരുന്നു.

ഇ-ചെലാൻ വഴിയുള്ള പിഴകള്‍ കൃത്യമായി അടച്ചില്ലെങ്കില്‍ കോടതി കയറേണ്ടിവരും. 30 ദിവസത്തിനുശേഷം കേസ് വെർച്വല്‍ കോടതിക്ക് കൈമാറും. പിഴ വിധിച്ചാല്‍ ഓണ്‍ലൈനില്‍ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം ലഭിക്കും. അടച്ചില്ലെങ്കില്‍ കേസ് ചീഫ് ജുഡീഷ്യല്‍ കോടതിക്ക് കൈമാറും. വാഹനരേഖകളില്‍ ഉടമയുടെ മൊബൈല്‍ നമ്ബർ കൃത്യമായി രേഖപ്പെടുത്തുകയും പിഴചുമത്തിയ സന്ദേശം ലഭിച്ചാലുടൻ ഓണ്‍ലൈൻ പിഴ അടയ്ക്കുകയുമാണ് സുരക്ഷിതമാർഗം

കോഴിക്കോട്: കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വച്ച് കെ.ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍  സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരില്‍  നിന്നും ഉണ്ടാവേണ്ടതെന്നും പരസ്പരം ഐക്യത്തിനും സൗഹാര്‍ദത്തിനും ഭംഗം വരുത്തുന്ന വിധം പൊതു വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ഇന്നലെ 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

തിരുവനന്തപുരം : സ്‌മാർട്ട് പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകുന്നതിനിടെ സംസ്ഥാനത്ത് പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നെന്ന് കണക്കുകൾ. 2010 മുതൽ 2024 വരെയുള്ള കണക്കുകൾ അടിസ്ഥാനപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പ്രതിവർഷമുള്ള ലൈസൻസ് എണ്ണം കുറയാൻ കാരണമെന്ത് എന്നതിനെ കുറിച്ച കൃത്യമായ ധാരണ മോട്ടോർ വാഹന വകുപ്പിനുമില്ല.

സംസ്ഥാനത്ത് 2010-2015 കാലയളവിലാണ് വാഹനവിൽപനയിൽ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയത്. ധനകാര്യ സ്ഥാപനങ്ങൾ വാഹന വായ്‌പ നടപടികൾ ഉദാരമാക്കിയതും ഈ സമയത്താണ്. നല്ലൊരു ശതമാനം പേർ ഇക്കാലയളിൽ വാഹനം വാങ്ങിയെന്നാണ് കണക്കുകൾ. സ്വഭാവികമായും ലൈസൻസുകളുടെ കാര്യത്തിൽ വർധനയുണ്ടാകാനുള്ള കാരണമിതാണെന്ന് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.

കോവിഡിന് ശേഷം സ്ത്രീകൾ നല്ലൊരു ശതമാനം ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. സംസ്ഥാനത്ത് ഒരുവർഷം 1.30 ലക്ഷം ഡ്രൈവിങ് ലൈസൻസ് അച്ചടിച്ചിരുന്നെന്നാണ് കണക്കുകൾ. എന്നിട്ടും വർഷം പിന്നിടുംതോറും ലൈസൻസുകൾ കുറയുന്നതിന് മറ്റു ചില കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ പോയും ലൈസൻസ് എടുക്കാമെന്ന സ്ഥിതി വന്നതോടെ ഒരു വിഭാഗം ഈ സാധ്യത പ്രയോജന പ്പെടുത്തുന്നെന്നാണ് വിലയിരുത്തൽ. മറ്റിടങ്ങളിൽ കേരളത്തിലേതിനെക്കാൾ ടെസ്റ്റ് എളുപ്പമാണെന്നതാണ് കാരണം. സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് വ്യവസ്ഥകൾ കർശനമാക്കിതോടെ ഇതരസംസ്ഥാന ഏജൻസികൾ കേരളത്തിൽ സജീവമായിട്ടുണ്ട്.

പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷൻ വാദം. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം – കെ നവീൻ ബാബുവിന്റെ ആത്മഹത്യ.

വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയിൽ വാദിച്ചിരുന്നു. പി പി ദിവ്യക്ക് എതിരെ ആത്മഹത്യ പ്രേരണയ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നത്. എന്നൽ, ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ പോലീസ് മെനക്കെട്ടില്ല. ടി വി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തു. കളക്ടർ ക്ഷണിച്ചതിനാലാണ് താൻ എത്തിയതെന്ന് ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കി.

നാട്ടിലേക്ക് ട്രാൻസ്ഫറായി മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നവീൻ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ സഹപ്രവർത്തകർ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പി പി ദിവ്യയുടെ വിമർശനം.

മലപ്പുറം: വയനാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പത്രിക നൽകിയതിനു ശേഷം പ്രിയങ്ക ഗാന്ധി ഇന്ന് ആദ്യമായി ജില്ലയിൽ. പ്രചാരണത്തിന്റെ ഭാഗമായി ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ കോർണർ യോഗങ്ങളിൽ അവർ പങ്കെടുക്കും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ പ്രിയങ്കയ്ക്കൊപ്പം വേദി പങ്കിടും. ഉച്ചയ്ക്കു 12.30നു ഏറനാട് മണ്ഡലത്തിലുൾപ്പെടുന്ന തെരട്ടമ്മലിലാണ് ആദ്യ കോർണർ യോഗം. 3ന് വണ്ടൂർ മണ്ഡലത്തിലെ മമ്പാട്ട് പ്രിയങ്ക പ്രസംഗിക്കും. ജില്ലയിലെ അവസാന പരിപാടി നിലമ്പൂർ മണ്ഡലത്തിലുൾപ്പെടുന്ന ചുങ്കത്തറയിൽ വൈകിട്ട് 4.30നാണ്.

മലപ്പുറം: രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും സായാഹ്ന ഒ.പികൾ ഇല്ലാതെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഒൻപത് ഗ്രാമപഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ഉൾപ്പെടെ 11 കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികൾക്ക് ആശ്വാസമാകേണ്ട സായാഹ്ന ഒ.പികൾ ഇല്ലാത്തത്. കീഴുപറമ്പ്, ചെറുകാവ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, തേഞ്ഞിപ്പലം, ചെറിയമുണ്ടം, വണ്ടൂർ, അരീക്കോട് ഗ്രാമപഞ്ചായത്തുകളിലും തിരൂർ, മലപ്പുറം നഗരസഭകളിലുമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് സായാഹ്ന ഒ.പികൾ ഇല്ലാത്തത്. ദിനംപ്രതി 100 കണക്കിന് രോഗികളാണ് ഇവിടെ ചികിത്സയ്ക്കെത്തുന്നത്. ഇവിടങ്ങളിൽ സായാഹ്ന ഒ.പികൾ വേണമെന്ന ആവശ്യവും ശക്തമാണ്.

സെപ്തംബർ ഒന്ന് മുതൽ 30 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്ക് പരിശോധിക്കുമ്പോൾ പനി ചികിത്സയ്ക്കാണ് കൂടുതൽ പേർ കുടുംബാരോഗ്യ കേന്ദ്രങ്ങളെ ആശ്രയിച്ചിരിക്കുന്നത്. സെപ്തംബർ 18ന് മാത്രം 2,547 രോഗികൾ പനിയ്ക്ക് ചികിത്സ തേടിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ഗ്രാമപഞ്ചായത്തുകളിലും എട്ട് നഗരസഭകളിലും ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. സായാഹ്ന ഒ.പികൾ കൂടി ലഭ്യമായാൽ സാധാരണക്കാർക്ക് ഇത് കൂടുതൽ ആശ്വാസകരമാകും.എല്ലാവർക്കും തൊട്ടടുത്ത സ്ഥലങ്ങളിൽ പ്രാഥമിക തലത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്. അതിനിടെ, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ (എൻ.ക്യു.എ.എസ്) രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കോട്ടയ്ക്കൽ കുടുംബാരോഗ്യത്തെ തിരഞ്ഞെടുത്തിരുന്നു. 99 ശതമാനം സ്‌കോർ ആയിരുന്നു നേടിയത്.

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 154 പേർക്ക് പൊള്ളലും പരുക്കുമേറ്റിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ ​നില ​ഗുരുതരമാണ്.

രാത്രി 12 മണിയോടെയാണ് സംഭവം. 97 പേര് ചികിത്സയിലാണ്.അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റുന്നുണ്ട്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നി​ഗമനം.

കാഞ്ഞങ്ങാട് ആശുപത്രിയിൽ 16പേരും സഞ്ജീവനി ആശുപത്രിയിൽ 10പേരും ഐശാല്‍ ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല്‍ കോളേജിൽ അഞ്ച് പേരും കണ്ണൂര്‍ മിംസിൽ 18പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജിൽ 18പേരുമാണ് ചികിത്സയിലുള്ളത്.

ഇറാൻ്റെ തിരിച്ചടി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേൽ മന്ത്രിസഭാ യോ​ഗം ചേ‌ർന്നത് ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ. ഇസ്രയേലി ഇൻ്റലിജൻസ് ഏജൻസിയായ ഷിൻ ബിറ്റിൻ്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് മന്ത്രിസഭാ യോ​ഗം ജറുസലേമിലെ സ‍ർക്കാർ സമുച്ചയത്തിലെ സുരക്ഷിതമായ ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ യോ​ഗം ചേ‍‌ർന്നത്.

ഇസ്രയേലിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരായ ഭീഷണികൾ ശക്തമായതിനാലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീടിന് നേരെ കഴിഞ്ഞയാഴ്ച ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയതിൻ്റെ വെളിച്ചത്തിലുമായിരുന്നു ഭൂ​ഗ‍ർഭ കേന്ദ്രത്തിൽ മന്ത്രിസഭാ യോ​ഗം ചേരാൻ തീരുമാനിച്ചത്.

ഇത്തരത്തിലൊരു നീക്കം അവസാനത്തേതാകില്ലെന്നാണ് സർക്കാർ വ‍ൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ലൊക്കേഷനുകൾ മാറിമാറിയായിരിക്കും മന്ത്രിസഭാ യോ​ഗം ചേരുകയെന്നാണ് റിപ്പോർട്ട്. ഭൂ​ഗർ‌ഭ കേന്ദ്രത്തിൽ മന്ത്രിസഭാ യോ​ഗം ചേരാനുനുള്ള തീരുമാനം രാവിലെ മാത്രമാണ് മന്ത്രിമാരെ അറിയിച്ചത്. സ്ഥലപരിമിതി മൂലം മന്ത്രിസഭാ യോ​​ഗം നടക്കുന്നിടത്തേയ്ക്ക് മന്ത്രിമാരുടെ ഉപദേശകരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.

ഈ മാസം ആദ്യം സിസേറിയയിലെ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിക്ക് നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഹിസ്ബുള്ള വിക്ഷേപിച്ച മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം റോഷ് ഹനിക്ര, നഹാരിയ എന്നിവിടങ്ങളിൽ വെച്ച് ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്തിരുന്നു. എന്നാൽ മൂന്നാമത്തെ ഡ്രോൺ ഇസ്രയേലിൻ്റെ പ്രതിരോധസംവിധാനങ്ങളെ മറികടന്ന് നെതന്യാഹുവിൻ്റെ സ്വകാര്യ വസതിയിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒക്‌ടോബർ ഒന്നിന് ഇസ്രയേലിനുനേരെ തെഹ്‌റാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ ഇറാന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ ഇന്നലെ താക്കീത് നൽകിയിരുന്നു. കയ്പേറിയ അനന്തരഫലങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സിൻ്റെ മേധാവി ഹുസൈൻ സലാമിയുടെ മുന്നറിയിപ്പ്.