അരീക്കോട്: സമസ്ത സെന്റിനറി മഹാസമ്മേളനത്തിന്റെ സന്ദേശവുമായി പ്രസ്ഥാന നായകരും പ്രവർത്തകരും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ പ്രഫ. ഒമാനൂർ മുഹമ്മദ് സാഹിബിനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. വരാനിരിക്കുന്ന സെന്റിനറി മഹാസമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ചടങ്ങിൽ സമസ്ത സെന്റിനറിയുടെ ഉപഹാരവും സിറാജ് ദിനപത്രത്തിന്റെ പ്രത്യേക പതിപ്പും അദ്ദേഹത്തിന് കൈമാറി.
പതിറ്റാണ്ടുകളോളം സുന്നീ പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന പ്രഫ. ഒമാനൂർ മുഹമ്മദ്, സമസ്ത കേരള സുന്നീ യുവജന സംഘത്തിന്റെ (SYS) പ്രഥമ ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ പ്രസിഡന്റായിരുന്ന കാലയളവിലായിരുന്നു അദ്ദേഹം ഈ പദവി വഹിച്ചിരുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രവർത്തകനായ അദ്ദേഹം, ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബുമായുള്ള ആത്മബന്ധം കാരണം കുറച്ചുകാലം ഐ.എൻ.എല്ലിലും (INL) പ്രവർത്തിച്ചിരുന്നു. എന്നിരുന്നാലും രാഷ്ട്രീയ നിലപാടുകൾക്കപ്പുറം എക്കാലത്തും അടിയുറച്ച സുന്നീ വിശ്വാസിയായി നിലകൊണ്ട അദ്ദേഹം, റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ, ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്ലിയാർ, സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പ്രസ്ഥാന നായകരുമായി ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
തിരൂരങ്ങാടി പി.എസ്.എം.ഒ (PSMO) കോളേജിൽ നിന്നും അധ്യാപകനായി വിരമിച്ച അദ്ദേഹം, അരീക്കോട് മജ്മഅ് ദഅവാ കോളേജിന്റെ വളർച്ചയ്ക്കും പുരോഗതിക്കും നിസ്തുലമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. വിശ്രമജീവിതത്തിൽ കൂടുതൽ സമയവും വായനയ്ക്കായി മാറ്റിവെച്ചിരിക്കുന്ന പ്രഫസർ, സമസ്ത സെന്റിനറിയുടെ പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച് നേതാക്കളോട് ചോദിച്ചറിഞ്ഞു. ജനുവരി 28, 29, 30, 31 തീയതികളിൽ കൂരിയാട് വാദീ ഹറമൈനിൽ വെച്ച് നടക്കുന്ന സെന്റിനറി മഹാസമ്മേളനത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം, സമ്മേളനത്തിന്റെ വിജയത്തിനായി ആശംസകളും പ്രാർത്ഥനകളും നേർന്നാണ് സംഘത്തെ യാത്രയാക്കിയത്.

Comments are closed.