Author

admin

Browsing

മലപ്പുറം: വയനാട് ലോക്‌‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാ‌ർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിൽ ആവേശത്തുടക്കം. നിലമ്പൂർ, വണ്ടൂർ‌, ഏറനാട് നിയോജക മണ്ഡലങ്ങളിലെ മൂന്നിടങ്ങളിലായി സംഘടിപ്പിച്ച കോർണർ മീറ്റിംഗുകളിലേക്ക് സ്ത്രീകൾ ഉൾപ്പെടെ വലിയ ജനക്കൂട്ടമെത്തി. സ്ഥാനാർത്ഥിത്വത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ പ്രിയങ്കയെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മൂന്നിടങ്ങളിലും അരമണിക്കൂറോളം നീണ്ട പ്രസംഗങ്ങളിൽ കേന്ദ്ര സർക്കാർ നയങ്ങളെ പ്രിയങ്ക നിശിതമായി വിമർശിച്ചു.

കോഴിക്കോട് തിരുവമ്പാടിയിലെ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12.30ഓടെ അരീക്കോട് തെരട്ടമ്മലിൽ ആയിരുന്നു മലപ്പുറത്തെ ആദ്യ പ്രചാരണ യോഗം.തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തായിരുന്നു പ്രിയങ്ക വേദിയിലേക്ക് എത്തിയത്. മുത്തുക്കുടയുടെ അകമ്പടിയോടെ പ്രവർത്തകർ പ്രിയങ്കയെ സ്വീകരിച്ചു. മമ്പാടിലെ പ്രചാരണ യോഗത്തിലേക്കുള്ള യാത്രാമദ്ധ്യേ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിലെ ഫുട്ബാൾ മത്സരം കാണാൻ പ്രിയങ്കയെത്തി. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ച പ്രിയങ്ക കളിക്കാരുമായി പരിചയപ്പെട്ടു. പ്രിയങ്കയുടെ വരവറിഞ്ഞ് നിരവധി പേർ തടിച്ചുകൂടി. ഹസ്തദാനം ചെയ്യാനും ഫോട്ടോയെടുക്കാനും തിരക്കുകൂട്ടി. കുണ്ടുതോട് പാലത്തിന് സമീപം വാഹനം ഒതുക്കിനിറുത്തിയ ശേഷം കൈവശം കരുതിയ ഉച്ച ഭക്ഷണം പ്രിയങ്ക കഴിച്ചു. ഉച്ചയ്ക്ക് രണ്ടോടെ മമ്പാടും വൈകിട്ട് അഞ്ചോടെ ചുങ്കത്തറയിലും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ എം.പി, ദീപാ ദാസ് മുൻഷി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, എ.പി. അനിൽകുമാർ എം.എൽ.എ, ഹൈബി ഈഡൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ആയതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നവംബര്‍ 1, 2 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നവംബര്‍ ഒന്ന് വെള്ളിയാഴ്ച്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ശനിയാഴ്ച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

2024 ഒക്ടോബർ 31, നവംബർ 01, 02 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍. സൈന്യം നിര്‍മിച്ച ടെന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കിയതായാണ് വിവരം. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈനിക പിന്മാറ്റം നടത്തിയത്. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ മേഖല സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.

സൈനിക പിന്മാറ്റം സ്ഥിരീകരിക്കും. ഇതിനു ശേഷം നാളെ പട്രോളിങ് പുനഃരാരംഭിക്കാനാണ് നീക്കം. 2020 ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മേഖലയില്‍ ഇരു സൈന്യവും പട്രോളിങ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ നാല് വര്‍ഷമായി തുടരുന്ന നയതന്ത്ര, സൈനിക ഭിന്നതകള്‍ക്ക് അവസാനം കുറിക്കുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് കരാറില്‍ കഴിഞ്ഞയാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് ധാരണയായത്. 2020 മെയ്-ജൂണ്‍ മാസങ്ങളില്‍ ഗാല്‍വാനില്‍ നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം വഷളായത്.

നിലമ്പൂർ പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍. പരിഭ്രാന്തരായ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. രാത്രി 9:30 ഓടെയാണ് സംഭവം. ശബ്ദം കേട്ട ജനങ്ങള്‍ ആശങ്കയിലായി.

ഭൂമിക്കടിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയും ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. സുരക്ഷ മുന്‍കരുതലുകളുടെ ഭാഗമായി ഇന്നലെ രാത്രി തന്നെ പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റി . 250 ഇല്‍ അധികം ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ഭൂമികുലുക്കം അല്ലെന്നും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉണ്ടായത് സ്വാഭാവിക പ്രതിഭാസം എന്നാണ്് പ്രാഥമിക വിലയിരുത്തല്‍
ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായും വിശദീകരണം. രണ്ടാഴ്ച മുന്‍പും ഇത്തരത്തില്‍ ശബ്ദം കേട്ടിരുന്നു. ജിയോളജി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പരിശോധനയും നടത്തി. ഭൂമിക്കടിയില്‍ പാറകള്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണെന്നും ആശങ്കപ്പെടേണ്ടെന്നുമാണ് അന്നവര്‍ പറഞ്ഞത്.

മലപ്പുറം : സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിനെതിരെ പൊലീസിൽ പരാതി. യൂത്ത് ലീഗ് പ്രവർത്തകനാണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. ഖാസി ഫൗണ്ടേഷനും പാണക്കാട് തങ്ങൾക്കും എതിരായ പ്രസംഗം സമൂഹത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ ഉണ്ടാക്കാനുള്ള വിദ്വേഷ പ്രസംഗമായി കണ്ട് കേസെടുക്കണമെന്നാണ് ആവശ്യം. പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി വിപി റിയാസ് ആണ് മലപ്പുറം എസ്പിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ഉമ്മർ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ വിമർശിച്ചു. സമസ്ത ജോയിൻ്റ് സെക്രട്ടറിയായ ഉമർ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിൻ്റ് സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമർ ഫൈസി മുക്കത്തിൻ്റെ നിലപാടെന്നും ഒരു ജനസദസിൽ പാണക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമർ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടിൽ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാൻ ശ്രമിച്ചാൽ, അങ്ങനെ ശ്രമിക്കുന്നവർ ചെറുതാവുമെന്നും വിമർശനമുണ്ട്. ഖാസി ഫൗണ്ടേഷനെ സമസ്ത നേതൃത്വം തള്ളിപ്പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഉമർ ഫൈസി അത് സംഘടനയിൽ പറയണം. പൊതുയോഗം വിളിച്ചു പറയുന്നത് കൈവിട്ട കളിയാണ്. ഈ രീതിയിൽ തുടർന്നാൽ അദ്ദേഹത്തെ നേതൃത്വം നിയന്ത്രിക്കാൻ നിർബന്ധിക്കപ്പെടും. വിഷയം ചർച്ച ചെയ്യാൻ മുശാവറ വിളിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.

ജറുസലേം: പലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യവികസനത്തിനും പിന്തുണ നൽകുന്ന ഐക്യരാഷ്ട്രസഭാ ഏജൻസിയായ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) നിരോധനം ഏർപ്പെടുത്തി ഇസ്രയേൽ. ഏജൻസിയിലെ ഏതാനും പേർ ഹമാസ് അംഗങ്ങളാണെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കുണ്ടെന്നും പറഞ്ഞാണ് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തുന്ന നിയമം ഇസ്രയേൽ പാർലമെന്റിൽ പാസാക്കിയത്.

വടക്കൻ ഗസയിലെ ജനവാസ മേഖലയിലും അഭയാർഥി ക്യാമ്പിലും ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വ്യാപക നഷ്ടം റിപ്പോർട്ട് ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് യുഎൻ ഏജൻസിയെ വിലക്കിയത്. തിങ്കളാഴ്ചത്തെ ആക്രമണത്തെ തുടർന്ന് ഒരു ലക്ഷത്തോളം പലസ്തീനികളാണ് മേഖലയിൽ കുടുങ്ങിയിരിക്കുന്നതെന്നും 19 പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഹമാസ് പുനഃസംഘടിക്കാതിരിക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ പറഞ്ഞു.

വടക്കൻ ഗസയില്‍ ഇസ്രയേൽ ആക്രമണം രൂക്ഷമായിരിക്കെ സഹായ ഏജൻസിക്ക് മൂന്ന് ആഴ്ചയായി പ്രദേശത്തേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണം, മരുന്ന് ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇവിടെ ആളുകൾക്ക് ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിനിടെ ഇസ്രയേൽ, യു എൻ ഏജൻസിക്കുമേൽ ഏർപ്പെടുത്തിയ നിരോധനത്തിൽ എതിർപ്പ് അറിയിച്ച് യുകെ, ആസ്ട്രേലിയ, ബെൽജിയം ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വയനാട് ലോക്സഭ മണ്ഡലത്തിൽ 16 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷം മത്സര രംഗത്തുള്ളത്. പാലക്കാട് ലോക്സഭ മണ്ഡലത്തിൽ  12 സ്ഥാനാർത്ഥികളും ചേലക്കരയിൽ 7 സ്ഥാനാർത്ഥികളുടെയും പത്രികകളാണ് സ്വീകരിച്ചത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 നാണ്.

വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അജിത്ത് കുമാര്‍, സി, ഇസ്മയില്‍ സബിഉള്ള, എ. നൂര്‍മുഹമ്മദ്, ഡോ. കെ പത്മരാജന്‍, ആര്‍ രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിംഗ് യാദവ് എന്നിവരുടെ പത്രികയാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിലുള്ളത്.

പാലക്കാട് മണ്ഡലത്തിൽ സൂക്ഷ്മ പരിശോധനയില്‍ 4 പേരുടെ പത്രിക തള്ളി. 12 സ്ഥാനാർത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാരുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി), സരിന്‍. പി (എല്‍.ഡി.എഫ് സ്വതന്ത്രന്‍), സി. കൃഷ്ണകുമാര്‍ (ബി.ജെ.പി), രാഹുല്‍.ആര്‍ മണലാഴി വീട് (സ്വതന്ത്രന്‍), ഷമീര്‍.ബി (സ്വതന്ത്രന്‍), രമേഷ് കുമാര്‍ (സ്വതന്ത്രന്‍), സിദ്ധീഖ്. വി (സ്വതന്ത്രന്‍), രാഹുല്‍ ആര്‍ വടക്കാന്തറ (സ്വതന്ത്രന്‍), സെല്‍വന്‍. എസ് (സ്വതന്ത്രന്‍), കെ. ബിനുമോള്‍ (സി.പി.ഐ.എം- ഡെമ്മി), രാജേഷ് എം (സ്വതന്ത്രന്‍), എന്‍.ശശികുമാര്‍ (സ്വതന്ത്രന്‍) എന്നിവരാണ് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍.

സൂഷ്മ പരിശോധ പരിശോധന പൂർത്തിയായപ്പോൾ ചേലക്കരയിൽ 7 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. യു ആര്‍ പ്രദീപ് (സിപിഎം), കെ ബാലകൃഷ്ണൻ (ഭാരതീയ ജനതാ പാര്‍ട്ടി), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) എന്നിവരാണ് മുന്‍നിരയിലുള്ള ചേലക്കരയിലെ സ്ഥാനാര്‍ത്ഥികള്‍.

തിരുവനന്തപുരം : വാഹനങ്ങളുടെ എണ്ണത്തില്‍ കേരളം പത്താമതാണെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ രണ്ടാം സ്ഥാനത്ത്. മൊബൈല്‍ ഫോണ്‍ വഴിയും, എ.ഐ. ക്യാമറകളിലൂടെയും പിഴചുമത്താൻ കഴിയുന്ന ഇ-ചെലാൻ സംവിധാനം നിലവില്‍വന്നശേഷം 92.58 ലക്ഷം കേസുകളാണ് പോലീസും മോട്ടോർവാഹനവകുപ്പും എടുത്തത്. 1.06 കോടി കേസുകളുള്ള ഉത്തർപ്രദേശാണ് ഒന്നാമതുള്ളത്. 90 ലക്ഷം കേസുകളുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുണ്ട്.

2020-ലാണ് സംസ്ഥാനത്ത് ഇ-ചെലാൻ സംവിധാനം നടപ്പായത്. കഴിഞ്ഞവർഷം എ.ഐ. ക്യാമറകള്‍ നിലവില്‍വന്നതോടെ പിഴ ചുമത്തലിന്റെ വേഗംകൂടി. കേസെടുക്കുന്നതില്‍ ഒരുപടി മുന്നില്‍ മോട്ടോർവാഹനവകുപ്പാണ്. 52.45 ലക്ഷം കേസുകള്‍ മോട്ടോർവാഹനവകുപ്പ് എടുത്തിട്ടുള്ളപ്പോള്‍ പോലീസിന് 40.30 ലക്ഷം കേസുകളാണുള്ളത്. അതേസമയം പിഴചുമത്തുന്നതില്‍ മറ്റ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പോലീസാണ് മുന്നിലുള്ളത്. ഉത്തർപ്രദേശില്‍ 95.50 ലക്ഷം കേസുകളും പോലീസിന്റേതാണ്. 11.04 ലക്ഷം കേസുകള്‍ മാത്രമാണ് ഗതാഗത വകുപ്പിനുള്ളത്.

സ്മാർട്ട് ഫോണുകള്‍ വ്യാപകമായതും എ.ഐ. ക്യാമറകളുമാണ് സംസ്ഥാനത്തെ ഇ-ചെലാൻ ചുമത്തല്‍ വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥർക്ക് മൊബൈല്‍ ഫോണ്‍ ആപ്പിലൂടെ ഗതാഗത നിയമലംഘനങ്ങള്‍ പകർത്തി പിഴചുമത്താനാകും. മൊബൈല്‍ നെറ്റ്വർക്കിന്റെ പരിമിതിയും മറ്റു സംസ്ഥാനങ്ങളില്‍ ഇ-ചെലാൻ ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇ-ചെലാൻ സംവിധാനം വന്നതിനുശേഷം പിഴവരുമാനത്തിലും വർധനയുണ്ട്. 526 കോടി രൂപയുടെ പിഴചുമത്തിയതില്‍ 123 കോടിരൂപ പിഴയായി ലഭിച്ചിരുന്നു.

ഇ-ചെലാൻ വഴിയുള്ള പിഴകള്‍ കൃത്യമായി അടച്ചില്ലെങ്കില്‍ കോടതി കയറേണ്ടിവരും. 30 ദിവസത്തിനുശേഷം കേസ് വെർച്വല്‍ കോടതിക്ക് കൈമാറും. പിഴ വിധിച്ചാല്‍ ഓണ്‍ലൈനില്‍ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം ലഭിക്കും. അടച്ചില്ലെങ്കില്‍ കേസ് ചീഫ് ജുഡീഷ്യല്‍ കോടതിക്ക് കൈമാറും. വാഹനരേഖകളില്‍ ഉടമയുടെ മൊബൈല്‍ നമ്ബർ കൃത്യമായി രേഖപ്പെടുത്തുകയും പിഴചുമത്തിയ സന്ദേശം ലഭിച്ചാലുടൻ ഓണ്‍ലൈൻ പിഴ അടയ്ക്കുകയുമാണ് സുരക്ഷിതമാർഗം

കോഴിക്കോട്: കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വച്ച് കെ.ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍  സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരില്‍  നിന്നും ഉണ്ടാവേണ്ടതെന്നും പരസ്പരം ഐക്യത്തിനും സൗഹാര്‍ദത്തിനും ഭംഗം വരുത്തുന്ന വിധം പൊതു വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 59,000 കടന്നു. ഇന്ന് 480 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ആദ്യമായി 59,000 തൊട്ടത്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ഇന്നലെ 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.