Author

admin

Browsing

അരീക്കോട് : അരീക്കോട് സർവീസ് സഹകരണ ബാങ്കും എം.സി.ടിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് വലിയ കല്ലുങ്ങൽ വാർഡ് മെമ്പർ കെ രതീഷും
വിദ്യാർത്ഥികൾക്കുള്ള നോട്ടു പുസ്തക വിതരണം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ഒ.എം അലിയും ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡിവൈഎഫ്ഐ വലിയ കല്ലുങ്ങൽ മുണ്ടമ്പ്ര യൂണിറ്റുകൾ ഉന്നത വിജയികൾക്ക് മൊമൻ്റോ വിതരണം നടത്തി. ഡിവൈഎഫ്ഐ വലിയ കല്ലുങ്ങൽ യൂണിറ്റ് സെക്രട്ടറി യാസിർ അമീൻ, മുണ്ടമ്പ്ര യൂണിറ്റ് സെക്രട്ടറി രാജേഷ്, മേഖല പ്രസിഡൻ്റ് വിഷ്ണു കെ പി, ഷരീഫ്, ഷാഫി സബീൽ, സുരേഷ്, കുഞ്ഞോയി, നാസർ, സാദിഖ്, മുരളീധരൻ, എന്തീൻ, മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. എം.സി.ടി സെക്രട്ടറി രമേഷ് സ്വാഗതവും പ്രസിഡൻ്റ് അമീർ നന്ദിയും പറഞ്ഞു.

വാഴക്കാട്: എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ ജന: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഡയറക്ടറും കൂടിയായ നൗഷാദ് വട്ടപ്പാറക്ക് ബാങ്ക് ഭരണസമിതിയും ജീവനക്കാരും സ്നേഹാദരവ് നൽകി. ബാങ്ക് പ്രസിഡണ്ട് സി.കെ ലത്തീഫ് സ്നേഹാദരവ് ഉപഹാരം നൽകി. ബാങ്ക് സെക്രട്ടറി മൻസൂർ എളമരം അധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.ഒ നൗഷാദ്, ഫൗമിറ എളമരം, നഫീസ, സഫിയ ആശംസകൾ നേർന്ന് സംസാരിച്ചു. ബേങ്ക് വൈസ് പ്രസിഡൻറ് ചെറുപാറ മുഹമ്മദ് ചടങ്ങിന് നന്ദിയും പറഞ്ഞു.

കീഴുപറമ്പ്: മുസ്ലിംലീഗ് തൃക്കളയൂർ കമ്മിറ്റി എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു, മദ്രസ പൊതുപരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അവാർഡ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻ് വി.പി സഫിയ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ. ജാഫർ മാസ്റ്റർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹ്‌ല മുനീർ, ഏഴാം വാർഡ് മെമ്പർ എം.പി അബ്ദുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.സി.എ ഷുക്കൂർ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ. അബൂബക്കർ മാസ്റ്റർ, രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് എൻ. കരീം മാസ്റ്റർ തുങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മൂന്നാം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി സി.കെ മുനീർ സ്വാഗതവും രണ്ടാം വാർഡ് വനിത ലീഗ് പ്രസിഡൻ്റ് സാബിറ ടീച്ചർനന്ദിയും പറഞ്ഞു.

നാല് പേർക്ക് പരിക്ക്

മഞ്ചേരി: മഞ്ചേരി – അരീക്കോട് റൂട്ടിൽ കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്. അപകടത്തിൽ ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽനിന്നു വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംദാന്റെ ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതൃസഹോദരി ഹസീന ബാനുവിന്റെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാൻ. തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അപകടം. ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്. ഹംദാന്റെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലും സാരമായി പരിക്കേറ്റ ഹാസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഖബറടക്കം ഞായറാഴ്ച ചെങ്ങര ജുമാ മസ്ജിദിൽ നടക്കും. മാതാവ്: സഫിയ

ചിത്രം: ഇൻസെറ്റിൽ മരണപ്പെട്ട ഹംദാൻ

അരീക്കോട്: രണ്ട് വ്യാഴവട്ടക്കാലത്തെ സേവനം പൂർത്തിയാക്കി അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ നിന്നും സൗമിനി ടീച്ചർ പടിയിറങ്ങി. 1968 അരീക്കോട്, മൂർക്കനാട് ജനനം. സ്കൂൾ വിദ്യാഭ്യാസവും ഹിന്ദി ടീച്ചർ ട്രയിനിങും പൂർത്തിയാക്കിയതിന് ശേഷം, 1991 മുതൽ 2000 വരെ മലപ്പുറം ജില്ലയിലെ തിരൂർ, എടവണ്ണ, ഒമാനൂർ, വഴക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ എംപ്ലോയ്മെൻ്റ് മുഖന്താരം അധ്യാപക ജോലിയിൽ പ്രവേശിച്ചു. 2000 ത്തിൽ PSC മുഖാന്തരം GHSS അരീക്കോട് ജോയിൻ ചെയ്തതു മുതൽ തുടർച്ചയായി 24 വർഷത്തെ സേവനത്തിന് ശേഷം സീനിയർ അസിസ്റ്റൻ്റ് തസ്തികയിൽ നിൽക്കെ 2024 മാർച്ച് 31ന് ജോലിയിൽ നിന്ന് വിരമിച്ചു.

ജോലി ചെയ്ത സ്ഥലങ്ങളിലല്ലാം വിദ്യാർത്ഥികൾക്ക് മികച്ച ഒരു അധ്യാപികയായിരുന്നു ടീച്ചർ. നിണ്ട 24 വർഷത്തെ സേവനത്തിന് ശേഷം പെരുമ്പറമ്പിൻ്റെ മണ്ണിൽ നിന്ന് പടി ഇറങ്ങുമ്പോൾ സ്കൂളിൻ്റെ അക്കാദമിക നിലാവരം ഉയർത്തുന്നതിലും ഏറെ പങ്ക് വഹിച്ച വ്യക്തിയും കൂടിയാണ് സൗമിനി ടീച്ചർ. കോഴിക്കോട് ചാത്തമംഗലത്താണ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവ് പ്രമനന്ദൻ, അതുൽ ടി.കെ, അർജുനൻ ടി.കെ എന്നിവർ മക്കളാണ്.

മലപ്പുറം : മഴക്കാലത്ത് ചാലിയാര്‍ പുഴയുടെ തീരങ്ങളിൽ ഉണ്ടാകാറുള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും നാശനഷ്ടങ്ങള്‍ കുറക്കുന്നതിനുമായി നിലമ്പൂരിലെ പോത്ത്കല്ലിൽ പ്രളയ നിയന്ത്രണ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ജലസേചന വകുപ്പ് തയ്യാറാക്കിയ പ്രൊപ്പോസലിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം അംഗീകാരം നല്‍കി. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തയ്യാറാക്കിയ മള്‍ട്ടി ഹസാര്‍ഡ് മിറ്റിഗേഷന്‍ ഡാം സാധ്യതാ പഠനത്തിനുള്ള പ്രൊപ്പോസല്‍ തുടര്‍ നടപടിക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് അയയ്ക്കാനും ജില്ലാ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സാധ്യതാ പഠനത്തിന് പോത്ത്കല്ല് പഞ്ചായത്ത് ഭരണ സമിതി നേരത്തെ അംഗീകാരം നല്‍കിയിരുന്നതാണ്.

പ്രളയ നിയന്ത്രണം, വരള്‍ച്ചാ സമയത്ത് സമീപ പ്രദേശങ്ങളില്‍ ശുദ്ധ ജലലഭ്യത ഉറപ്പാക്കല്‍, ടൂറിസം വികസനം, ജലസേചനം, ഫിഷ് ഫാമിങ്, കാട്ടുതീ തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങളും ചാലിയാര്‍ പുഴയില്‍ പോത്ത്കല്ല് പ്രദേശത്ത് അണക്കെട്ട് പണിയുന്നതിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. 2018, 19 വര്‍ഷങ്ങളിലെ പ്രളയം മലപ്പുറം ജില്ലയില്‍ ജീവഹാനി ഉള്‍പ്പെടെ ഏറ്റവും നാശനഷ്ടങ്ങള്‍ വരുത്തിയത് നിലമ്പൂര്‍ മേഖലയിലും ചാലിയാര്‍ നദീതടത്തിലുമാണ്. കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ തലങ്ങളിലുള്ള സമഗ്രമായ ശാസ്ത്രീയ പഠനം നടത്തിയ ശേഷമേ അണക്കെട്ട് സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. ഇതിന്റെ പ്രാഥമിക നടപടികള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തുടക്കം കുറിച്ചിരിക്കുന്നത്.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ കൃത്യമായ അളവ് ദിനേന പ്രാദേശികമായി ശേഖരിക്കുന്നതിന് ജില്ലയെ വിവിധ മേഖലകളായി തിരിച്ച് മഴ മാപ്പിനികള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രദേശവാസികളായ കര്‍ഷകരെയോ പ്രൊഫഷനലുകളെയോ കണ്ടെത്തി ചുരുങ്ങിയ ചെലവില്‍ മാന്വല്‍ റെയിന്‍ ഗേജുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസല്‍ വയനാട് ആസ്ഥാനമായുള്ള ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി എന്ന സ്ഥാപനമാണ് മുന്നോട്ട് വച്ചത്. വയനാട് ജില്ലയില്‍ ഇത് ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്.

വീട്, മറ്റ് കെട്ടിട നിര്‍മ്മാണ ആവശ്യത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി നല്‍കിയാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണോ മണ്ണ് നീക്കം ചെയ്യുന്നതെന്ന് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്ഥല പരിശോധന നടത്തി ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മുരളീധരന്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ പൊതുവിതരണ വകുപ്പ് ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂണ്‍ മൂന്നാം തീയതി മുതല്‍ വിവിധ വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം ആരംഭിക്കും.

അന്ത്യോദയ അന്ന യോജന (AAY) വിഭാഗത്തിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതുകൂടാതെ, 2 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

PHH കാര്‍ഡ് ഉള്ളവര്‍ക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവില്‍ നിന്നും 3 കിലോ കുറച്ച്, അതിന് പകരം 3 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.

മുന്‍ഗണന വിഭാഗത്തിന് (എന്നാൽ PHH അല്ല) കിലോയ്ക്ക് 4 രൂപ നിരക്കില്‍ ഓരോ അംഗത്തിനും 2 കിലോ അരി വീതം ലഭിക്കും. പൊതു വിഭാഗം സബ്സിഡി (NPS) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി ലഭിക്കും. കൂടാതെ, NPS കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.

പൊതു വിഭാഗം (NPNS) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 5 കിലോ അരി ലഭിക്കും. പൊതു വിഭാഗം സ്ഥാപനം (NPI) കാര്‍ഡ് ഉള്ളവര്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ 2 കിലോ അരി ലഭിക്കും.

ഏപ്രില്‍ – മെയ് – ജൂണ്‍ ത്രൈമാസ കാലയളവിൽ, വൈദ്യുതീകരിച്ച വീടുകളിലെ AAY (മഞ്ഞ) കർഡുകൾക്ക് 1 ലിറ്റർ മണ്ണണ്ണയും PHH (പിങ്ക്) കർഡുകൾക്ക് 0.5 ലിറ്റർ മണ്ണണ്ണയും വൈദ്യുതീകരിക്കാത്ത വീടുകളിലെ എല്ലാ വിഭാഗം കാർഡുകൾക്കും 6 ലിറ്റർ മണ്ണണ്ണയും ലഭിക്കുന്നതാണ്.

മലപ്പുറം: ചേലേമ്പ്രയിൽ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം കണ്ടെത്തി. പുള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പഞ്ചായത്ത് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് ഇന്ന് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് മുതലാണ് ചേലേമ്പ്ര സ്വദേശി പാറയിൽ ഫൈസലിന്റെ മകൻ എവി മുഹമ്മദ് ഫാദിലിനെ കാണാതായത്. കുട്ടി സമീപത്തെ ജലാശയങ്ങളിൽപ്പെട്ടോ എന്ന സംശയത്തിലാണ് പരിശോധന നടത്തിയിരുന്നത്. രാവിലെ മുതൽ സ്കൂബ ഡൈവിങ്ങ് സംഘം ഉൾപ്പെടെ ഫയർഫോഴ്സ് പരിശോധന നടത്തിയിരുന്നു. ഈ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അരീക്കോട്: സി.ഐ.ടി.യു സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കെ.സി.ഇ.യു അരീക്കോട് യൂണിറ്റ് കമ്മറ്റി അരീക്കോട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ പതാക ഉയർത്തി ആചരിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ടി മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.കെ. സുഭാഷ് സ്വാഗതം പറഞ്ഞു. ഇ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ അഭിവാദ്യം അർപ്പിച്ചു. കെ.സലീം നന്ദി പറഞ്ഞു.

തെരട്ടമ്മൽ: വിവിധ മത്സര പരീക്ഷൾക്ക് ഉദ്യോഗാർഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തെരട്ടമ്മൽ വാർഡിൽ ആരംഭിച്ച പിഎസ്‌സി കോച്ചിംഗിന് തുടക്കമായി. പിഎസ്‌സി വഴി ജോലിയിൽ പ്രവേശിച്ച തെരട്ടമ്മലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘാടനത്തിൽ ആരംഭിച്ച കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ ജമീല നജീബ് നിർവ്വഹിച്ചു. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷാഹിൽ ചെമ്പകത്ത് സ്വാഗതം പറഞ്ഞു. കോച്ചിംഗ് ക്യാമ്പിന്റെ പ്രധാന സംഘാടകരിൽ ഒരാളായ ഡാനിഷ് കരുവാടന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ പിഎസ്‌സി, യുപിഎസ്‌സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളുടെ സാധ്യതകളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ കെ ഷൗക്കത്തലി ആശംസയർപ്പിച്ച പരിപാടിക്ക് ഷബീർ ചെമ്പകത്ത് നന്ദിയും പറഞ്ഞു.