Author

admin

Browsing

കീഴുപറമ്പ് : ഏറനാട് നിയോജകമണ്ഡലത്തിൽ പികെ ബഷീർ എം എൽ എയുടെ പ്രചരണ പരിപാടി പത്തനാപുരത്തെ പള്ളിപടിയിൽ സമാപിച്ചു. വയനാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കല്ലിങ്ങലിൽ നിന്ന് ആരംഭിച്ച് കീഴ്പറമ്പ്, അൻവാർ നഗർ, കുനിയിൻ ന്യൂ ബസാർ, തൃക്കളയൂർ, കുറ്റൂളി എന്നിവിടങ്ങളിൽ കൺവെൻഷൻ പരിപാടികളിൽ എത്തിയ ശേഷം പത്തനാപുരത്ത് സമാപിച്ചു.

പികെ ബഷീർ എം എൽ എ ഉദ്ഘാടനമറച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ശീറ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട്, ലൈല വനിത ലീഗ് സംസ്ഥാന സെക്രട്ടറി, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ഷഹർബാൻ, സംസ്ഥാന മഹിള ലീഗ് സെക്രട്ടറി ആമിന മൊൾ തുടങ്ങിയവർ പ്രസംഗിച്ചു.

യു ഡി എഫ്, പഞ്ചായത്ത്, ജില്ല തല നേതാക്കളായ കെടി അഷ്റഫ്, ഗഫൂർ കുറുമാടൻ, ഏറനാട് തിരഞ്ഞെടുപ്പ് ചെയർമാൻ അഡ്വ. കെ. അബ്ദുള്ളകുട്ടി, മണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ കെസിഎ ശുക്കൂർ, കീഴ്പറമ്പ് പഞ്ചായത്ത് ചെയർമാൻ പിപിഎ റഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞ് മുഹമ്മദ് എം.കെ, ഡിസിസി മെമ്പർ സി. അബ്ദുറഹിമാൻ മാസ്റ്റർ, എം കെ. ഫാസിൽ, ഷഫീഖലി എൻവി, ശരീഫ് എംപി എന്നിവരും നേതൃത്വം നൽകി. വാർഡ് മെമ്പർ എംപി. അബ്ദുറഹിമാൻ അധ്യക്ഷനായി. എ പി. ഹനീഫ സ്വാഗതവും ടി. മുഹമ്മദലി നന്ദിയും പറഞ്ഞു.

കുനിയിൽ : കെ എം ടൂൾസ് കുനിയിൽ, പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് സ്പോൺസർ ചെയ്ത ജെഴ്‌സി അൻഷാദ് കെ.എം ൽ നിന്നും ക്ലബ്ബ്‌ പ്രസിഡന്റ്‌ റിഷാദ് കെ.ടി, സെക്രട്ടറി നിസാർ കെ.പി, ഷഫീഖ് കെ എന്നിവർ ഏറ്റുവാങ്ങുന്നു.

കുനിയിൽ: പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവംബർ 1ന് കേരളപിറവി ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ഷബീർ പി പി, എക്സൈസ് മെഡൽ ജേതാവ് അബ്ദുറഹ്മാൻ കെ സി, ജെ ആർ എഫ് ഹോൾഡർ മിൻഹാജത്ത് കെ, എം ബി ബി എസ് അഡ്മിഷൻ നേടിയ മുഹമ്മദ്‌ ഷഹൽ, റാനിയ എം കെ എന്നിവരെ ആദരിച്ചു. കോടഞ്ചേരി ഗവ കോളേജ് പ്രിൻസിപ്പൽ ഡോ. വൈ സി ഇബ്രാഹിം ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. വായനശാല പ്രസിഡന്റ്‌ ഷുക്കൂർ ടി കെ അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി അഷ്‌റഫ്‌ മുനീർ കെ സ്വാഗതവും പി ടി ഹുസൈൻ നന്ദിയും പറഞ്ഞു. കുഞ്ഞാലിക്കുട്ടി കെ, ഗോപാലൻ പി, നിസാർ കെ പി, അലി കരുവാടൻ എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ പുതിയ സമയക്രമത്തില്‍ ഇന്ന് മുതല്‍ യാത്ര ആരംഭിച്ചു. യാത്രക്കാര്‍ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍ വേ അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍, രാജധാനി വീക്കിലി എക്‌സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ വീക്കിലി എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ് തുടങ്ങി കേരളത്തില്‍ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്. പത്തനംതിട്ട ഇടുക്കി പാലക്കാട്‌ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടുണ്ട്.

ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.

കോഴിക്കോട്: മറ്റ് കെഎസ്ആർടിസി ബസുകൾക്കൊപ്പം ഓടിത്തുടങ്ങാനൊരുങ്ങി നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ്. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എസി സർവീസായി നിരത്തിലിറങ്ങാൻ തയാറെടുക്കുകയാണ് ബസിപ്പോൾ. രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർ ഡീലക്‌സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ ആലോചന.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 16 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്. കേരള രാഷ്ട്രീയത്തിൽ നവകേരള ബസ് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ബസ്സിനുള്ളിൽ കയറി ബോധ്യപ്പെടാൻ മാധ്യമങ്ങൾക്ക് അവസരം നൽകിയിരുന്നു. നവകേരള യാത്രയ്ക്ക് ശേഷം, ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബംഗളുരുവിലേക്ക് സർവീസ് നടത്തിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ചപോലെ ലാഭമുണ്ടായില്ല.

നടക്കാവ് കെഎസ്ആർടിസി റീജിയണൽ വർക്ക്‌ഷോപ്പിൽ കട്ടപ്പുറത്തുകിടന്നിരുന്ന ബസ് ഇപ്പോൾ ഭാരത് ബെൻസിൻറെ ബസ് ബോഡി ബിൽഡിംഗ് നടത്തുന്ന ബംഗളുരുവിലെ വർക്ക് ഷോപ്പിലാണുള്ളത്. ബസിന് രൂപമാറ്റം വരുത്തി സർവീസ് നടത്താനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കും.

സ്വിഫ്റ്റ് സൂപ്പർ ഡീലക്‌സ് എസി ബസിൻറെ ടിക്കറ്റ് നിരക്കായിരിക്കും ഇതിനും ഉണ്ടാവുക. ഇതോടെ നിലവിലുള്ള നിരക്കിൻറെ പകുതിയായി കുറയും. ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും. നവകേരള ബസിൽ 26 സീറ്റാണ് ഉണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തുമെന്നാണ് വിവരം.

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോ​ഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലപ്പുറം: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ വി.ആർ.വിനോദ്. ഇത്തരം തട്ടിപ്പു നടത്തുന്നതിനായി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്.

സിലിണ്ടറുകളിൽ നിന്നു പാചകവാതകം ചോർത്തി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവനു വരെ അപകടങ്ങൾക്കു കാരണമാകുന്നതാണിത്.

ഇതുമായി ബന്ധപ്പെട്ട  ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിർത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

സിലിണ്ടറുകളിൽ മായം കലർത്തി ഏജൻസികളിൽ എത്തിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ഇൻഡേൻ ബോട്‌ലിങ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജറാണ് മലപ്പുറം  കലക്ടർക്കു നിവേദനം നൽകിയത്.

കോഴിക്കോട് ജില്ലയിലെ ഒരു പാചകവാതക വിതരണ ഏജൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവേദനം. പ്ലാന്റിൽനിന്നു കൊണ്ടുപോകുന്ന സിലിണ്ടറുകളിൽ മായം കലർത്തുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഐഒസി ബ്രാൻഡിനു മോശം പ്രതിഛായ ഉണ്ടാകുന്നതിനും വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതിനും ഇത് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഏതാനും മാസങ്ങളായി ദ്രാവക രൂപത്തിലുള്ള എന്തോ വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നതായാണു ഗ്യാസ് ഏജൻസി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സിലിണ്ടറുകൾ ലഭിച്ചതായും പ്ലാന്റിലെ ചില ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും ഇതിൽ ആരോപിച്ചിരുന്നു. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ചേളാരി ബോട്‌ലിങ് പ്ലാന്റിലെ യൂണിയൻ പ്രതിനിധികളും കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്.

ചെന്നൈ: സ്വകാര്യത ഒരു മൗലികാവകാശമെന്നും അതിൽ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉൾക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകൾ കോടതിയ്ക്ക് സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി. മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നൽകിയ മൊബൈൽ കോൾ രേഖകൾ നിരസിച്ചു കൊണ്ടായിരുന്നു കോടതി വിധി. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.

തെളിവുകൾ സ്വീകരിക്കുന്നതിന് ഇന്ത്യൻ കോടതികൾ ആരോപിക്കുന്ന കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇതിനു മുൻപ് ഇത്തരത്തിലുണ്ടായ കേസുകളും കോടതി ഉദ്ധരിച്ചു. 1984 ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം കുടുംബ കോടതികൾക്ക് അസ്വീകാര്യമായ തെളിവുകൾ സ്വീകരിക്കാൻ അനുവദിക്കുന്നു. കുടുംബ കോടതിക്ക് നൽകിയിട്ടുള്ള വിവേചനാധികാരം കോടതികൾക്ക് സ്വന്തം നിലയിൽ ഒഴിവാക്കലുകൾ വരുത്തുവാനും കഴിയില്ല. ക്രിമിനൽ കേസുകളിൽ നിയമവിരുദ്ധമായി ലഭിച്ച തെളിവുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 94-ാമത് റിപ്പോർട്ടും ജസ്റ്റിസ് സ്വാമിനാഥൻ പരാമർശിച്ചു.

വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. പങ്കാളികൾക്ക് പരസ്‌പര വിശ്വാസവും ഉണ്ടായിരിക്കണം. ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. വിവാഹ ബന്ധത്തിൽ ആയിരിക്കവേ ഒരാൾ മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നത് ദാമ്പത്യ ജീവിതത്തിൻ്റെ ഘടനയെ നശിപ്പിക്കുന്നു.

സ്ത്രീകൾക്കും അവരുടേതായ അവകാശങ്ങളുണ്ട്. സ്വകാര്യതാ അവകാശങ്ങൾ ലംഘിച്ച് ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഹർജി പരിഗണിക്കവെയാണ് കോടതി നീരിക്ഷണം.

ഒരു പവന്റെ വില 60000ന് അടുത്തേക്ക് ശരവേഗത്തില്‍ കുതിക്കുന്നതിനിടെ മാസത്തുടക്കത്തില്‍ വിലയില്‍ നേരിയ ആശ്വാസം. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,080 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ വീതവുമാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഗ്രാമിന് 7,385 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.

സ്വര്‍ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റോക്കറ്റ് കുതിപ്പിലായിരുന്നു. സ്വന്തം റെക്കോഡ് പല തവണ തിരുത്തിയ സ്വര്‍ണം ദീപാവലി ദിവസം സര്‍വകാല റെക്കോഡായ 59,640 എന്ന നിരക്കിലെത്തിയിരുന്നു. തുടര്‍ന്ന് വിലക്കയറ്റത്തിന്റെ ആനുകൂല്യം മുതലെടുത്ത് ആളുകള്‍ വന്‍ തോതില്‍ സ്വര്‍ണം വിറ്റഴിച്ചതോടെ വില കുറയുകയായിരുന്നു, രാജ്യാന്തര വില ഔണ്‍സിന് 2,800 ഡോളര്‍ വരെ എത്തുമെന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് സ്വര്‍ണവില 2,744 ഡോളറെന്ന നിരക്കിലേക്ക് താണത്.

തുടര്‍ന്നാണ് ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറയാനിടയായത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിഷ്ചിതത്വവും വില വീണ്ടും ഉയര്‍ത്താനിടയേക്കുമെന്നാണ് വിലയിരുത്തല്‍.