Author

admin

Browsing

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതുവിതരണ വകുപ്പ് ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നാം തീയതി മുതല്‍ വിവിധ വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം ആരംഭിക്കും.

അന്ത്യോദയ അന്ന യോജന (AAY) വിഭാഗത്തിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതുകൂടാതെ, 2 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

PHH കാര്‍ഡ് ഉള്ളവര്‍ക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 3 കിലോ കുറച്ച്, അതിന് പകരം 3 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

മുന്‍ഗണന വിഭാഗത്തിന് (എന്നാൽ PHH അല്ല) കിലോയ്ക്ക് 4 രൂപ നിരക്കില്‍ ഓരോ അംഗത്തിനും 2 കിലോ അരി വീതം ലഭിക്കും. പൊതു വിഭാഗം സബ്സിഡി (NPS) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി ലഭിക്കും. കൂടാതെ, NPS കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.

പൊതു വിഭാഗം (NPNS) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 5 കിലോ അരി ലഭിക്കും. പൊതു വിഭാഗം സ്ഥാപനം (NPI) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി ലഭിക്കും.

ഏപ്രില്‍ – മെയ് – ജൂണ്‍ ത്രൈമാസ കാലയളവിൽ, വൈദ്യുതീകരിച്ച വീടുകളിലെ AAY (മഞ്ഞ) കർഡുകൾക്ക് 1 ലിറ്റർ മണ്ണണ്ണയും PHH (പിങ്ക്) കർഡുകൾക്ക് 0.5 ലിറ്റർ മണ്ണണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ എല്ലാ വിഭാഗം കാർഡുകൾക്കും 6 ലിറ്റർ മണ്ണണ്ണയും ലഭിക്കുന്നതാണ്.

മലപ്പുറം: ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി പാറയിൽ ഫൈസലിന്റെ മകൻ എവി മുഹമ്മദ് ഫാദിലിനെ കാണാതായത്. കുട്ടി സമീപത്തെ ജലാശയങ്ങളിൽപ്പെട്ടോ എന്ന സംശയത്തിലാണ് പരിശോധന നടത്തിയിരുന്നത്. രാവിലെ മുതൽ സ്കൂബ ഡൈവിങ്ങ് സംഘം ഉൾപ്പെടെ ഫയർഫോഴ്സ് പരിശോധന നടത്തിയിരുന്നു. ഈ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അരീക്കോട്: സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കെ.സി.ഇ.യു അരീക്കോട് യൂണിറ്റ് കമ്മറ്റി അരീക്കോട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ പതാക ഉയർത്തി ആചരിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ടി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.കെ. സുഭാഷ് സ്വാഗതം പറഞ്ഞു. ഇ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ അഭിവാദ്യം അർപ്പിച്ചു. കെ.സലീം നന്ദി പറഞ്ഞു.

തെരട്ടമ്മൽ: വിവിധ മത്സര പരീക്ഷൾക്ക് ഉദ്യോഗാർഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തെരട്ടമ്മൽ വാർഡിൽ ആരംഭിച്ച പിഎസ്‌സി കോച്ചിംഗിന് തുടക്കമായി. പിഎസ്‌സി വഴി ജോലിയിൽ പ്രവേശിച്ച തെരട്ടമ്മലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘാടനത്തിൽ ആരംഭിച്ച കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ ജമീല നജീബ് നിർവ്വഹിച്ചു. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാഹിൽ ചെമ്പകത്ത് സ്വാഗതം പറഞ്ഞു. കോച്ചിംഗ് ക്യാമ്പിന്റെ പ്രധാന സംഘാടകരിൽ ഒരാളായ ഡാനിഷ് കരുവാടന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ പിഎസ്‌സി, യുപിഎസ്‌സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളുടെ സാധ്യതകളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ കെ ഷൗക്കത്തലി ആശംസയർപ്പിച്ച പരിപാടിക്ക് ഷബീർ ചെമ്പകത്ത് നന്ദിയും പറഞ്ഞു.

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്തിൽ വർഷകാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട പ്രവർത്തികൾ വിലയിരുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ, വാർഡ് മെമ്പർ തസ് ലീന ഷബീർ, വില്ലേജ് ഓഫീസർ അബ്ബാസ്, വിവിധ വകുപ്പ് മേധാവികൾ, ട്രോമ കെയർ വളണ്ടിയേഴ്സ് തുടങ്ങിയവർ സംബന്ധിച്ചു. ഓരോ വകുപ്പുകളും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും മുൻകരുതലുകളും യോഗം ചർച്ച ചെയ്തു വേണ്ട നടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചു.

മലപ്പുറം : പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഖാദി മേള സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്ന് വരെയാണ് മേള. ഈ കാലയളവില്‍ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി ബസ്റ്റാന്റ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യൽ ഖാദി മേളകളും നടക്കുന്നുണ്ട്.

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങാത്തതിൽ ആരോഗ്യവകുപ്പിനും സൂപ്രണ്ടിനും എതിരെ സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ കോടതി സർക്കാറിനോട് വിശദീകരണം തേടി.

അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ പ്രതിചേർത്താണ് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ചെയർമാൻ കെ.എം സലിം പത്തനാപുരം കേസ് ഫയൽ ചെയ്തത്. താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ സൗകര്യവും മതിയായ ജീവനക്കാരും ഉണ്ടെന്നിരിക്കെ നിസ്സാര കാരണങ്ങൾ ഉയർത്തി സർക്കാർ ഉത്തരവുകൾ അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ശ്രമത്തിനെതിരെയാണ് പരാതി.

(WPC 19354/2024) എന്ന നമ്പറിൽ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ ജസ്റ്റിസ് ടി.ആർ രവി ആദ്യവാദം കേട്ടു. സംഭവത്തിൽ പത്ത് ദിവസത്തിനുള്ളിൽ സർക്കാരിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് ജൂൺ 11 ലേക്ക് മാറ്റിവച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളായി ചേർത്തുകൊണ്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറത്തിനായി അഡ്വ. ഹാരിസ് മൂസ, അഡ്വ. എം.ബി സൂരി എന്നിവർ ഹാജരായി.

വേങ്ങര: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഏക്കർ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 15 കാരനാണ് മരണപ്പെട്ടത്. ചെട്ടിപ്പടി പുഴക്കകലത്ത് സൈതലവി എന്നവരുടെ മകനാണ്. വിദ്യാർത്ഥികൾ അടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു കുട്ടി കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെ ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ കുളിക്കാൻ എത്താറുണ്ട്. നാട്ടുകാരുടെയും മലപ്പുറം ഫയർ ഫോഴ്‌സിൻ്റെയും. മറ്റ്സ ന്നദ്ധ സംഘടന കളുടെയും നേതൃത്വത്തിലുള്ള തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശി ജോളി ഹോട്ടലിൽ ജോലി ചെയ്യുന്ന മുസ്ലിയാരകത്ത് ശരീഫ് (48) മരണപെട്ടു. ഇന്നലെ രാത്രി 10 മണിക്ക് മദർ ഹോസ്പിറ്റലിന് എതിർവശം ചെങ്കുത്തായ ഇറക്കമുള്ള ചെറിയ റോഡിൽ പാർസലുമായി പോകുന്ന സമയത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻതന്നെ മദർ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പുലർച്ചെ 2 മണിയോടെ മരണം സ്ഥിരീകരിച്ചു. രാവിലെ 8 മണിക്ക് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.

കീഴുപറമ്പ്: കീഴുപറമ്പ് മഴക്കാല പൂർവ ശുചീകരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന ‘മുന്നൊരുക്കം’ കാമ്പയിനിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പ്രതിരോധ മരുന്ന് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് വി.പി സഫിയ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ സഹ് ല മുനീർ വാർഡ് മെമ്പർമാരായ എം.പി അബ്ദുറഹ്മാൻ, തസ് ലീന ഷബീർ, എം.ജി.എൻ.ആർ.ജി.എസ് എ.ഇ ജസീം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ സംബന്ധിച്ചു.