കാവനൂർ : കാവനൂർ സ്പർശം പാലിയേറ്റിവിന് നിർമിക്കാൻ പോകുന്ന കെട്ടിടത്തിന്റെ കുറ്റി അടിക്കൽ കർമ്മം സ്ഥലം എംഎൽഎ പി.കെ ബഷീർ നിർവഹിച്ചു. പദ്ധദിക്ക് ആവശ്യമായ സ്ഥലം കുഞ്ഞാൻ ഹാജിയാണ് സൗജന്യമായി വിട്ടു നൽകിയത്. സ്ഥലം കൈമാറ്റവും ചടങ്ങിൽ വെച്ച് നടന്നു. കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ, വി ഹംസാക്ക, കമറു, പി.പി ഹംസ മാഷ്, മറ്റു നേതാക്കൾ പങ്കെടുത്തു.
അരീക്കോട് : അരീക്കോട് മുക്കം റൂട്ടിൽ കുറ്റൂളിയിൽ ഇന്ന് ഉച്ചക്ക് 3 മണിക്കുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണന്ത്യം. വീടിനു സമീപം റോട്ടിൽ നിന്നും വീട്ടിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ ബസ്സ് ഇടിച്ചാണ് അപകടം. ഉടനെ അരീക്കോട് മദർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുറ്റൂളി സ്വദേശി മാര്യോട്ടിൽ മൊയ്തീൻകുട്ടി മകൻ വേലിപ്പുറവൻ മുഹമ്മദ് ആണ് മരണപ്പെട്ടത്. മൃതദേഹം ഇപ്പോൾ മദർ ഹോസ്പിറ്റലിലാണുള്ളത്. പോലീസ് നടപടി കഴിഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. സഹോദരങ്ങൾ
വീരാൻകുട്ടി, യൂസുഫ്, ഫാത്തിമ, റംലത്ത്
ഊർങ്ങാട്ടിരി: പൂവത്തിക്കൽ കെ പി ഗോകുൽദാസിന്റെ കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് വേണ്ടി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനങ്ങാങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫണ്ട് ശേഖരണത്തിന്റെ കളക്ഷൻ തുക ചികിത്സാ കമ്മിറ്റി രക്ഷധികാരിയും, പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജിഷ. സി. വാസുവും, വൈസ് പ്രസിഡന്റ് ഷിജോ ആന്റണിയും, ആരോഗ്യ വിദ്യാഭ്യാസ ചെയർപേർസൻ ഹസ്നത്ത് കുഞ്ഞാണി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കാവനൂർ : കാവനൂർ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മത്സരങ്ങൾ സമാപിച്ചു. ആവേശകരമായ മത്സരത്തിൽ ടൗൺ ടീം കാവനൂർ ജേതാക്കളായി. റണ്ണേഴ്‌സ് കപ്പ് സോക്കർ സിറ്റി കുണ്ടൂസ് നേടി.
പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത കുമാരി, ബ്ലോക്ക് മെമ്പർ ഇ പി മുജീബ് എന്നിവർ വിജയികൾക്ക് ട്രോഫി കൈമാറി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈഫുദ്ധീൻ, വാർഡ് മെമ്പർമാർ മറ്റു യൂത്ത് കോഡിനേഷൻ അംഗങ്ങൾ പങ്കെടുത്തു.
മലപ്പുറം : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ – പരാതി പരിഹാര അദാലത്തുകളിൽ പരിഗണിക്കുന്നതിനുള്ള മലപ്പുറം ജില്ലയിലെ പരാതികൾ ഡിസംബർ 6 മുതൽ 13 വരെ നൽകാം. പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോർട്ടൽ വഴി ഓൺലൈനായും നൽകാം.
ഡിസംബര്‍ 19 മുതല്‍ 27 വരെയാണ് മലപ്പുറം ജില്ലയിലെ അദാലത്തുകൾ നടക്കുന്നത്. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ ജനങ്ങളെ നേരില്‍ കേള്‍ക്കും. ഏറനാട് താലൂക്കില്‍ ഡിസംബര്‍ 19 നും നിലമ്പൂരില്‍ 20 നും പെരിന്തല്‍മണ്ണയില്‍ 21 നും തിരൂരില്‍ 23 നും പൊന്നാനിയില്‍ 24 നും തിരൂരങ്ങാടിയില്‍ 26 നും കൊണ്ടോട്ടിയില്‍ 27 നുമാണ് അദാലത്തുകള്‍ നടക്കുക.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍ ഇവയാണ്: ഭൂമി സംബന്ധമായ വിഷയങ്ങള്‍- (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍- ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്- കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍,
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,
വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.
അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍: നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങള്‍, വായ്പ എഴുതി തള്ളല്‍, പൊലീസ് കേസുകള്‍, പട്ടയങ്ങള്‍, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.
അദാലത്തുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടർ വി.ആർ. വിനോദിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
അരീക്കോട്: മലപ്പുറം ജില്ലാ സി. ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ അരീക്കോട് എ എഫ് സി റണ്ണേഴ്സ് ആയി. ഇതോടെ ബി. ഡിവിഷനിലേക്കു യോഗ്യത നേടി. 7 ടീമുകൾ പങ്കെടുത്ത കളിയിൽ 16 പോയിന്റ് നേടി പെരിന്തൽമണ്ണ കാദർ അലി വിന്നേഴ്സ് ആയി. അരീക്കോടിന് 13 പോയിന്റ് ലഭിച്ചു.
അരീക്കോട് : ആം ആദ്മി പാർട്ടിയുടെ പതിമൂന്നാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഏറനാട് മണ്ഡലം പ്രവർത്തകർ അരീക്കോട് ചമ്രക്കാട്ടൂർ ഭിന്നശേഷിക്കാർ പഠിക്കുന്ന സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഏറെ ജനശ്രദ്ധയമായി. പാർട്ടിയിലെ കലാകാരന്മാർ, ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, ടീച്ചേഴ്‌സ് എന്നിവർ പരിപാടിയുടെ ഭാഗമായി.
പരിപാടി ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡണ്ട് റിഷാദ് പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു. ഏറനാട് മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഖാൻ അധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി അഷ്റഫ് മൈത്ര സ്വാഗതം പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും, അത് കൂടുതൽ മെച്ചപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് യൂത്ത് വിംഗ് പ്രസിഡന്റ് പി കെ സഫീർ പ്രസംഗിച്ചു. ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഷമീർ അലി പാറക്കൽ, ജസീർ കെ മൈത്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിവാർ സംഘടനാ സെക്രട്ടറി റഫീക്ക, മുജീബ് ചെമ്മൽ, റഷീദ് കെ.ജി, രാജൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
അരീക്കോട്: അറബിക് യുനി അക്കാദമിയുടെ 2025 വർഷത്തെ കലണ്ടറിന്റെ പ്രകാശനം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ അറബിക് യുനി എം.ഡി സഈദ് അരീക്കോട് അധ്യക്ഷത വഹിച്ചു. ത്വാഹ സി.പി പത്തനാപുരം, ആദിൽ എൻ.കെ, ഹബീബ് പി.ടി, ഷാഫി മുനവ്വിർ യു, സുഹൈൽ യു തുടങ്ങിയവർ സംബന്ധിച്ചു. ഫായിസ് പി.ടി നന്ദി രേഖപ്പെടുത്തി.
അരീക്കോട്: സ്കൂൾ ബസ് ഡ്രൈവർക്ക് നെഞ്ചുവേദന വന്നതിനെ തുടർന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച കെഎസ്ആർടിസി ഡ്രൈവർ സൗത്ത് പുത്തലം സ്വദേശി എ കെ ഷബീറിനെ മലപ്പുറം ജില്ല സ്കൂൾ ബസ് ഡ്രൈവേഴ്സ് യൂണിയൻ ആദരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പെരുമ്പറമ്പ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ ബസ് ഡ്രൈവർക്ക് വാഹനം ഓടിക്കവേ പുത്തലത്ത് വെച്ച് ആകസ്മികമായി നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ കൂടിയായ ഷബീർ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ട് നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവറെ ഹോസ്പിറ്റലിലേക്ക് മാറ്റി.
അവസരോചിതമായി വിദ്യാർഥികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ച ഷബീറിനെ മലപ്പുറം ജില്ലാ സ്കൂൾ ബസ് ഡ്രൈവേഴ്സ് യൂണിയൻ വീട്ടിലെത്തിയായിരുന്നു അഭിനന്ദിച്ചത്. ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് ഇ കെ അബ്ദുറഊഫ് കീഴുപറമ്പ്, സെക്രട്ടറി കെ വേലായുധൻ, ട്രഷറർ നവാസ് ചാലിയം, നസീർ കൊട്ടുക്കര, സാലിഹ് അക്കാപറമ്പ്, രഞ്ജിത്ത് അരീക്കോട് എന്നിവർ പങ്കെടുത്തു.
അരീക്കോട്: കേന്ദ്ര സർക്കാർ ഇറക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കും നാല് ലേബർ കോഡുകൾക്കുമെതിരെ തൊഴിലാളികൾ നടത്തിയ പൊതുപണിമുടക്കിന്റെയും കർഷകരുടെ ദില്ലി മാർച്ചിന്റെയും നാലാം വാര്‍ഷികത്തിൽ “കുത്തകവൽക്കരണം അവസാനിപ്പിക്കുക, ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കുക” എന്നിവയുൾപ്പെടെ 15 ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളും കർഷകരും രാജ്യത്താകെ സംയുക്തമായി നടത്തിയ മാർച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരീക്കോട് പ്രകടനവും വിശദീകരണവും നടത്തി. ബേബി മാത്യു ഉദ്ഘാടനം ചെയ്തു. കെ വി ഇബ്രാഹീം കുട്ടി സംസാരിച്ചു. അബ്ദുൽ റഷീദ് അറഞ്ഞിക്കൽ സ്വാഗതവും അബ്ദുള്ള എൻ നന്ദിയും പറഞ്ഞു.