Author

Nuhman Areekode

Browsing

വാഴക്കാട്: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്ററും പി.എച്ച് ഫൗണ്ടേഷൻ എടവണ്ണപ്പാറയും സംയുക്തമായി പി.എച്ച് അബ്ദുള്ള മാസ്റ്ററുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ‘സഫീനത്ത്’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസൺ-3 സമാപിച്ചു. വാഴക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.പി.എം ബഷീർ അധ്യക്ഷത വഹിച്ചു. ഇശൽകൂട്ടം സംസ്ഥാന പ്രസിഡന്റും പി.എച്ച് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ സാബിഖ് കൊഴങ്ങോറൻ മുഖ്യപ്രഭാഷണം നടത്തി. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവൻ വിളയിൽ മുഖ്യാതിഥിയായിരുന്നു. പി.എച്ച് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് മോട്ടമ്മൽ മുജീബ് മാസ്റ്റർ, അക്കാദമി ട്രഷറർ കണ്ണാംപുറത്ത് ബഷീർ, മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ കെ.സി അബുട്ടി ഹാജി എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 31 മത്സരാർത്ഥികൾ മാറ്റുരച്ചു. ജൂനിയർ വിഭാഗത്തിൽ ആയിഷ സനം കൊളമ്പലം (പി.എച്ച് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ, എടവണ്ണപ്പാറ), മുഹമ്മദ് നിഹാൽ എന്നിവർ ഒന്നാം സ്ഥാനവും, ഭക്ഷയ് ഇലാഹ് ഒതായി രണ്ടാം സ്ഥാനവും, ഫിയ മെഹറീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ ഷെഹസ മറിയം ഒന്നാം സ്ഥാനവും, റിയ ഫാത്തിമ എൽ.കെ.സി ആക്കോട് രണ്ടാം സ്ഥാനവും, യുംന ഫാത്തിമ ചീക്കോട് മൂന്നാം സ്ഥാനവും നേടി. വിധികർത്താക്കളായ ഹംസ കൊണ്ടോട്ടി, ഹമീദ് മാസ്റ്റർ പറപ്പൂർ, ഭാരവാഹികളായ ബീരാൻ ആക്കോട്, കുഞ്ഞാമു കാരാട്, സി.ടി അയമു അഴിഞ്ഞിലം, ഇഖ്ബാൽ മുഹമ്മദ്, കെ.എം ജമീല ടീച്ചർ, അലി വെട്ടുപാറ, താഹിറ മുണ്ടുമുഴി, സാജിദ കൊളമ്പലം, ഫൗസിയ കാരങ്ങര, എം.എ നാസർ ആക്കോട്, അസ്‌കർ വാഴക്കാട്, അൻവർ വാഴക്കാട്, ന്യൂസ്രിയ നീറാട്, ബുഷ്‌റ, സമീർ പള്ളിപ്പുറായി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മഞ്ചേരി: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്യാൻസർ വിഭാഗം ഒ.പി. (Oncology Department OP) ഒക്ടോബർ, നവംബർ മാസങ്ങളിലെ ചില ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ല എന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.  

ഒക്ടോബർ 27, 29, 30 തിയതികളിലും നവംബർ 2, 3, 5, 6 തിയതികളിലുമാണ് ഒ.പി. വിഭാഗം പ്രവർത്തിക്കാത്തത്. വിവിധ ആവശ്യങ്ങൾക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഈ മാറ്റം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കുനിയിൽ: കുനിയിൽ അൽ അൻവാർ സ്കൂളിൽ നിർമ്മിക്കുന്ന ടർഫ് കം ഓപ്പൺ സ്റ്റേജിനുള്ള ഫണ്ടിലേക്ക് അധ്യാപകരുടെയും ജീവനക്കാരുടെയും വിഹിതമായ ഒന്നര ലക്ഷം രൂപ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് പ്രതിനിധികളിൽ നിന്ന് നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ തുകയുടെ ചെക്ക് ഏറ്റുവാങ്ങി.

ചടങ്ങിൽ മാനേജ്മെന്റ് ട്രഷറർ ഷബീർ ബാബു, പി.ടി.എ പ്രസിഡന്റ് അസ്സൈൻ വി.പി, മാനേജ്മെന്റ് പ്രതിനിധി അൻവർ പി.പി, പ്രധാനാധ്യാപകരായ യൂസഫ് കെ, ചന്ദ്രദാസ് കെ, അഡ്മിനിസ്ട്രേറ്റർ അബ്ദുറസാഖ്, എം.ടി.എ പ്രസിഡന്റ് സഹ്‌ല കെ.സി, പി.ടി.എ മെമ്പർ അത്തീഖ് റഹ്‌മാൻ, സ്റ്റാഫ് സെക്രട്ടറി അബ്ദു ലത്തീഫ്, ഡെപ്യൂട്ടി എച്ച്.എം റുഖിയ എ.പി, അധ്യാപകനായ മുസ്തഫ കെ.കെ എന്നിവർ സംസാരിച്ചു. റസീന ടി.പി, ഷബാന പി.ടി, ഫഹ്മിന ടി, നഫ്‌ലത്ത് കെ, ഷബീർ പി.ടി, ശിഫ കെ.ടി, വീരാൻകുട്ടി, നസീബ കെ, തസ്‌ലീന എം.കെ, നസീം വി, ജംഷിറ, ഷഹനാസ്, ജംഷിയ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ഹയർസെക്കൻഡറി, പത്താം തരം തുല്യതാ കോഴ്സുകളിലേക്ക് 50 രൂപ പിഴയോടെ ഒക്ടോബർ 24 വരെ അപേക്ഷിക്കാം. ഹയർസെക്കൻഡറി തുല്യതയ്ക്ക് പത്താം ക്ലാസ് ജയിച്ചവർക്കും മുൻപ് ഹയർസെക്കൻഡറി പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി 22 വയസ്സാണ്. പത്താം തരം തുല്യതയ്ക്ക് ഏഴാം ക്ലാസ് ജയിച്ചവർക്കും 10-ൽ പരാജയപ്പെട്ടവർക്കും 7-നും 10-നും ഇടയിൽ പഠനം ഉപേക്ഷിച്ചവർക്കും ചേരാം.17 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. നാല്, ഏഴ് ക്ലാസുകളിലെ തുല്യതാ കോഴ്സുകളിലേക്കും അർഹരായവർക്ക് പ്രവേശനം നേടാം.

ഹയർസെക്കൻഡറി തുല്യതയ്ക്ക് 2600 രൂപയും (രജിസ്ട്രേഷൻ 300 രൂപ, കോഴ്സ് ഫീസ് 2300 രൂപ) പത്താം തരത്തിന് 1950 രൂപയുമാണ് (രജിസ്ട്രേഷൻ 100 രൂപ, കോഴ്സ് ഫീസ് 1850 രൂപ) ഫീസ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും രജിസ്‌ട്രേഷൻ ഫീസ് മാത്രം നൽകിയാൽ മതിയാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വഴി ചേരുന്നവർ ബന്ധപ്പെട്ട സെക്രട്ടറിയുടെ കത്ത് ഹാജരാക്കണം. നാല്, ഏഴ് തുല്യതാ കോഴ്‌സുകൾക്ക് ഫീസില്ല. എസ്.ബി.ഐ ചലാൻ മുഖേനയാണ് ഫീസ് അടയ്ക്കേണ്ടത്.
പത്താം തരം പത്ത് മാസവും ഹയർസെക്കൻഡറി രണ്ട് വർഷവുമാണ് കോഴ്സ് കാലാവധി. പഠിതാക്കൾക്ക് പാഠപുസ്തകങ്ങളും അവധി ദിവസങ്ങളിലെ സമ്പർക്ക ക്ലാസുകളും ലഭ്യമാകും. വിശദവിവരങ്ങൾക്ക് മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷൻ ഓഫീസുമായോ ഗ്രാമപഞ്ചായത്ത്/നഗരസഭ പ്രേരക്മാരുമായോ ബന്ധപ്പെടണം. ഫോൺ: 0483 2734670, 7907918949, 9446630185, 9447537164.

സ്കൂൾ കാലഘട്ടത്തിൽ തന്നെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി സിവിൽ സർവീസ് പോലുള്ള ഉയർന്ന പദവികളിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സിവിൽ സർവ്വീസ് ക്ലബ്ബ് ‘ ചിറക്’ ന്റെ ഉദ്ഘാടനം മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. ചടങ്ങിൽ അഡ്വ.എം. റഹ്മത്തുള്ള എം.എൽ.എ. അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സൺ ബീനാ ജോസഫ്, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വല്ലാഞ്ചിറ സക്കീർ, വാർഡ് കൗൺസിലർ വി.പി രാധാകൃഷ്ണൻ, മുൻസിപ്പൽ കൗൺസിലർമാരായ കെ.സി ഉണ്ണികൃഷ്ണൻ, വി.പി ഫിറോസ്, എ.വി പ്രജിത്ത്, ശ്രീകാന്ത്, ഷറീന ജവഹർ, മുൻ എം.എൽ.എ. യു.എ. ലത്തീഫ്, മുൻ ഡി.ജി.പി. സി. ശ്രീധരൻ നായർ, അഡ്വ. പി. എം സഫറുള്ള, അഡ്വ: ഫിറോസ് ബാബു, അഡ്വ. പി .ഇ രാജഗോപാൽ, വേദിക് ഐ.എ.എസ്. അക്കാദമി ചെയർമാൻ സൈമൺ തരകൻ, മഞ്ചേരി എ. ഇ. ഒ ആമിനാബീഗം കെ .എം തുടങ്ങി വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും നഗരസഭാ കൗൺസിലർമാരും അധ്യാപകരും പങ്കെടുത്തു.

2026-ൽ കേരളത്തിലെ ഏറ്റവും മികച്ച സർക്കാർ ഹൈസ്കൂളായി പൊതുവിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തത് മഞ്ചേരി ഗവ. ബോയ്സ് സ്കൂളിനെയാണ്. മികച്ച പ്രവർത്തനങ്ങളും ഭൗതിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഈ വർഷം സ്കൂളിന് ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷനും മോഡൽ സ്കൂൾ പദവിയും ലഭിച്ചിരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് വി. സിന്ധു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ പി.ആർ. കൃഷ്ണരാജ്, പി.ടി.എ. പ്രസിഡന്റ് കെ. ജവഹർ, സിജു .എസ് .കുമാർ, ഐഷ പി ജമാൽ, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

ചാലിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പോത്തുകല്ല് – ഇരുട്ടുകുത്തി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ഇരുട്ടുകുത്തി പാലം പരിസരത്ത് നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ചടങ്ങ് നിര്‍വഹിക്കും.

ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി രാധാൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. ഇന്നലെ (ഒക്ടോബര്‍ 16) കോഴിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ശേഷം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകീട്ട് 7.05 ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.

ഉപരാഷ്ട്രപതിയെ കേരള ഗവർണർ ആർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്,
ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ഉത്തരമേഖലാ ഐ.ജിയുടെ ചുമതല വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്, തുടങ്ങിയവർ ചേർന്ന് യാത്രയാക്കി.

മലപ്പുറം : മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല മൃഗസംരക്ഷണ അവാര്‍ഡുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന തലത്തില്‍ മികച്ച ക്ഷീരകര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാം എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വീതവും, മികച്ച സമ്മിശ്ര കര്‍ഷകന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ, മികച്ച പൗള്‍ട്രി കര്‍ഷകന്‍, യുവകര്‍ഷകന്‍, വനിതാ കര്‍ഷക/സംരംഭക എന്നിവര്‍ക്ക് അമ്പതിനായിരം രൂപ വീതവും അവാര്‍ഡ് നല്‍കും. ഒക്ടോബര്‍ 22 നകം അപേക്ഷിക്കണം. 

ജില്ലാതല അവാര്‍ഡുകളില്‍ മികച്ച ക്ഷീരകര്‍ഷകന് ഇരുപതിനായിരം രൂപയും മികച്ച സമ്മിശ്ര കര്‍ഷകന് പതിനായിരം രൂപയുമാണ് സമ്മാനത്തുക. അവാര്‍ഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോമും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ahd.kerala.gov.in-ലും സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.

അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഭൂമിയുടെ ന്യായവില പ്രശ്നത്തിന് പരിഹാരമാകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ടുതവണ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും നടപടി വൈകിയതിനെ തുടർന്ന് മലപ്പുറം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ നിവലിലെ സ്ഥിതിഗതികൾ വിശദീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് മന്ത്രി വിഷയം പരിഗണിക്കുകയും ഫയൽ ജില്ലാ കലക്ടർക്ക് കൈമാറി വിശദീകരണം തേടുകയും തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിഷയം വിശദമായി പരിശോധിക്കുകയും ചർച്ച നടത്തുകയും ചെയ്തു. ന്യായവില സംബന്ധിച്ച പ്രശ്നങ്ങൾക്കും പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അരീക്കോട്: യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി മലപ്പുറം, മഞ്ചേരി, അരീക്കോട്, കോഴിക്കോട് മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ ഓർഡിനറി പ്രിയദർശിനി സർവീസ് ആരംഭിച്ചു. അരീക്കോട് – കുനിയിൽ പാലം – തൃക്കലയൂർ വഴിയാണ് ഈ പുതിയ സർവീസ് കടന്നുപോകുന്നത്. എടവണ്ണപ്പാറ, എളമരം, കീഴ്പറമ്പ്, വാഴക്കാട്, ആക്കോട്, ഫാറൂഖ് കോളേജ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും. KSRTC അരീക്കോട് ഫാൻസ് ആണ് ഈ സമയവിവരപ്പട്ടിക പുറത്തുവിട്ടിട്ടുള്ളത്.

വിവിധ റൂട്ടുകളിലെ സമയവിവരങ്ങൾ താഴെ നൽകുന്നു:

മലപ്പുറം – അരീക്കോട് – കോഴിക്കോട്
(കുനിയിൽ പാലം – തൃക്കലയൂർ – കവിലട – ചെറുവാടി – മാവൂർ – മെഡി. കോളേജ് വഴി)

07:15 AM – മലപ്പുറം
07:45 AM – മഞ്ചേരി
08:15 AM – അരീക്കോട്
08:20 AM – ആസ്റ്റർ മിംസ് മദർ
08:30 AM – കുനിയിൽ
08:35 AM – തൃക്കലയൂർ
08:40 AM – ചെറുവാടി
08:55 AM – മാവൂർ
09:20 AM – മെഡി. കോളേജ്
09:45 AM – കോഴിക്കോട്

കോഴിക്കോട് – എടവണ്ണപ്പാറ – അരീക്കോട്
(മാവൂർ – എളമരം പാലം – കീഴ്പറമ്പ് പാലം – കുനിയിൽ പാലം)

10:20 AM – കോഴിക്കോട് പാളയം
10:40 AM – മെഡി. കോളേജ്
11:10 AM – മാവൂർ
11:15 AM – എളമരം പാലം
11:30 AM – എടവണ്ണപ്പാറ
11:45 AM – കീഴ്പറമ്പ്
11:50 AM – കുനിയിൽ
12:05 PM – അരീക്കോട്

അരീക്കോട് – എടവണ്ണപ്പാറ

12:40 PM – അരീക്കോട്
12:55 PM – കുനിയിൽ
01:00 PM – കീഴ്പറമ്പ്
01:15 PM – എടവണ്ണപ്പാറ

എടവണ്ണപ്പാറ – അരീക്കോട്

01:20 PM – എടവണ്ണപ്പാറ
01:35 PM – കീഴ്പറമ്പ്
01:40 PM – കുനിയിൽ
01:55 PM – അരീക്കോട്

അരീക്കോട് – എടവണ്ണപ്പാറ – കോഴിക്കോട്
(കുനിയിൽ – വാഴക്കാട് – ആക്കോട് – ഫാറൂഖ് കോളേജ്)

03:20 PM – അരീക്കോട്
03:35 PM – കുനിയിൽ
03:40 PM – കീഴ്പറമ്പ്
04:00 PM – എടവണ്ണപ്പാറ
04:05 PM – വാഴക്കാട്
04:20 PM – ആക്കോട്
04:45 PM – ഫാറൂഖ് കോളേജ്
05:30 PM – കോഴിക്കോട്

കോഴിക്കോട് – അരീക്കോട് – മഞ്ചേരി – മലപ്പുറം
(മെഡി. കോളേജ് – ചെറുവാടി – തൃക്കലയൂർ – കുനിയിൽ പാലം)

06:00 PM – കോഴിക്കോട് പാളയം
06:20 PM – മെഡി. കോളേജ്
06:50 PM – മാവൂർ
07:05 PM – ചെറുവാടി
07:15 PM – തൃക്കലയൂർ
07:20 PM – കുനിയിൽ
07:35 PM – അരീക്കോട്
08:05 PM – മഞ്ചേരി
08:30 PM – മലപ്പുറം

യാത്രക്കാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ

  • ബസ് സ്റ്റാൻഡ് ഇല്ലാത്ത പ്രദേശങ്ങളിൽ നൽകിയിട്ടുള്ളത് ഏകദേശ സമയക്രമം മാത്രമാണ്, അതിനാൽ ഇത്തരം സ്റ്റോപ്പുകളിൽ യാത്രക്കാർ അല്പം നേരത്തെ തന്നെ എത്തി കാത്തുനിൽക്കേണ്ടതാണ്.
  •  കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയുമായി ബന്ധപ്പെടാവുന്ന നമ്പർ: 9188933803.