Author

admin

Browsing

കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ചൊവ്വാഴ്ച്ച(നാളെ) മുതൽ പ്രാബല്യത്തിൽ. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. .ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്.

4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് പ്രത്യേകമായ കാർഡ് വിതരണം ചെയ്യും.

70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ?

അപേക്ഷ സമർപ്പിക്കുന്നതിനായി PMJAY സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കിൽ csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
2. അടുത്തുള്ള CSC വഴി അപേക്ഷ നൽകാം
3. https://beneficiary.nha.gov.in സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാം.

സർക്കാരിൻ്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ ലഭിക്കും?

1. ആരോഗ്യ പരിരക്ഷയ്ക്കായി 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (AB PM-JAY) കീഴിൽ ഒരു പ്രത്യേക കാർഡ് ലഭിക്കും.

2. AB PM-JAY-ന് കീഴിൽ ഇതിനകം പരിരക്ഷിതരായവരുടെ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് പ്രത്യേകമായി പ്രതിവർഷം 5 ലക്ഷം രൂപ അധികമായി ലഭിക്കു.

3. മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളിൽ നിന്ന് ഇതിനകം പ്രയോജനം നേടുന്ന മുതിർന്ന പൗരന്മാർക്ക് ഒന്നുകിൽ അവരുടെ നിലവിലെ പ്ലാനിൽ തുടരാം അല്ലെങ്കിൽ AB PM-JAY പ്രകാരം കവറേജ് തിരഞ്ഞെടുക്കാം.

4. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണെന്ന് പ്രസ്താവനയിൽ പറയുന്നു.

5. സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനുകൾക്കായി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഇത് വാ​ഗ്ധാനം ചെയ്യുന്നു.

6. കുടുംബാംഗങ്ങളുടെ പ്രായം പരിഗണിക്കാതെ, 12.34 കോടി കുടുംബങ്ങളിൽ നിന്നുള്ള 55 കോടി ആളുകൾക്ക് ഈ പദ്ധതി പരിരക്ഷ ഉറപ്പാക്കുന്നു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 7315 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 58,880 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരവും കുറിച്ചു. ഇതിന് ശേഷമാണ് ഇന്ന് വില താഴ്ന്നത്.

സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ വിലയിരുത്തുന്നത്.

നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

മലപ്പുറം : കെ എസ് ആർ ടി സി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു, ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത് . യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ് പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്.

മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

മലപ്പുറം: മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫൈസി മുക്കം വിമർശിച്ചു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തത്തിലാണ് വിമർശനം. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിരു വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

സാദിഖലി തങ്ങൾ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തി. സിഐസി(കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം ഓ‍ർമപ്പെടുത്തി. ഖാളി ഫൗണ്ടേഷന്റെ അർത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും കൂട്ടിച്ചേ‍ർത്തു.

നിലമ്പൂർ : മേഖലയിൽ മഴയ്ക്കാെപ്പം വീശിയ കാറ്റിൽ വ്യാപക നാശം. കെഎൻജി പാതയിൽ വടപുറം, നിലമ്പൂർ, കോടതിപ്പടി, ബസ് സ്റ്റാൻഡ്, പരിസരം എന്നിവിടങ്ങളിൽ മരങ്ങളുടെ കൊമ്പുകൾ പൊട്ടിവീണു. ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന എത്തി  മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജ്, ടി.കെ.നിഷാന്ത്, ഒ.സൂരജ്, വി.യു.റുമേഷ്, കെ.മനേഷ്, എം.എസ്.അനിൽകുമാർ, പി.വിജേഷ് എന്നിവർ നേതൃത്വം നൽകി. പലയിടങ്ങളിലും കൃഷിനാശമുണ്ട്. പട്ടരാക്കയിൽ തെങ്ങ് മുറിഞ്ഞു വീണു മതിൽ ഭാഗികമായി തകർന്നു. ഭാഗ്യം കൊണ്ടാണ് വീടിനു മീതെ വീഴാതിരുന്നത്.

മലപ്പുറം: താനൂരില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ താനൂര്‍ മീനടത്തൂരിന് സമീപമാണ് സംഭവം. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിന്‍സിയ(24)യാണ് മരിച്ചത്. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയില്‍ തട്ടിയാണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഡൽഹി: രാജ്യത്തെങ്ങും ഡിജിറ്റൽ അറസ്റ്റുകൾ മൂലമുള്ള ചതിക്കുഴികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്ത്. ‘വെയ്റ്റ്, തിങ്ക് ആൻഡ് ആക്ഷൻ’ എന്ന രീതി പരിചയപ്പെടുത്തി, സ്വയം ചതിക്കുഴികൾ മനസിലാക്കി പ്രവർത്തിക്കാൻ പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ആവശ്യപ്പെട്ടു.

ഡിജിറ്റൽ അറസ്റ്റുകൾ ഗുരുതരമായ ഒരു വിഷയമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘ഇങ്ങനെയൊരു പദമോ സിസ്റ്റമോ നിയമത്തിലും മറ്റൊന്നിലുമില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ തീർച്ചയായും നമ്മുടെ സമൂഹത്തിന്റെ ശത്രുക്കൾ തന്നെയാണ്. വിവിധ അന്വേഷണ ഏജൻസികൾ, സംസ്ഥാനങ്ങളുമായി ഒരുമിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാനുളള ശ്രമത്തിലാണ്’; പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇവയ്ക്ക് പുറമെ എങ്ങനെയാണ് ജനങ്ങൾ പറ്റിക്കപ്പെടുന്നത് എന്ന് മനസിലാക്കാനായി ഒരു ഡെമോ വീഡിയോയും പ്രധാനമന്ത്രി കാണിച്ചു. ശേഷം ഒരു അന്വേഷണ ഏജൻസിയും ഫോണിലൂടെയോ, വീഡിയോ കോളിലൂടെയോ നിങ്ങളെ ബന്ധപ്പെടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റുകളെ എളുപ്പം പ്രതിരോധിക്കാൻ ‘വെയ്റ്റ്, തിങ്ക് ആൻഡ് ആക്ഷൻ’ എന്ന ഒരു പ്രതിരോധ രീതിയും മോഡി ജനങ്ങൾക്ക് പറഞ്ഞുനൽകി. വെയ്റ്റ് എന്നാൽ പരിഭ്രാന്തരാകാതിരിക്കുക, എടുത്തുചാടി തീരുമാനങ്ങൾ എടുക്കാതിരിക്കുക എന്നതാണ്. വ്യക്തിപരമായ കാര്യങ്ങൾ ഒരാളുമായും പങ്കുവെക്കരുതെന്നും പറ്റിയാൽ സ്ക്രീൻ ഷോട്ടുകൾ എടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിങ്ക് എന്ന അടുത്ത ഘട്ടത്തിൽ രാജ്യത്തെ ഒരു അന്വേഷണ ഏജൻസിയും ഒരാളെയും ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ വിളിക്കില്ല എന്ന അവബോധമാണ് വേണ്ടത്. ആക്ഷൻ എന്ന അടുത്ത ഘട്ടത്തിൽ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിക്കുകയാണ് വേണ്ടത്. കൂടെ കുടുംബാംഗങ്ങളെ അറിയിക്കുകയോ, പൊലീസിനെ അറിയിക്കുകയോ വേണം.

ഇസ്രേയലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനമാണ്. പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നു. ഇന്ത്യ സാമ്രാജ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദർശിച്ചു. രാഹുൽ ഗാന്ധിയുടെ വാക്കുകൾ അമേരിക്കയെ പ്രീണിപ്പിക്കുന്നത് ആണ്. പുന്നപ്ര വയലാർ സമര വാരാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്യ്ര സമരത്തിൽ ഒരു പങ്കും വഹിക്കത് ആളുകളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കൊടിയ പീഡനങ്ങൾ നേരിട്ട് നിരവധി പേർ ജയിലിൽ കിടന്നിട്ടുണ്ട്. സവർക്കർ ആൻഡമാൻ ജയിലിൽ എത്തിയപ്പോ ആദ്യം ചെയ്തന് മാപ്പ് എഴുതി നൽകിയതാണ്. അദ്ദേഹത്തെ ആണ് ചിലർ വീർ സവർക്കർ എന്ന് വിളിക്കുന്നത്. ബ്രിട്ടീഷ്കാർകൊപ്പമായിരുന്നു സംഘപരിവർ
ആ ചരിത്രം തിരുത്തിയെഴുതാനാണ് ഇന്ന് കേന്ദ്രം ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

(photo credits: times now)

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഡിഎംകെ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണ്. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം.

സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും വിജയ് പ്രസംഗത്തിൽ പരാമര്‍ശിച്ചുകൊണ്ട് വന്നത് താൻ തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും സൂചിപ്പിച്ചു. എന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്നും അധികാരത്തിന്‍റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നൽകുമെന്നും വിജയ് പറഞ്ഞു. ഡിഎകെയുടെയും എഐഎഡിഎംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ ഇടം വേണമെന്ന് ഡിഎംകെ സഖ്യ കക്ഷികൾ വാദിക്കുന്നതിനിടെയാണ് വിജയുടെ പ്രഖ്യാപനം. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കളെന്നും പ്രായോഗിക പ്രഖ്യാപനങ്ങള്‍ മാത്രമേ നടത്തുവെന്നും വിജയ് പറഞ്ഞു.

രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. 2026ലെ തെരഞ്ഞെടുപ്പിൽ ടിവികെ ചിന്ഹനത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടും പ്രസംഗത്തിൽ വിജയ് പരാമര്‍ശിച്ചു.

ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്.. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടാണ് വിജയ് സംസ്ഥാന സമ്മേളനത്തിൽ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. ആരുടെയും വിശ്വാസത്തെയും എതിര്‍ക്കില്ലെന്നും വിജയ് പറഞ്ഞു. ഉയിര്‍ വണക്കം ചൊല്ലിയാണ് വിജയ് പ്രസംഗം ആരംഭിച്ചത്. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തിൽ താനൊരു കുട്ടിയാണ്. പക്ഷേ ഭയമില്ലാതെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. ഒരു കുട്ടി അമ്മ എന്ന് ആദ്യമായി വിളിക്കുമ്പോള്‍ അമ്മയ്ക്ക എന്ത് സന്തോഷമായിരിക്കും ലഭിക്കുക. കുട്ടിക്ക് മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ ആ പാമ്പിനോടും കുട്ടി അതുപോലെ ചിരിക്കും. എന്നിട്ട് ആ കുട്ടി പാമ്പിനെ പിടിക്കും. ഇവിടെ ആ പാമ്പാണ് രാഷ്ട്രീയം. ആ പാമ്പിനെ പിടിച്ച് കളിക്കുന്നതാണ് നിങ്ങളുടെ അവസരമെന്ന് വിജയ് പറഞ്ഞു. ഗൗരവത്തോടെയും പുഞ്ചിരിയോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങിയശേഷമാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ വീര വാള്‍ വിജയിക്ക് സമ്മാനിച്ചു.

സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ ജില്ലയിലെ നെയ്യാര്‍ ഡാം, അരുവിക്കര, പേപ്പാറ അണക്കെട്ടുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.